പോക്‌സോ കേസില്‍ ജയിലിലിട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത കാപ്പ ക്രിമിനല്‍; കാമുകനെതിരായ കേസുകളുടെ ഗൗരവം അറിഞ്ഞ് കണ്ണു തള്ളിയ കാമുകി; ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും എം ബി സ്‌നേഹലതയും നീങ്ങിയത് വേറിട്ട വഴികളില്‍; അച്ഛനും അമ്മയ്ക്കും മകളെ തിരിച്ചു കിട്ടുമ്പോള്‍

Update: 2024-11-21 02:50 GMT

കൊച്ചി: കാപ്പ കുറ്റവാളിയും പോക്‌സോ കേസ് പ്രതിയുമായ കോഴിക്കോട് സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പത്തൊമ്പതുകാരിയെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി നടത്തുന്നത് നിര്‍ണ്ണായക ഇടപെടല്‍. യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം അടക്കം പരിശോധിച്ചാണ് സാമൂഹിക പ്രസക്തമായ വിധി പുറപ്പെടുവിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

പെണ്‍കുട്ടി നല്‍കിയ പോക്‌സോ കേസില്‍ ഇരുപത്തഞ്ചുകാരനായ പ്രതി 35 ദിവസം ജയിലിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കുകയായിരുന്നു. കോഴിക്കോടുവച്ച് വിവാഹിതരായെന്നും യുവാവിനൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും ആദ്യം ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ പെണ്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍, യുവാവിനെതിരായ കുറ്റങ്ങള്‍ ഗുരുതരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെ യുവാവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. അന്ന് പെണ്‍കുട്ടിയെ തല്‍ക്കാലത്തേക്ക് വീട്ടുകാര്‍ക്കൊപ്പം വിട്ടിരുന്നു.

യുവാവിനെതിരെ ജ്വല്ലറി കവര്‍ച്ചയടക്കം ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. കാപ്പ പ്രതിയായി നാടുകടത്തിയ സമയത്ത് ഇയാള്‍ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ച് വിവാഹം നടത്തിയെന്ന് പറയുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും അറിയിച്ചു. വിവാഹം നടത്തിയെന്ന വാദം പോക്‌സോ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ആരോപിച്ചു. ഇതും കോടതി മുഖവിലയ്‌ക്കെടുത്തു. പോലീസ് റിപ്പോര്‍ട്ട് കേസില്‍ വഴിത്തിരിവാകുകയും ചെയ്തു.

യുവാവിനെതിരായ കേസുകള്‍ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചു. പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്ക്കകം തിരികെ നല്‍കാനും കോടതി യുവാവിനോട് നിര്‍ദേശിച്ചു. അങ്ങനെ ആ കേസിന് ക്ലൈമാക്‌സില്‍ ട്വിസ്റ്റ് സംഭവിക്കുകയാണ്. പെണ്‍കുട്ടിയുടെ മനം മാറ്റവും പോലീസിനെ കൊണ്ട് എല്ലാം അന്വേഷിപ്പിക്കാനുള്ള കോടതി തീരുമാനവുമാണ് ഈ കേസില്‍ നിര്‍ണ്ണായകമായത്. സാധാരണ നിലയില്‍ യുവാവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ഇത്തരം കേസുകളില്‍ പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ പറഞ്ഞാല്‍ അതിന് അപ്പുറത്തേക്ക് കോടതി ഇടപെടാറില്ല. എന്നാല്‍ യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാന്‍ കോടതി നടത്തിയ നീക്കം നിര്‍ണ്ണായകമായി.

കോഴിക്കോട് വച്ച് വിവാഹിതരായെന്നും യുവാവിനൊപ്പം കഴിയാനാണ് താത്പര്യമെന്നും ഹൈക്കോടതിയില്‍ ഒരാഴ്ച മുമ്പ് ഹാജരായപ്പോള്‍ പെണ്‍കുട്ടി അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരായ മറ്റ് കേസുകളെപ്പറ്റി അറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവാവിനെതിരായ കുറ്റങ്ങള്‍ ഗുരുതരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു കോടതി. യുവതി നല്‍കിയ പോക്‌സോ കേസ് അടക്കം പരിഗണിച്ചായിരുന്നു ഇതെല്ലാം. പെണ്‍കുട്ടിയെ സത്യം ബോധിപ്പിക്കാനുള്ള കോടതി ശ്രമമായിരുന്നു ഇത്.

വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍ യുവാവിനെതിരെ കൊള്ള, പിടിച്ചുപറി, ജുവലറി കവര്‍ച്ച തുടങ്ങി ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കാമുകനെതിരായ കേസുകള്‍ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ പെണ്‍കുട്ടി, സ്വന്തം വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചു. ഇതോടെ കോടതിയുടെ ഇടപെടലുകള്‍ ഫലം കണ്ടു. യുവാവിനെ വീണ്ടും കാപ്പ പ്രകാരം നടപടികള്‍ എടുക്കേണ്ട സാഹചര്യവും വരും.

പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്ക്കകം അഭിഭാഷകന്‍ മുഖേന കൈമാറാമെന്ന യുവാവിന്റെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കാപ്പ വ്യവസ്ഥകളടക്കം ലംഘിച്ച യുവാവിനെതിരെ അധികൃതര്‍ നടപടിയെടുക്കേണ്ടതാണെന്നും വിലയിരുത്തി.

Tags:    

Similar News