ഥാറില്‍ കറങ്ങുന്ന സീനിയര്‍ വനിത കോണ്‍സ്റ്റബിള്‍; പഞ്ചാബി പാട്ടുകളുടെ അകമ്പടിയോടെ റീല്‍സും; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പിന്തുടര്‍ന്ന് പൊലീസ്; കണ്ടെടുത്തത് വാഹനത്തിന്റെ ഗിയര്‍ ബോക്‌സില്‍ ഒളിപ്പിച്ച 17.7 ഗ്രാം ഹെറോയിന്‍; ഇന്‍സ്റ്റഗ്രാമിലെ 'പൊലീസ് താരം' അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമിലെ 'പൊലീസ് താരം' അറസ്റ്റില്‍
ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിലെ സീനിയര്‍ വനിത കോണ്‍സ്റ്റബിള്‍ ഹെറോയിനുമായി പിടിയില്‍. 17.7 ഗ്രാം ഹെറോയിനുമായാണ് അമന്‍ദീപ് കൗര്‍ എന്ന ഉദ്യോഗസ്ഥ പിടിയിലായത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ഹെറോയിനുമായി ഇവരെ ബട്ടിന്‍ഡയില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒരു ഥാറിലാണ് എത്തിയതെന്ന് ബട്ടിന്‍ഡ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി സിറ്റി 1) ഹര്‍ബന്‍സ് സിംഗ് ധാലിവാള്‍ പറഞ്ഞു.
പൊലീസും ആന്റി - നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്സും (എഎന്‍ടിഎഫ്) ചേര്‍ന്നുള്ള സംഘം ബാദല്‍ റോഡില്‍ നടത്തിയ പരിശോധനയില്‍ വാഹനം തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഥാറിലെ ഗിയര്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. അമന്‍ദീപ് മന്‍സ പൊലീസിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും ബട്ടിന്‍ഡ പൊലീസ് ലൈനുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നുവെന്നും ധാലിവാള്‍ പറഞ്ഞു. കനാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കുറേക്കാലമായി പൊലീസിന്റെ നിരീക്ഷത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി, പ്രത്യേക സംഘം അമന്‍ദീപിനെ നിരീക്ഷിച്ചുവരികയായിരുന്നു. ബുധനാഴ്ച, ഡ്യൂട്ടി കഴിഞ്ഞ് പോലീസ് ലൈനില്‍ നിന്ന് പുറത്തുവന്നപ്പോള്‍ തന്നെ വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബന്ധപ്പെട്ട പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥ അമന്‍ദീപ് കൗര്‍ പൊലീസിന്റെ ഉത്തരവ് മറികടന്ന് ഇന്‍സ്റ്റഗ്രാമില്‍ ആഡംബര വാച്ചുകളും കാറുകളും പ്രദര്‍ശിപ്പിച്ചിരുന്നതായാണ് വിവരം. 30,000ത്തിലേറെ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ അമന്‍ദീപിനെ പിന്തുടരുന്നത്. വ്യാഴാഴ്ച ഇവരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ 30,000ത്തിലേറെ ഫോളോവേഴ്‌സുള്ള അമന്‍ദീപ് കൗറിന്റെ റീലുകള്‍ പലതും വൈറലാണ്. 27കാരിയായ അമന്‍ദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും വിവാദത്തിനിടയാക്കിയിരുന്നു. പല വിഡിയോകളും പൊലീസിനെ കളിയാക്കുന്ന തരത്തിലുള്ളതാണ്. യൂണിഫോമില്‍ റീലുകള്‍ ചിത്രീകരിക്കുന്നതും പങ്കുവെക്കുന്നതും പഞ്ചാബ് പൊലീസ് നിരോധിച്ചിട്ടുണ്ട്. ഈ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ ലഹരിക്കേസില്‍ അറസ്റ്റിലാകുന്നത്.
ഡി.ജി.പിയുടെ ഓഫിസ് പുറത്തുവിട്ട ഉത്തരവനുസരിച്ച് പഞ്ചാബിലെ പൊലീസില്‍ ജോലി ചെയ്യുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ റീലുകളും വിഡിയോകളും പങ്കുവെക്കുന്നതിന് വിലക്കുണ്ട്. പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. അതുപോലെ പൊലീസ് എംപ്ലം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ പഞ്ചാബി പാട്ടുകളുടെ അകമ്പടിയോടെ അമന്‍ദീപ് പങ്കുവെച്ച പല വിഡിയോകളും പഞ്ചാബ് പൊലീസിനെ തന്നെ കളിയാക്കുന്ന തരത്തിലുള്ളതാണ്.
'തെറ്റുകള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് നിങ്ങള്‍ എന്നോട് പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൊലീസ് തന്നെ പിന്തുണ നല്‍കുമ്പോള്‍ പിന്നെ എങ്ങനെ ഞാന്‍ നിര്‍ത്തും'-എന്നാണ് ഒരു റീല്‍സിന്റെ വരികളുടെ അര്‍ഥം.
മറ്റൊരു റീല്‍സില്‍ തന്റെ ആഡംബര വാച്ചുകളും വിലകൂടിയ സണ്‍ഗ്ലാസുകളും വിലയേറിയ ഹാന്‍ഡ് ബാഗുകളും ഡ്രസുകളും പങ്കുവെച്ചിട്ടുണ്ട്. വളര്‍ത്തു നായ ഫാന്‍സി സണ്‍ഗ്ലാസ് ധരിച്ചു നില്‍ക്കുന്നതും കാണാം. സണ്‍ഗ്ലാസ് ധരിച്ച് പൊലീസ് യൂനിഫോമില്‍ മഹീന്ദ്ര ഥാറിനടുത്ത് നില്‍ക്കുന്ന ഫോട്ടോയും റീല്‍സില്‍ കാണാം.
രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസും ലഹരിവിരുദ്ധ ദൗത്യസംഘവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഉദ്യോഗസ്ഥയുടെ കാറില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. ബത്തിന്‍ഡയിലെ ബാദല്‍ മേല്‍പ്പാലത്തിനു സമീപം ഇവരുടെ കാര്‍ തടയുകയായിരുന്നു. ലഹരിവസ്തു കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഡി.എസ്.പി ഹര്‍ബന്ദ് സിങ് ധലിവാള്‍ അറിയിച്ചു.