പഠിക്കുമ്പോള്‍ കൂട്ടുകാരെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച വില്ലന്‍; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോള്‍ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങല്‍ പ്രഖ്യാപിച്ച് പൊലീസുകാരന്‍ ലഹരി വിരുദ്ധ പോരാളിയായി; ഇപ്പോള്‍ നായക പരിവേഷത്തില്‍ നിന്ന് പീഡനക്കേസ് പ്രതിയിലേക്ക്; ഫിലിപ്പ് മമ്പാടിന്റേത് അസാധാരണ വീഴ്ച

Update: 2026-02-14 05:36 GMT

കോഴിക്കോട്: റിയാലിറ്റി ഷോകളിലൂടെയും ലഹരിവിരുദ്ധ ക്ലാസുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന്റെ അറസ്റ്റ് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായതോടെ, ഒരു കാലത്ത് സമൂഹം നെഞ്ചിലേറ്റിയ നായകന്‍ വില്ലനായി മാറുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്തുന്നതിനും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുമായി ഒരു വര്‍ഷം മുന്‍പാണ് പെരിന്തല്‍മണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് സ്വയം വിരമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഈ വിശ്വാസത്തിലാണ് കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ കൊണ്ടാക്കിയത്. അവിടെ താമസിച്ച് വരികയായിരുന്ന കുട്ടിയെ, കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ കാസര്‍കോട്ടേക്ക് കൊണ്ടുപോവുകയും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ വെച്ച് പലതവണ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. ഇതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും ചേവായൂര്‍ പോലീസ് കേസ് എടുത്ത് നിലമ്പൂര്‍ പോലീസിന്റെ സഹായത്തോടെ ഫിലിപ്പിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഫിലിപ്പ് മമ്പാടും ഭാര്യ ഡോളിയും കേരളത്തിന്റെ പ്രിയങ്കരരായത്. അച്ഛനെ പേടിച്ച് പതിനാലാം വയസ്സില്‍ നാടുവിട്ടതും, മുംബൈയിലെയും ചെന്നൈയിലെയും തെരുവുകളില്‍ അലഞ്ഞതുമായ ഫിലിപ്പിന്റെ കഥ കേട്ട് അന്ന് മലയാളികള്‍ കണ്ണീര്‍വാര്‍ത്തു. റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചിനടിയില്‍ കിടന്നുറങ്ങിയ ആ ബാലന്‍ പിന്നീട് ഐ.ടി.ഐ. പഠിച്ച് പോലീസ് യൂണിഫോം അണിഞ്ഞത് വലിയൊരു അതിജീവനത്തിന്റെ കഥയായാണ് വാഴ്ത്തപ്പെട്ടത്. ഭാര്യയെക്കുറിച്ചും അമ്മയെക്കുറിച്ചും വാതോരാതെ സംസാരിച്ച ഫിലിപ്പിന്റെ ആ 'നന്മയുള്ള മുഖം' ഇന്ന് ജനങ്ങളില്‍ വലിയ വിദ്വേഷമാണ് ഉണ്ടാക്കുന്നത്.

മദ്യപാനം നിര്‍ത്താന്‍ പച്ചക്കുരുമുളക് ചവച്ചിറക്കിയ കഥ മുതല്‍ ആയിരക്കണക്കിന് കുട്ടികളെ ലഹരിയില്‍ നിന്ന് മോചിപ്പിച്ച കഥകള്‍ വരെ ഫിലിപ്പിന്റെ ക്രെഡിറ്റിലുണ്ടായിരുന്നു. ഋഷിരാജ് സിംഗും എം.ടി. വാസുദേവന്‍ നായരും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. മുന്‍പ് സര്‍വീസിലിരിക്കെ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഷന്‍ കിട്ടിയപ്പോള്‍, സോഷ്യല്‍ മീഡിയ ഒന്നടങ്കം അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. 'നല്ലവനായ പോലീസുകാരനെ മേലധികാരികള്‍ വേട്ടയാടുന്നു' എന്നായിരുന്നു അന്ന് പൊതുസമൂഹത്തിന്റെ മുറവിളി. അന്ന് ഫിലിപ്പിനെ പിന്തുണച്ച പൊതുസമൂഹം ഇപ്പോള്‍ അദ്ദേഹം ചെയ്ത ക്രൂരത കേട്ട് അമ്പരപ്പിലാണ്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയിലും മുന്‍പ് ഇദ്ദേഹം കുടുങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്നത് പോക്‌സോ ഉള്‍പ്പെടെയുള്ള ഗൗരവകരമായ കേസാണ്. താന്‍ നിരപരാധിയാണെന്നും കേസ് വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞെങ്കിലും, കുട്ടിയെ കാസര്‍കോട് കൊണ്ടുപോയ കാര്യം സമ്മതിച്ചിട്ടുണ്ട്. ലഹരിയുടെ ഇരുട്ടില്‍ നിന്ന് കുട്ടികളെ വെളിച്ചത്തിലേക്ക് നയിക്കുമെന്ന് അവകാശപ്പെട്ട ഒരാള്‍, തന്നെ വിശ്വസിച്ചേല്‍പ്പിച്ച പിഞ്ചുകുട്ടിയെ തന്നെ ഇരയാക്കിയ വാര്‍ത്ത കേരളം വന്‍ പ്രതിഷേധത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Similar News