2016 മുതല്‍ 2024വരെ അനുവദിച്ചത് 700 പമ്പുകള്‍; 400 പമ്പുകള്‍ക്ക് എന്‍ഒസി കിട്ടാനുമുണ്ട്; പമ്പുകളുടെ അനുമതിക്ക് ആവശ്യമായ പല നിബന്ധനകളും കാറ്റില്‍ പറത്തുന്നു; കേരളത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതി; ശ്രീകണ്ഠപുരം തളിപ്പറമ്പ് പാതയോരത്തെ ആ ചെരവില്‍ എല്ലാമുണ്ട്; വിജിലന്‍സ് അന്വേഷിക്കുമോ?

Update: 2024-10-16 15:32 GMT

കൊച്ചി: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം ചര്‍ച്ചയാക്കുന്നത് പെട്രോള്‍ പമ്പ് അനുവദിക്കുന്നതിലെ അഴിമതി. ഇതേ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ അനുവദിച്ചിട്ടുള്ള എന്‍.ഒ.സികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി) മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നത്. ഗുരുതര ആരോപണമാണ് സംഘടന ഉന്നയിക്കുന്നത്. ഇപ്പോള്‍ തലങ്ങും വിലങ്ങും പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നുണ്ട്. ഇത് മുമ്പ് പരമ്പരാഗതമായി പമ്പ് നടത്തിയിരുന്നവരുടെ കച്ചവടത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് വസ്തുത.

എന്നാല്‍ പല പമ്പുകള്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നാണ് എ.കെ.എഫ്.പി.ടി ആരോപിക്കുന്നത്. എന്‍.ഒ.സി. അനുവദിക്കുന്നതില്‍ എ.ഡി.എമ്മുമാരും വ്യാപക അഴിമതി നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. സത്യസന്ധനായ നവീന്‍ ബാബുവും ഈ കാരണത്താലായിരിക്കാം ആരോപണ വിധേയന്‍ ആയതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പെട്രോള്‍ പമ്പുടമകള്‍ പറയുന്നുണ്ട്. മുമ്പും ഇത്തരം ചര്‍ച്ചകള്‍ പെട്രോള്‍ പമ്പുടമകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ പമ്പ് വരുന്നതിന്റെ വിരോധമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഗൗരവത്തോടെയാണ് ഈ വിഷയം ചര്‍ച്ചയാക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് എത്തിച്ച പമ്പിനുള്ള സ്ഥലം അതിന് യോജിച്ചതല്ലെന്ന വാദം ശക്തമാണ്.

പെട്രോള്‍ പമ്പുകളുടെ അനുമതിക്കാവശ്യമായ പല നിബന്ധനകളും കാറ്റില്‍ പറത്തിയാണ് പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നത്. കേരളത്തില്‍ ലാഭകരമായി ഒരു പമ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ 170 കിലോലിറ്റര്‍ വില്‍പ്പന നടന്നിരിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, 50 കിലോ ലിറ്റര്‍ മാത്രം വില്‍പ്പനയുള്ള പമ്പുകള്‍ക്ക് അരികില്‍ പോലും മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതിയ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കാറുണ്ടെന്ന് കത്തില്‍ പറയുന്നു. 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ പുതുതായി 700-ല്‍ അധികം പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്‍കിയിട്ടുണ്ട്.

എന്‍.ഒ.സി. ലഭിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതും എന്‍.ഒ.സിക്കായി കാത്തിരിക്കുന്നതുമായി 400 കേസുകള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ക്ക് പുതുതായി നല്‍കിയ എന്‍.ഒ.സികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണോയെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകണമെന്നാണ് എ.കെ.എഫ്.പി.ടി. ആവശ്യപ്പെടുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പെട്രോള്‍ പമ്പ് അപേക്ഷയില്‍ ദുരൂഹതയേറുകയാണ്. ഇമെയില്‍ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയില്‍ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിവാദം കത്തി നില്‍ക്കെ പമ്പ് ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന ആരോപണവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

പമ്പ് നിയമപരമായി അനുമതി നല്‍കാന്‍ കഴിയാത്ത സ്ഥലത്താണെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം, പമ്പിന്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. എഡിഎം നവീന്‍ ബാബുവിന് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഏറെ അവ്യക്തതകള്‍ ഉണ്ട്. പരാതിക്കാരനായ ടിവി പ്രശാന്തന്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ കണ്ടെത്തിയ ഭൂമി ശ്രീകണ്ഠപുരം തളിപ്പറമ്പ് പാതയോരത്താണ്. ഈ ഭൂമിക്ക് ചെരിവുണ്ടെന്നും അപകട മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് എഡിഎം എന്‍ഒസി നല്‍കാതിരുന്നതെന്ന് പ്രശാന്തന്‍ പറയുന്നു. ഇവിടെ പമ്പ് നിമിക്കുന്നതിന് പ്രധാന തടസ്സമായി പറഞ്ഞത് റോഡിന് ചെറിയ വളവുണ്ടെന്നാണ്. അതുകൊണ്ട് ഇവിടെ പമ്പ് നിര്‍മിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് എഡിഎം പറഞ്ഞിരുന്നു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ് എഡിഎം സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും അനുമതി നീണ്ടുപോയ ഘട്ടത്തിലാണ് പ്രശാന്ത് വീണ്ടും എഡിഎമ്മിനെ കാണുന്നത്. ഒടുവില്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മൊഴിയെടുത്തു നടപടികള്‍ തുടങ്ങി വരികയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ഇലക്ട്രീഷ്യനായി ജോലിചെയ്തു വരുന്ന പ്രശാന്തന്‍ സ്വയം സംരംഭം വേണമെന്ന തോന്നലിലാണ് പമ്പിനായി ശ്രമിച്ചതെന്നാണ് പറയുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങള്‍ പ്രശാന്തന്റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ പ്രാദേശിക നേതാക്കളടക്കം ബന്ധമുണ്ട്.

എന്നാല്‍ ഒരിക്കല്‍ പോലും തന്റെ പാര്‍ട്ടി ബന്ധം ഇതിനായി ഉപയോഗിച്ചിട്ടില്ല. ആകെ പരാതി പറഞ്ഞത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോടാണ്. സിപിഐയുടെ ജില്ലാ സെക്രട്ടറിയോടും പറഞ്ഞിരുന്നു. ഇവരെല്ലാം ആവശ്യപ്പെട്ടിട്ടും അകാരണമായി തന്റെ പദ്ധതി നീട്ടിക്കൊണ്ടുപോയെന്നും പ്രശാന്തന്‍ പരാതിയില്‍ പറയുന്നു. ഇതിനിടെയാണ് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയും ആരോപണമായി എത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനാണ് പ്രശാന്ത്. കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ അന്തരവനാണ് പ്രശാന്ത്. എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ്അടുത്ത ബന്ധുവാണ്.

പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നവീന്‍ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തന്‍ പറയുന്നത്. പല കാരണങ്ങളും പറഞ്ഞ് നവീന്‍ ബാബു അനുമതി വൈകിപ്പിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിര്‍വാഹമില്ലാതെ പൈസ നല്‍കിയെന്നും പ്രശാന്തന്‍ പറയുന്നു. കൈക്കൂലി നല്‍കുന്നതും കുറ്റകരമാമൈന്നിരിക്കെ അതും പ്രശാന്തന്റെ ജോലി പോകാന്‍ കാരണമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ പ്രശാന്ത് , പെട്രോള്‍ പമ്പ് ഏജന്‍സി എടുത്തത് ബിനാമി ആയിട്ടാണോ എന്നും സംശയിക്കുന്നുണ്ട്.

Tags:    

Similar News