ഏത് കാലാവസ്ഥയിലും പറക്കാന്‍ കഴിയും; നിലവില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തെ ദൂരങ്ങളെയും കീഴടക്കും; ഐ.എ.എഫിന്റെ വജ്രായുധം സി-295 ഇനി ഇന്ത്യ നിര്‍മിക്കും; സ്വകാര്യ സൈനിക വിമാന നിര്‍മാണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത് രത്തന്‍ ടാറ്റയുടെ ബുദ്ധിയില്‍

ഐ.എ.എഫിന്റെ വജ്രായുധം സി-295 ഇനി ഇന്ത്യ നിര്‍മിക്കും

Update: 2024-10-30 07:43 GMT

ഗാന്ധിനഗര്‍: കാലത്തിന് മുന്നേ സഞ്ചരിച്ച വ്യവസായി എന്നു രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചിരുന്നത് വെറുതെയല്ല.ഇന്ത്യന്‍ സൈനീക രംഗത്തെ ദീര്‍ഘകാലമായുള്ള ഒരു സ്വപ്നത്തിന് കൂടി അടിത്തറ പാകിയാണ് അദ്ദേഹം വിടപറഞ്ഞത്.ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ സൈനിക വിമാന നിര്‍മാണ കേന്ദ്രം യാഥാര്‍ത്ഥ്യമാപ്പോള്‍ അതിന് പിന്നെ ബുദ്ധിവൈഭവവും കാഴ്ച്ചപ്പാടും ടാറ്റയുടേത് തന്നെ.സി-295 വിമാനങ്ങളുടെ നിര്‍മാണ കേന്ദ്രമായ ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ളക്‌സ് ഗുജറാത്തിലെ വഡോദരയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

സ്വകാര്യ സൈനീക വിമാനകേന്ദ്രത്തിന്റെ പിറവി

വഡോദരയിലെ നിര്‍മാണ കേന്ദ്രത്തിന് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. പ്രതിരോധ മേഖലയില്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ സാക്ഷാത്കാരമാണ് സ്വകാര്യ സൈനിക വിമാന നിര്‍മാണ കേന്ദ്രം. ഇന്ത്യയില്‍ സൈനിക വിമാനങ്ങള്‍ക്കായി സ്വകാര്യ മേഖലയിലുള്ള ആദ്യ ഫൈനല്‍ അസംബ്ളി ലൈന്‍ (എഫ്എഎല്‍) ആണ് ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ളക്‌സ്.

സി-295 പദ്ധതിയുടെ കീഴില്‍ 56 വിമാനങ്ങളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ 16 എണ്ണം സ്‌പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സ്‌പെയിനിന്റെ ഏവിയേഷന്‍ ബെഹെമോത്ത് എയര്‍ബസിലാണ് ഇവ എത്തിക്കുന്നത്. വിമാനങ്ങള്‍ എത്തിക്കുന്നതിനായി 2021ലായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ 21,935 കോടിയുടെ കരാറില്‍ ഒപ്പിട്ടത്. ബാക്കി 40 എണ്ണം ഇന്ത്യയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍) കേന്ദ്രത്തില്‍ നിര്‍മിക്കും.


 



വിമാനങ്ങളുടെ നിര്‍മാണം, അസംബ്ളി ചെയ്യല്‍, പരിശോധന, യോഗ്യത നല്‍കല്‍, വിതരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങി മുഴുവന്‍ പ്രക്രിയകളും സ്വകാര്യ കേന്ദ്രത്തില്‍ നടക്കും. ടാറ്റയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ മുന്‍നിര പ്രതിരോധ യൂണിറ്റുകളായ ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ്, സ്വകാര്യ സംരംഭംങ്ങള്‍ എന്നിവരും പദ്ധതിയില്‍ ഭാഗമാവും.

എന്താണ് ഐഎഎഫിന്റെ വജ്രായുധം സി-295

അഞ്ച് മുതല്‍ 10 ടണ്‍വരെ ശേഷിയുള്ള ഗതാഗത വിമാനമാണ് സി-295. ഇന്ത്യന്‍ വ്യോമസേനയിലെ പഴയകാല വിമാനങ്ങളായ എവിആര്‍ഒ-748 വിമാനങ്ങള്‍ക്ക് പകരമായാണ് ഇവ എത്തുന്നത്.11 മണിക്കൂര്‍ വരെ സി-295 വിമാനങ്ങള്‍ക്ക് പറക്കാനാവും. 'ശക്തവും വിശ്വസനീയവും'എന്ന് വിളിക്കപ്പെടുന്ന ഈ വിമാനങ്ങള്‍ക്ക് എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനാവും.മരുഭൂമിയില്‍ നിന്ന് സമുദ്ര മേഖലയിലേയ്ക്ക് പകലും രാത്രിയും യുദ്ധ ദൗത്യങ്ങള്‍ പതിവായി ഏകോപിപ്പിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും.

71 ട്രൂപ്പുകളെയും 50 പാരട്രൂപ്പുകളെയുംവരെ വഹിക്കാന്‍ സി-295 വിമാനങ്ങള്‍ക്കാവും. നിലവില്‍ വ്യോമസേനയുടെ പക്കലുള്ള ഭാരമുള്ള വിമാനങ്ങള്‍ക്ക് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളിലും സി-295ന് എത്തിച്ചേരാനാവും.സൈനികരെയും ചരക്കുകളെയും പെട്ടെന്ന് പാരാ-ഡ്രോപ്പിംഗ് ചെയ്യാന്‍ സഹായിക്കുന്ന റാംപ് ഡോര്‍ ഇവയിലുണ്ട്. അര്‍ദ്ധ സജ്ജീകരണങ്ങളുള്ള പ്രതലങ്ങളില്‍ നിന്ന് പെട്ടെന്ന് ടേക്ക് ഒഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും.


 



കരാറിന് കീഴിലുള്ള 56 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും നിര്‍മ്മിക്കുന്ന തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടും ഘടിപ്പിക്കും.

കഴിഞ്ഞ ദിവസമാണ് ടാറ്റ വിമാന നിര്‍മാണ സൗകര്യം (ടാറ്റ എയര്‍ബസ് മാനുഫാക്ടറിംഗ് ഫെസിലിറ്റി) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.സംരഭം ഇന്ത്യ- സ്‌പെയിന്‍ ബന്ധം ദൃഢമാക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു.പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. 2012ല്‍ രത്തന്‍ ടാറ്റയാണ് പദ്ധതി ആദ്യം വിഭാവനം ചെയ്തത്.

ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ വലിയ നേട്ടമാണ് സി-295 പ്രോജക്ട് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ പൂര്‍ണമായും ഒരു സൈനിക വിമാനം നിര്‍മിക്കുന്ന ആദ്യ പദ്ധതിയാണിത്.ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പദ്ധതി വലിയ കരുത്ത് പകരുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.




 


Tags:    

Similar News