'താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടു'; മാറാട് സന്ദര്‍ശനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദം വെറും തള്ള്; അന്ന് പിണറായിയെയും സംഘത്തെയും തടഞ്ഞു, പിന്നാലെ മടങ്ങി; മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കി അഭിലാഷ് മോഹന്‍
'താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടു'
തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചു എ കെ ബാലന്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി സിപിഎമ്മില്‍ വ്യത്യസ്ത വാദമുഖങ്ങളാണ് ഉയരുന്നത്. പിണറായി വിജയന്‍ ബാലന്റെ പ്രസ്താവനയെ പിന്തുണച്ചു രംഗത്തുവന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടരി എം വി ഗോവിന്ദന്‍ ആ അവകാശവാദത്തെ തള്ളിക്കളഞ്ഞു. ഇതിനിടെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാറാട് വെട്ടേറ്റു മരിച്ചവരുടെ വീടുകള്‍ താന്‍ സന്ദര്‍ശിച്ച കാര്യം പരാമര്‍ശിച്ചു കൊണ്ട് പിണറായി പറഞ്ഞത് 'താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടു' എന്നായിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഈ അവകാശവാദവാദം തള്ളാണെന്നാണ് വസ്തുത പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. പിണറായി സ്ഥലം സന്ദര്‍ശിക്കാനെത്തിപ്പോള്‍ ഒരുവിഭാഗം ആളുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് 2003 മേയ് നാലിന് എത്തിയത്. കൊല്ലപ്പെട്ട ആവിത്താന്‍പുറായില്‍ ദാസന്റെ വീട്ടിലെത്തിയപ്പോള്‍ത്തന്നെ ഒരു വിഭാഗമാളുകള്‍ പിണറായിയെയും സംഘത്തെയും തടയുകയായിരുന്നു.
''അവിടെ പോയി. ആളുകളെ കണ്ടു. കാര്യങ്ങള്‍ സംസാരിച്ചു. തിരിച്ചുവരികയും ചെയ്തു'' എന്നാണ് വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2003-ലെ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ''അന്ന് ഞാന്‍ ഒരു പാര്‍ട്ടിയുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന കാലമാണല്ലോ. ഞാന്‍ അവിടെ പോയിരുന്നു. ആരുടെയും അനുമതി വാങ്ങിയിട്ടല്ല അവിടെ പോയത്'' എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ആദ്യവീട്ടിലെത്തിയപ്പോള്‍ത്തന്നെ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹത്തിനും സംഘത്തിനും മടങ്ങേണ്ടിവന്നു. ഇക്കാര്യം ഇന്നലെ മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ അഭിലാഷ് മോഹനാണ് ചൂണ്ടിക്കാട്ടിയത്. അക്കാലത്തെ മാതൃഭൂമി പത്രങ്ങളുടെ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് പിണറായി വിജയന്‍ പറഞ്ഞ കള്ളം പൊളിച്ചത്. അനന് പിണറായിക്കൊപ്പം കൂടെയുണ്ടായിരുന്ന ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ബീരാന്‍ കോയയോടുള്ള എതിര്‍പ്പാണ് പിണറായിയെയും സംഘത്തെയും തടയുന്നതിന് കാരണമായത്.
ദാസന്റെ ഭാര്യയെയും മക്കളെയും കാണാന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ത്തന്നെ സ്ത്രീകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് ഏതാനും പേര്‍ മുന്നോട്ടുവന്ന് നേതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അവര്‍ പുറത്തിറങ്ങുകയും ചെയ്തു. മാറാട് അക്രമത്തില്‍ പരിക്കേറ്റ ദാസനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ചപ്പോള്‍ ബീരാന്‍ കോയയുടെ പഞ്ചായത്തുവക ജീപ്പിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയെന്ന് ആക്ഷേപമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മാറാട് സന്ദര്‍ശനത്തെ പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയാണ് ആന്റണി മാറാട് പോയതെന്നും, എന്നാല്‍ താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. ഇത് തെറ്റാണെന്നാണ് വസ്തുതാ പരിശോധനയില്‍ നിന്നും വ്യക്തമാകുന്നത്
മുഖ്യമന്ത്രിയുടെ ഈ വാദം തെറ്റാണെന്ന് 2003 മെയ് 5-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്ത വ്യക്തമാക്കുന്നു. 'മാറാട്ട് പിണറായിയെയും സംഘത്തെയും തടഞ്ഞു' എന്നതായിരുന്നു അന്നത്തെ പ്രധാന വാര്‍ത്ത. ആദ്യ വീട്ടില്‍ തന്നെ കടുത്ത പ്രതിഷേധം നേരിട്ടതോടെ, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, ഇളമരം കരീം തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തിന് മറ്റ് വീടുകള്‍ സന്ദര്‍ശിക്കാനാകാതെ മടങ്ങേണ്ടി വന്നു.
അന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകന്‍ എം.പി. സൂര്യദാസ് മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ കാര്യങ്ങള്‍ അന്ന് അത്ര സുഗമമായിരുന്നില്ലെന്നും, ജനങ്ങളെ കണ്ട് സംസാരിക്കാന്‍ സാധിക്കാതെ സംഘത്തിന് മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മാറാട് വിഷയം വീണ്ടും ഉയര്‍ത്തുന്നതെങ്കിലും, ചരിത്രപരമായ വസ്തുതകള്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
