'ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായ റിപ്പോര്‍ട്ട്; പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം'; അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് പൈലറ്റുമാരുടെ സംഘടന; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷവും
ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന കടുത്ത അമര്‍ഷത്തില്‍. പൈലറ്റുമാരില്‍ എല്ലാ കുറ്റവും ചാരാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് തള്ളണം എന്നതാണ് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം.
പുലര്‍ച്ചെ ഒന്നരയോടെ റിപ്പോര്‍ട്ട് പുറത്തുവന്നത് അസാധാരണമാണെന്നും ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നുമാണ് വിമര്‍ശനം. പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പിക്കാനാണ് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്നും ഇത് അട്ടിമറിയാണെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ദുരന്തത്തിലേക് വഴിവെച്ചതെന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തിയത്. അന്വേഷണം ഏകപക്ഷീയമാണെന്നും സുതാര്യത ഉറപ്പാക്കാനായിട്ടില്ലെന്നുമാണ് അസോസിയേഷന്റെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം പല സംശയങ്ങള്‍ക്കും കാരണമാക്കുന്നു.
അനുഭവസമ്പത്തുള്ള പൈലറ്റുമാര്‍ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗമായിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതും ദുരൂഹമാണെന്ന് സംഘടന ആരോപിച്ചു.
അന്വേഷണസംഘം കണ്ടെത്തിയ രേഖകളും റെക്കോര്‍ഡര്‍ വിവരങ്ങളും പുറത്തുവിടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് പിഴവുണ്ടായിരിക്കാമെന്ന മുന്‍വിധിയോടെയുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ശൈലി. സംഭവത്തിന്റെ പശ്ചാത്തലവും സാങ്കേതിക പിഴവുകളും വിലയിരുത്തി മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി
അതേസമയം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷവും രംഗത്തുവരുന്നത്. പൈലറ്റുമാരെ മാത്രം സംശയമുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. അന്വേഷണം കൂടുതല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെടും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം രണ്ട് ദിവസം മുന്‍പ് തന്നെ വിദേശ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതും ചര്‍ച്ചയാക്കും.
വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള സ്വിച്ചുകള്‍ നിലച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. വിമാനം പറന്നുയരുമ്പോള്‍ എങ്ങനെ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയെന്ന ചോദ്യമാണ് പൈറ്റുമരുടെ സംഘടന ഉന്നയിക്കുന്നത്. പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നതോടെ, പൈലറ്റുമാരുടെ പിഴവാണോ സാങ്കേതിക തകരാറാണോയെന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷവും രംഗത്ത് വരുന്നത്.
ആരും നിഗമനത്തിലേക്ക് എത്തരുതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വ്യോമയാന മന്ത്രി പ്രതികരിച്ചത്. പ്രാഥമിക അന്വേഷണ സംഘത്തില്‍ പൈലറ്റുമാരുടെ പ്രതിനിധി ഉണ്ടായില്ലെന്നതും റിപ്പോര്‍ട്ട് അവ്യക്തമെന്നതും പ്രതിപക്ഷം ഉയര്‍ത്തുന്നതോടെ വിഷയം രാഷ്ട്രീയ തര്‍ക്കത്തിലേക്ക് മാറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ടത്. അഹമ്മദാബാദില്‍നിന്ന് പറന്നുയര്‍ന്ന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ 'റണ്‍' എന്ന നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടിലുണ്ട്.
പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തില്‍, എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടി പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള 56 വയസകാരന്‍ സുമീത് സബര്‍വാളാണ് വിമാനം പറത്തിയിരുന്നത്. 32 വയസ്സുള്ള ക്ലൈവ് കുന്ദര്‍ ആയിരുന്നു സഹപൈലറ്റ്.
പൈലറ്റുമാര്‍, സംഘടന, അഹമ്മദാബാദ് അപകടം, ദുരന്തം, അന്വേഷണ റിപ്പോര്‍ട്ട്