പല ജില്ലകളില്‍ കയറിയിറങ്ങിയുള്ള സുദീര്‍ഘമായ യാത്രകളും ഫയല്‍ നോട്ടവും കൂടിയാകുമ്പോള്‍ ഏറിയും കുറഞ്ഞും ഒരു ദിവസം ഏതാണ്ട് മൂന്ന് മൂന്നര മണിക്കൂറാകണം ആ മനുഷ്യന്‍ വിശ്രമിച്ചത്; ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ മടിയില്‍ വെച്ച നോട്ടുബുക്കില്‍ തത്സമയം രേഖപ്പെടുത്തി ഓരോ നിര്‍ദ്ദേശത്തിനും മറുപടി നല്‍കി; ഈ മനുഷ്യന്‍ ഒരു അദ്ഭുത പ്രതിഭാസം; പിറന്നാള്‍ ദിനത്തിലെ പിണറായി പുകഴ്ത്തല്‍ വൈറല്‍

Update: 2025-05-24 04:40 GMT

തിരുവനന്തപുരം: എണ്‍പതാം വയസ്സിന്റെ നിറവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മനുഷ്യന്‍ ഒരു അദ്ഭുത പ്രതിഭാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എണ്‍പതാം വയസ്സിലും എന്ന് കുറിക്കുകയാണ് ഡോ രതീഷ് കാളിയാടന്‍.മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ഡോ രതീഷ് കാളിയാടന്‍. 2016 ല്‍ നടത്തിയ നവകേരള മാര്‍ച്ച് മുതല്‍ പിണറായി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പര്യടനം വരെ എല്ലാ പര്യടനങ്ങളിലും ഒപ്പമുണ്ടായ വ്യക്തിയാണ് ഡോ രതീഷ് കളിയാടന്‍. രതീഷിന്റെ പുതിയ പോസ്റ്റ് പിറന്നാള്‍ പശ്ചാത്തലത്തില്‍ കൂടിയാണ്. ഏതായാലും സൈബര്‍ സഖാക്കള്‍ വൈറലാക്കുകായണ് ഈ കുറിപ്പ്.

ഡോ രതീഷ് കളിയാടന്റെ പോസ്റ്റ് ചുവടെ

ഈ മനുഷ്യന്‍ ഒരു അദ്ഭുത പ്രതിഭാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

2016 ല്‍ നടത്തിയ നവകേരള മാര്‍ച്ച് മുതല്‍ പിണറായി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പര്യടനം വരെ എല്ലാ പര്യടനങ്ങളിലും ഒപ്പമുണ്ടായയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആശയവിനിമയ രീതി അടുത്തുനിന്ന് കണ്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ലളിതമായ ഭാഷ. ചെറിയ ചെറിയ വാചകങ്ങള്‍. കൃത്യമായ ശബ്ദ ക്രമീകരണം. ഒരു വാക്കുപോലും എടുത്തുമാറ്റാന്‍ കഴിയാത്ത വിധം നന്നായി എഡിറ്റുചെയ്ത സംസാരം. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട പോലെ പറയും. ഇതൊക്കെയാണ് പിണറായിയുടെ ആശയവിനിമയത്തിന്റെ സവിശേഷതകള്‍.

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം ബഹുജനങ്ങളെ കേള്‍ക്കാനാണ് പ്രധാനമായും വിനിയോഗിച്ചത്. രണ്ടുതരം സംവാദ പരിപാടികളുണ്ട്. ജില്ലകളില്‍ സംഘടിപ്പിക്കപ്പെട്ട ജില്ലാതല സംവാദ പരിപാടികളും സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കപ്പെട്ട യുവജനങ്ങള്‍, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, പ്രൊഫഷണലുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായുള്ള വിഷയാടിസ്ഥാനത്തിലുുള്ള സംവാദ പരിപാടികളുമാണവ. ഒപ്പം ഓരോ ജില്ലയിലെയും പ്രധാന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനത്തിന് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുക്കുന്ന മേഖല അവലോകന യോഗവുമുണ്ട്. നാലാം വാര്‍ഷികാഘോഷങ്ങളുടെ അജണ്ടയില്‍ 'ആര്‍ഭാടങ്ങളും ധൂര്‍ത്തും' ആയിരങ്ങളെ അണിനിരത്തിയുള്ള വന്‍പരിപാടികളുമില്ല. അപ്പോ റാലിയോ? അത് സര്‍ക്കാര്‍ പരിപാടിയല്ല; എല്‍.ഡി.എഫാണ് സംഘാടകര്‍.

