അമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന്‍ ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്‍ച്ചകളില്‍

Update: 2025-10-11 02:08 GMT

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്തത് എന്ത്? ഈ ചര്‍ച്ചകള്‍ക്കിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചതിനു രേഖ പുറത്തു വന്നു. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ പകര്‍പ്പ് 'മനോരമ'യാണ് പുറത്തു വിടുന്നത്. ഈ സമന്‍സ് ഇപ്പോഴും സജീവമാണ്. വേണമെങ്കില്‍ ഈ കേസില്‍ ഇനിയും കിരണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സിന്റെ ആധികാരികത സ്ഥിരീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലുള്ള വിവരമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ.ഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്. എന്നാല്‍, വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ സമന്‍സിന് പ്രസക്തി ഏറെയാണ്. മുഖ്യമന്ത്രിയുടെ മകനെതിരേയും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയെന്നതിന് തെളിവാണ് ഇത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് വരെ നീണ്ട ലൈഫ് മിഷന്‍ അന്വേഷണം ഒരുഘട്ടത്തില്‍ ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കും വരെ എത്തിയതിന്റെ പുറത്തറിയാത്ത വിവരമാണു സമന്‍സിലുള്ളത്. സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇ.ഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇ.ഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ലെന്ന് മനോരമ പറയുന്നു.

കെസിസെഡ്ഒ/ 2023/769 എന്നാണു വിവേകിനുള്ള സമന്‍സിന്റെ നമ്പര്‍. കൊച്ചി സോണല്‍ ഓഫിസ് എന്നതിനെ സൂചിപ്പിക്കുന്നതാണ് 'കെസിസെഡ്ഒ'. സമന്‍സിന്റെ ആധികാരികത സംബന്ധിച്ച് ഇ.ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോള്‍, വിവേക് കിരണിനുള്ള സമന്‍സ് തന്നെയാണിതെന്നു സ്ഥിരീകരണം ലഭിച്ചു. വെബ്‌സൈറ്റില്‍ 'വെരിഫൈ യുവര്‍ സമന്‍സ്' എന്ന വിഭാഗത്തില്‍, വിവേകിന്റെ പേര് സഹിതം വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50ാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിനു വിളിച്ചുവരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നതാണ് രണ്ടാം ഉപവകുപ്പ്. ഇതിനെ ജുഡീഷ്യല്‍ നടപടിക്രമത്തിനു തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പെന്നും മനോരമ വിശദീകരിക്കുന്നു.

'സണ്‍ ഓഫ് പിണറായി വിജയന്‍'

'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന പേരില്‍ അയച്ച സമന്‍സില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ 'കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ അന്വേഷിക്കുന്ന കേസില്‍ വിവേക് കിരണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു ഞാന്‍ കരുതുന്നു. 2023 ഫെബ്രുവരി 14നു രാവിലെ 10.30ന് എന്റെ ഓഫിസില്‍ ഹാജരാകുക'. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവയടക്കം ഹാജരാകുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ പട്ടികയും സമന്‍സിനൊപ്പമുണ്ട്. ആനന്ദ് എന്ന ഉദ്യോഗസ്ഥനാണ് സമന്‍സ് അയച്ചത്. ഡെപ്യൂട്ടേഷനില്‍ ഇഡിയിലെത്തിയ ഉദ്യോഗസ്ഥന്‍ ഇന്ന് ഇഡിയില്‍ ഇല്ല.

ലൈഫ് മിഷന്‍ പദ്ധതി കേസ്

2018 ലെ പ്രളയബാധിതര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവില്‍ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നല്‍കിയെന്ന് ഇ.ഡി കണ്ടെത്തി. ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.

Tags:    

Similar News