പ്ലൈവുഡ് കമ്പനികള്‍ക്ക് ഏകജാലക സംവിധാനം വഴി വ്യവസായ വകുപ്പിന്റെ അനുമതി; വിദ്യാര്‍ഥികളുടെ പഠനം പോലും ശ്വാസം മുട്ടും വിധത്തില്‍ വായു മലിനീകരണവും; പരാതി പെരുകിയപ്പോള്‍ ഹൈക്കോടതി അഭിഭാഷകനെ കമ്മീഷനെ നിയോഗിച്ചു; രണ്ട് മിനിറ്റു കൊണ്ട് വ്യവസായം വരുമ്പോഴുള്ള ദുരന്തങ്ങള്‍ ഇങ്ങനെ

പ്ലൈവുഡ് കമ്പനികള്‍ക്ക് ഏകജാലക സംവിധാനം വഴി വ്യവസായ വകുപ്പിന്റെ അനുമതി

Update: 2025-02-18 06:25 GMT

കൊച്ചി: സംസ്ഥാനത്തെ വ്യവസായിക മുന്നേറ്റത്തെ കുറിച്ച് ശശി തരൂര്‍ ലേഖനം എഴുതിയതാണ് ഇപ്പോള്‍ കേരളത്തിലെ സജീവ ചര്‍ച്ചാ വിഷയം. ഇതിനിടെ ഏകജാലകം വഴി വ്യവസായിക അനുമതി നല്‍കുമ്പോള്‍ ചിലയിടങ്ങളില്‍ നാട്ടുകാരും ബുദ്ധിമുട്ടേണ്ടി വരും. അത്തരത്തില്‍ മുന്‍പിന്‍ നോക്കാതെയുള്ള വ്യവസായ നയം കാരണം പൊറുതി മുട്ടുന്നത് എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തിലെ അടക്കം നാട്ടകാരാണ്.

സ്‌കൂള്‍ മേഖലയില്‍ അടക്കം പ്ലൈവുഡ് ഫ്ാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതോടെ പ്രദേശത്ത് വായൂ മലിനീകരണ പ്രശ്‌നങ്ങള്‍ അടക്കം നിലനില്‍ക്കുന്നു. മേതല കല്ലില്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , ഓടക്കാലി ഗവ:ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നി വിദ്യാലയങ്ങളോട് ചേര്‍ന്നു വരെ പ്ലൈവുഡ് കമ്പനികള്‍ക്ക് ഏകജാലക സംവിധാനം വഴി വ്യവസായ വകുപ്പ് അനുമതി കൊടുത്തു. സി പി എം ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തിന്റെ അഭിപ്രായം തള്ളി കൊണ്ടാണ് കമ്പനികള്‍ക്ക് ദൂരപരിധി പോലും ഇല്ലാതെ അനുമതി കൊടുത്തത്. മേതല ഗ്രാമത്തില്‍ മാത്രം എഴുപത്തിമൂന്ന് കമ്പനികള്‍ക്കാണ് ഒറ്റയടിക്ക് അനുമതി നല്‍കിയത്.

വായുവും വെള്ളവും ഒരുപോലെ വിഷമയമായതിനെ തുടര്‍ന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതി ഹൈ ക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അഭിഭാഷക കമീഷനെ നിയോഗിച്ചിരിക്കുകയാണ്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം മുട്ടി പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പ്ലൈവുഡ് ഒട്ടിച്ചുണ്ടാക്കുന്നതിനുള്ള പശ നിര്‍മ്മാണ ഫാക്റ്ററികളും പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടം ഭൂമി നിയമ വിരുദ്ധമായി ഇതിനായി വകമാറ്റുന്നു. പുറമ്പോക്ക് ഭൂമിയും കൈയേറുന്നുണ്ട്.

ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിപിഎം ഏരിയാ നേതൃത്വം നിവേദനം നല്‍കി. എറണാകുളം ജില്ലാ കലക്ടറെ അന്വേഷണത്തിന് നിയോഗിച്ചു. ഹൈക്കോടതിയും ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ വന്നതായും കൂടുതല്‍ എണ്ണം കാണിക്കുന്നതിനു വേണ്ടിയും എല്ലാ വ്യവസ്ഥകളും മറികടന്ന് പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് വ്യവസായവകുപ്പിന്റെ കര്‍ശന നിര്‍ദേശമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറയുന്നു.

പ്ലൈവുഡ് കമ്പനികള്‍ കൊണ്ട് സര്‍ക്കാരിന് വരുമാനവുമില്ല. വ്യാജ ബില്ലുകള്‍ ഉണ്ടാക്കിയാണ് ലോഡുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. ജിഎസ് ടി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡും വ്യവസായ വകുപ്പ് ധനവകുപ്പില്‍ സമ്മര്‍ദ്ദം നടത്തി തടഞ്ഞു. ഇത്തരം വ്യവസായ വികസനമാണ് മന്ത്രിയുടെ ജില്ലയില്‍ നടക്കുന്നത്. സ്‌ക്കൂള്‍ കുട്ടികളെ വരെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഇത്തരം വ്യവസായങ്ങള്‍ക്കാണ് രണ്ടു മിനുറ്റ് കൊണ്ട് , എല്ലാ ചട്ടങ്ങളും മറികടന്ന് അനുമതി നല്‍കുന്നത്. ഇതിനെയാണ് ശരി തരൂര്‍ മഹത്തരം എന്ന് വിശേഷിപ്പിക്കുന്നത്.

പ്‌ളൈവുഡ് കമ്പനികളുടെ കടന്നുവരവ് ജനജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചെന്ന ആക്ഷേപവുമായി അശമന്നൂര്‍ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി രംഗത്തുണ്ട്. പൊറുതിമുട്ടിയ ജനങ്ങള്‍ കിടപ്പാടം വരെ ഉപേക്ഷിച്ച് നാട് വിടുന്ന അവസ്ഥയാണ്. ഇങ്ങനെ നാടുവിടുന്നവരുടെ വസ്തുവകകള്‍ പ്ലൈവുഡ് കമ്പനി ഉടമകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ്. 58ഓളം കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതായി 58 എണ്ണത്തിന് കൂടി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

മേതല മുട്ടത്തുമുകള്‍ ഭാഗത്ത് ഏകദേശം 16 ഏക്കര്‍ ഭൂമി യാതൊരുവിധ അനുമതിയുമില്ലാതെ ഇടിച്ച് നിരത്തിയും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിച്ചും സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാക്കിയുമാണ് ഒരു പ്ലൈവുഡ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്, കല്ലില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിയാര്‍വാലി കനാല്‍ തുരങ്കം എന്നിവയ്ക്ക് ഈ കമ്പനി ഭീഷണി ഉയര്‍ത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.

പൂതക്കുഴി കോളനിയിലെ എസ്.സി റോഡ്, എസ്.സി ശ്മശാന ഭൂമി എന്നിവ കൈയേറിയും ലൈഫ് പദ്ധിതിയിലൂടെ ലഭിച്ച വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയും എസ്.സി കുടിവെള്ള പദ്ധതി തകര്‍ത്തുമാണ് ഇവിടെ 5 ഓളം പ്ലൈവുഡ് കമ്പനികള്‍ നിര്‍മ്മിക്കുന്നത്. കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തിന് സമീപവും അംബേദ്ക്കര്‍ മൈക്രോ മലയിലും ഇതേ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

പ്ലൈവുഡ്, പശ കമ്പനികള്‍ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് അശമന്നൂര്‍ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുടെ തീരുമാനം.മറ്റൊരു ഭോപ്പാല്‍ ദുരന്തമായി മാറാന്‍ സാദ്ധ്യതയുള്ള ചില പശ കമ്പനികള്‍ എന്‍.ഒ.സി പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. . ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വെറും 150 കിലോമീറ്റര്‍ ദൂരത്തായി മാത്രമാണ് ഒരു പശ കമ്പനിയുടെ പ്രവര്‍ത്തനം.

Tags:    

Similar News