മോദി എത്തിയപ്പോള്‍ ഉദ്യോഗസ്ഥനെ വിട്ടുകൊടുത്തില്ല; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു; പൊതുമേഖലയിലെ അഴിമിതിയും കണ്ടെത്തി; യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ നിന്നും പുകച്ച് പുറത്തു ചാടിച്ചത് മലബാറിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് താല്‍പ്പര്യമോ? അടുത്ത പോലീസ് മേധാവിയായി ആരെത്തുമെന്നതില്‍ അവ്യക്ത കൂടുന്നു; കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടിക നിര്‍ണ്ണായകം
തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ഡിജിപി യോഗേഷ് ഗുപ്തയെ മാറ്റിയതില്‍ വിവാദം പുകയുന്നു. അടുത്ത പോലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയുള്ള വ്യക്തിയാണ് യോഗേഷ് ഗുപ്ത. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം യോഗേഷ് ഗുപ്ത നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനസമയത്ത്, പരിശീലനം നേടിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്ക് വിട്ടുനല്‍കിയില്ലെന്നതും സ്ഥാനമാറ്റത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുണ്ട്.
അതിനിടെ പുതിയ പോലീസ് മേധാവിയെ നിശ്ചയിക്കുന്നതില്‍ സ്വാധീനം ചെലുത്താന്‍ മലബാറിലെ ചില ബില്‍ഡര്‍മാര്‍ രംഗത്തുണ്ട്. മുതിര്‍ന്ന സിപിഎം നേതാവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. ഈ ഗ്രൂപ്പിന് യോഗേഷ് ഗുപ്തയെ പോലീസ് മേധാവിയാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നാണ് സൂചന. അതിനിടെയാണ് വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായി യോഗേഷ് ഗുപ്ത മാറിയത്. ദിവ്യയുടെപേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്ത ശുപാര്‍ശ ചെയ്തതെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ആ കേസെടുക്കലുണ്ടാകില്ലെന്നാണഅ സൂചന. സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള യോഗേഷ് ഗുപ്തയുടെ കത്തിലും സര്‍ക്കാര്‍ അനുമതിനല്‍കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത്, പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സില്‍നിന്ന് സുരക്ഷയ്ക്കായി ഉള്‍പ്പെടുത്തിയെങ്കിലും മറ്റൊരു ഉദ്യോഗസ്ഥനെയാണ് ഡയറക്ടര്‍ അയച്ചത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. ഇതില്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. യോഗേഷ് ഗുപ്തയ്ക്ക് തിങ്കളാഴ്ച വിജിലന്‍സ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കും. അതിനുശേഷം അദ്ദേഹം അഗ്‌നിരക്ഷാ സേനാ ആസ്ഥാനത്ത് ഡയറക്ടറായി ചുമതലയേല്‍ക്കും. മുമ്പും വിജിലന്‍സിന്റെ ചുമതല ഡിജിപി മനോജ് എബ്രഹാം വഹിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ വിഭാഗം ഡയറക്ടറായിരുന്ന കെ. പദ്മകുമാര്‍ വിരമിച്ച ഒഴിവില്‍ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് ഈ മാസം ഒന്നിനാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറായി ചുമതലയേറ്റത്. പത്ത് ദിവസത്തിനുശേഷമാണ് വിജിലന്‍സിലേക്ക് ഡയറക്ടറായി എത്തുന്നത്.
അടുത്തമാസം വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ പിന്‍ഗാമിയായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന രവദാ ചന്ദ്രശേഖറോ അഗ്‌നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്തയോ നിയമിക്കപ്പെട്ടേക്കും എന്നാണ് ഇപ്പോഴുമെത്തുന്ന റിപ്പോര്‍ട്ടുകള്‍. രവദാ ചന്ദ്രശേഖര്‍ നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അഡീഷണല്‍ ഡയറക്ടറാണ്. സംസ്ഥാനസര്‍ക്കാരിന്റെ പ്രാഥമികപട്ടികയിലുള്ള ആറുപേരില്‍ റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളാണ് സീനിയര്‍. വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം, എസ്.പി.ജി. അഡീ. ഡയറക്ടര്‍ സുരേഷ്രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. പ്രാഥമികപട്ടികയില്‍നിന്നു മൂന്നുപേരെ ഉള്‍പ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക യു.പി.എസ്.സി. സംസ്ഥാനസര്‍ക്കാരിനു കൈമാറും. ഇവരില്‍ ഒരാളെ സര്‍ക്കാരിനു നിയമിക്കാം. സാധ്യതാപട്ടികയിലുള്ള നാലുപേര്‍ സംസ്ഥാന സര്‍വീസിലും രണ്ടുപേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമാണ്.
ദര്‍വേഷ് സാഹിബിന്റെ കാലാവധി ജൂണ്‍ 30-നു കഴിയും. ഈമാസം ഒടുവില്‍ യു.പി.എസ്.സി. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേര്‍ന്ന് ചുരുക്കപ്പട്ടിക സംസ്ഥാനസര്‍ക്കാരിനു കൈമാറും. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും പ്രവര്‍ത്തനവും സ്വഭാവശുദ്ധിയും പരിഗണിക്കപ്പെടും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മടങ്ങിയെത്താന്‍ തയാറാണെന്ന് സുരേഷ്രാജ് പുരോഹിതും രവദാ ചന്ദ്രശേഖറും രേഖാമൂലം അറിയിച്ചതിനാലാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സീനിയോറിറ്റ് പാലിച്ചാല്‍ നിഥിന്‍ അഗര്‍വാളും രവാഡയും യോഗേഷ് ഗുപ്തയുമാകും മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വരിക. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗേഷ് ഗുപ്തയെ തിരഞ്ഞെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് യോഗേഷ് അനഭിമതനായി മാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആരെ പോലീസ് മേധാവിയാക്കുമെന്നത് നിര്‍ണ്ണായകമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവാദം കണക്കിലെടുത്ത് യുപിഎസ് സി യോഗേഷ് ഗുപ്തയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സംസ്ഥാന സര്‍ക്കാരിലെ ചില കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
അങ്ങനെ വന്നാല്‍ മനോജ് എബ്രഹാം ചുരുക്കപ്പട്ടികയിലേക്ക് വരും. ഈ സാഹചര്യത്തില്‍ മനോജ് എബ്രഹാം പോലീസ് മേധാവിയാകാനുള്ള സാധ്യതയും ഏറെയാണ്. ചുരുക്കപ്പട്ടികയില്‍ ആരെല്ലാം ഉണ്ടാകുമെന്നതാകും അതിനിര്‍ണ്ണായകം. യോഗേഷ് ഗുപ്ത അടങ്ങിയ സീനിയോറിട്ടി പാലിക്കുന്ന പട്ടികയാണ് കിട്ടുന്നതെങ്കില്‍ അതില്‍ നിന്നും രവാഡ പോലീസ് മേധാവിയാകാനാണ് കൂടുതല്‍ സാധ്യത.