ഓരോ ജില്ലയിലും ചെന്ന് ക്ഷണിക്കപ്പെട്ടവരുമായി സംവദിച്ച് ഭരണ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങളും മുന്നോട്ടേക്കുള്ള കുതിപ്പിന് സഹായകമാകുന്ന നിര്‍ദ്ദേശങ്ങളും തേടുകയെന്ന ഈ ജനസമ്പര്‍ക്ക പരിപാടിക്ക് മുന്‍മാതൃകകളില്ല. ജനങ്ങളെ കേട്ട് ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജം സംഭരിക്കുന്ന സംവാദം സര്‍ക്കാറിന്റെ വാര്‍ഷികാഘോഷമാക്കുന്നതിനും മുന്‍മാതൃകകളില്ല. ജനാധിപത്യത്തിന് പുതുമുഖം സമ്മാനിക്കുന്ന സംവാദാത്മക ജനാധിപത്യയിടപെടലുകളെന്ന് ചരിത്രം 2016 മുതല്‍ നടത്തിവരുന്ന ഈ സംവാദങ്ങളെ വിശേഷിപ്പിക്കും. 21.04.2025ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല സംവാദ പരിപാടികള്‍ 23. 05. 2025 ന് തിരുവനന്തപുരത്തെ ജില്ലാതല യോഗത്തോടെയാണ് സമാപിച്ചത്. 31. 05. 2025ന് യുവജനങ്ങളുമായുള്ള സംസ്ഥാനതല സംവാദത്തോടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സംവാദ പരിപാടികള്‍ സമാപിക്കും. പല ജില്ലകളില്‍ കയറിയിറങ്ങിയുള്ള സുദീര്‍ഘമായ യാത്രകളും ഫയല്‍ നോട്ടവും കൂടിയാകുമ്പോള്‍ ഏറിയും കുറഞ്ഞും ഒരു ദിവസം ഏതാണ്ട് മൂന്ന് മൂന്നര മണിക്കൂറാകണം ആ മനുഷ്യന്‍ വിശ്രമിച്ചത്.

സംവാദ പരിപാടികളിലെ കേള്‍വിയെന്നാല്‍ അശ്രദ്ധമായി വേദിയില്‍ ഇരിക്കുകയെന്ന 'നേതാക്കളുടെ' പതിവ് രീതിയല്ല ഇവിടെ കണ്ടത്. ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ മടിയില്‍ വെച്ച നോട്ടുബുക്കില്‍ തത്സമയം രേഖപ്പെടുത്തി ഓരോ നിര്‍ദ്ദേശത്തിനും മറുപടി നല്‍കിയാണ് സംവാദ പരിപാടി മുന്നേറിയത്.

രാവിലെ 10.30 ന് പരിപാടി ആരംഭിക്കും. ഏതാണ്ട് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ആമുഖ ഭാഷണം. തുടര്‍ന്ന് ക്ഷണിക്കപ്പെട്ടവരുടെ പ്രതിനിധികളുടെ അഭിപ്രായപ്രകടനം, നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍. ശേഷം മറുപടി. ചോദ്യങ്ങള്‍ക്കെല്ലാം വസ്തുതകളും അനുഭവങ്ങളും ചേര്‍ത്തുള്ള കൃത്യമായ മറുപടി. ശ്രദ്ധയോടെ ചിലവഴിക്കപ്പെടുന്ന രണ്ടര മണിക്കൂര്‍. കരുതലിന്റെ സ്പര്‍ശമായി ഓരോ ഹൃദയത്തെയും ഹഢാദാകര്‍ഷിക്കുന്ന അനുഭവം. എല്ലാ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന കിട്ടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഓരോരുത്തരും മടങ്ങുന്നത്. അതാണവരുടെ മുന്നനുഭവം. ഒടുക്കം അവരില്‍ ചിലര്‍ സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നൊരു ചോദ്യമുണ്ട്: 'എങ്ങനെയിതൊക്കെ സാധിക്കുന്നു?' അതേ ഈ മനുഷ്യന്‍ ഒരു അദ്ഭുത പ്രതിഭാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

പിതൃതുല്യ സ്‌നേഹസാന്നിധ്യമായ പ്രിയ സഖാവിന് പിറന്നാളാശംസകള്‍.


Full View


Tags:    

Similar News