സ്പോര്‍ട്‌സ് ഹോസ്റ്റലില്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് മറ്റൊരു കുട്ടി; പരാതിയുമായി വീട്ടുകാര്‍ എത്തിയപ്പോള്‍ കൗണ്‍സിലിംഗ് ചെയ്ത് സമാധാനിപ്പിച്ചു വിട്ട സെക്രട്ടറി; പോലീസിന് നല്‍കിയ പരാതിയിലും 'കൗണ്‍സിലിംഗ്' പരാമര്‍ശം; വിവാദം സര്‍ക്കാരിന്റെ മുന്നിലേക്ക്

Update: 2025-11-12 08:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലന് കീഴിലെ പ്രകൃതി വിരുദ്ധ പീഡനം മറയ്ക്കാന്‍ ഉന്നതര്‍ ശ്രമിച്ചെന്ന് ആരോപണം. ഈ പീഡനവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി കിട്ടിയിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്ന് പോലീസ് എഫ് ഐ ആറും ഇട്ടു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ മറ്റൊരു താരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. വീട്ടിലെത്തിയ കുട്ടിയുടെ സ്വഭാവ മാറ്റം മനസ്സിലാക്കി മാതാപിതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെയാണ് പീഡനം അറിയുന്നത്. ഉടന്‍ തന്നെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയെ അവര്‍ സമീപിച്ചു. എന്നാല്‍ ഇരയെ കൗണ്‍സിലിംഗ് ചെയ്ത് പ്രശ്‌നം പരിഹരിച്ചുവെന്ന തരത്തില്‍ പറഞ്ഞ് അയയ്ക്കുകയായിരുന്നു അവര്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ പോലും വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.

പോലീസിന് കുട്ടിയുടെ മതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സെക്രട്ടറി കൗണ്‍സില്‍ ചെയ്തു വിട്ടയച്ചുവെന്ന് പറയുന്നുണ്ട്. ഇതോടെയാണ് ഈ ഒത്തു തീര്‍പ്പ് ശ്രമം പുറത്തറിയുന്നത്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്ത കായിക താരങ്ങളാണെന്നാണ് സൂചനകള്‍. അതുകൊണ്ട് തന്നെ പോലീസിനും കരുതലോടെ മാത്രമേ കേസുമായി മുമ്പോട്ട് പോകാന്‍ കഴിയൂ. മജിസ്‌ട്രേട്ടിന്റെ അടുത്തും ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരാതിയില്‍ ജില്ലാ സ്‌പോര്‍ട് കൗണ്‍സിലില്‍ ചര്‍ച്ച ഉണ്ടാകുമെന്നും സൂചനയുണ്ട്. പീഡന ശേഷം വീട്ടിലെത്തിയ കുട്ടി ഹോസ്റ്റലിലേക്ക് മടങ്ങാന്‍ വിസമ്മതം കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവിച്ചത് മനസ്സിലാക്കിയത്. ഉടനെ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ അടുത്തെത്തുകയും ചെയ്തു.

വിവിധ ജില്ലകളില്‍നിന്നുള്ള കായികതാരങ്ങളായ 120 കുട്ടികള്‍ താമസിച്ച് പഠനവും പരിശീലനവും നടത്തുന്ന ഹോസ്റ്റലാണ് ഇത്. വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഹോസ്റ്റലിലും സ്റ്റേഡിയത്തിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നണ്ട്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ വേണ്ടിടത്ത് രണ്ടുപേരേയുള്ളൂ. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രണ്ട് വാര്‍ഡന്മാര്‍ വേണം. ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. ഹോസ്റ്റല്‍ കെട്ടിടത്തിലെ കുറവുകള്‍ പരിഹരിക്കണമെന്നും കെട്ടിടവും പരിസരവും ശുചീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഇവിടെയാണ് പീഡന വിവാദവും ഉണ്ടാകുന്നത്.

പോലീസില്‍ പരാതി എത്തിയതോടെയാണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലും എത്തുന്നത്. കേരള ഒളിമ്പിക്‌സ് അസോസിയേഷനും ഈ വിഷയം അറിഞ്ഞിട്ടുണ്ട്. അവരും കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കുമെന്നാണ് സൂചന.

Tags:    

Similar News