ആ യുവതിയുടെ വൈകാരിക ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടു; കരഞ്ഞുകൊണ്ടുള്ള ആ സന്ദേശം കേട്ടതിന് പിന്നാലെ 'അറസ്റ്റ് ചെയ്യൂ'വെന്ന അടിയന്തര ശബ്ദസന്ദേശം ഡി.ജി.പിക്ക് കൈമാറി; വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുന്‍ തീരുമാനം ഇതോടെ മാറി; പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പിണറായിയുടെ ഇടപെടല്‍
ആ യുവതിയുടെ വൈകാരിക ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടു
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വേഗത്തിലാക്കിയത് അതിജീവിതയുടെ ശബ്ദസന്ദേശത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അറസ്റ്റ് വൈകുന്നതില്‍ ആശങ്ക അറിയിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് കരഞ്ഞുകൊണ്ട് ശബ്ദസന്ദേശം അയച്ചിരുന്നു. അതിവൈകാരികമായ ഈ ശബ്ദ സന്ദേശത്തിന് പിന്നാലെയാണ് രാഹുലിനെതിരെ നീക്കമുണ്ടായത്.
ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡി ജി പിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുന്‍ തീരുമാനമാണ് ഇതോടെ മാറിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ഡി ജി പി ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു.
പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അര്‍ധരാത്രി തന്നെ അറസ്റ്റ് ചെയ്തത്. രാഹുലിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ കോലം കത്തിച്ച് കൊണ്ടായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതി സ്ഥിരം കുറ്റവാളി ആണെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാഹുല്‍ മുമ്പ് പ്രതിയായ കേസുകളില്‍ പരാതിക്കാരെ സൈബര്‍ ബുള്ളിയിങ് ചെയ്ത് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും, അതിജീവിതമാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി അധിക്ഷേപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അതിജീവിതയുടെ ജീവന് തന്നെ ആപത്താണ്. നിയമനടപടികളെ വെല്ലുവിളിച്ച് ഒളിവില്‍ പോയ പ്രതിയാണ് രാഹുലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.
അറസ്റ്റിന്റെ സമയം പ്രതിയില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ ലോക്ക് പറഞ്ഞു തരാന്‍ വിസമ്മതിച്ചു. പ്രതി അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. രാഹുല്‍ ധാരാളം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ കണ്ടെത്തുവാന്‍ പൊലീസിന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ട്. കുറ്റകൃത്യം നടത്തുന്ന സ്ഥലങ്ങളില്‍ എത്തിച്ച് അന്വേഷണം നടത്താന്‍ രാഹുലിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
രാഹുലിന്റെ അറസ്റ്റു വിവരം ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് കാര്യങ്ങള്‍ നീണ്ടത്. എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ ഓപ്പറേഷനായിരുന്നു ഇത്. രാഹുലിനെതിരായ ബലാത്സംഗ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ് ഐ ടി) ടീമിവെ മറ്റംഗങ്ങളെപ്പോലും ഒഴിവാക്കി എ ഐ ജി നേരിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു.
പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങള്‍ ക്രമീകരിക്കാന്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചതും രഹസ്യസ്വഭാവം നിലനിര്‍ത്താനായിരുന്നു. പോലീസുകാര്‍ ഹോട്ടല്‍ മുറിയിലെത്തും വരെ താന്‍ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുല്‍ അറിഞ്ഞിരുന്നില്ല എന്നതാണ് നിര്‍ണായകമായത്. കഴിഞ്ഞ കേസുകളിലെ പോലെ രാഹുല്‍ മുങ്ങാനിരിക്കാനായുരുന്നു അതീവ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്. അതേസമയം മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ജയില്‍വാസം ലഭിച്ചു.
നേരത്തെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് നടന്നത്. പൊലീസ് ജീപ്പ് വളഞ്ഞ പ്രതിഷേധക്കാര്‍ രാഹുലിനെ കൂവി വിളിച്ചു. മുദ്രാവാക്യം വിളികളോടെയായിരുന്നു യുവജന സംഘടന പ്രവര്‍ത്തകരുടെ പ്രതിഷേധം. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വളരെ പ്രയാസപ്പെട്ടാണ് രാഹുലിനെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.
