പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു; ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് അതിജീവിത; ഫെനിയെ തൂക്കി മാങ്കൂട്ടത്തെ വിരട്ടാന്‍ പോലീസ്; ചാറ്റ് പുറത്തുവിട്ടതില്‍ കുടുങ്ങും; ഭയമില്ലെന്ന് ഫെനിയും

Update: 2026-01-16 03:46 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലംകൈയും അടുത്ത സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കുരുക്ക് മുറുക്കി പോലീസ്. പീഡനക്കേസിലെ പരാതിക്കാരിയുടെ സ്വകാര്യ വാട്സാപ്പ് ചാറ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട് അപമാനിച്ചെന്ന പരാതിയിലാണ് പോലീസ് സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ ഫെന്നിയെ പൂട്ടുക എന്ന തന്ത്രമാണ് പോലീസ് പയറ്റുന്നതെന്ന ആക്ഷേപം ശക്തമാണ്.

തനിക്കെതിരെ കേസ് എടുത്തതില്‍ ഒട്ടും ഭയമില്ലെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ഫെന്നി നൈനാന്‍ വ്യക്തമാക്കി. 'പ്രതികാരത്തിന്റെ ഭാഗമായി എന്നെ വേട്ടയാടാന്‍ പറ്റുമായിരിക്കും, പക്ഷേ എല്ലാത്തിനും മുകളില്‍ കോടതിയുണ്ട്,' എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാറ്റ് പുറത്തുവിട്ടതാണ് കേസെങ്കില്‍ ആദ്യ ദിവസങ്ങളില്‍ ഇതേ ചാറ്റുകള്‍ വാര്‍ത്താ ചാനലുകള്‍ നല്‍കിയിരുന്നല്ലോ? എന്തുകൊണ്ട് അവര്‍ക്കെതിരെ കേസില്ല? ബലാത്സംഗം നടന്നുവെന്ന് പറയുന്ന ഏപ്രില്‍ മാസത്തിന് ശേഷം, 18 മാസങ്ങള്‍ കഴിഞ്ഞ് എന്തിനാണ് പരാതിക്കാരി എനിക്ക് മെസേജ് അയച്ചത്? എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഭയക്കുന്നത് എന്തുകൊണ്ടാണ്? എഫ്ഐആര്‍ ലഭിച്ചാലുടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി വ്യക്തമാക്കി.

അതിനിടെ തന്റെ സ്വകാര്യതയെ പരസ്യമായി അപമാനിച്ച ഫെന്നി നൈനാന്റെ നടപടിക്കെതിരെ അതിജീവിതയും രംഗത്തെത്തി. താന്‍ നേരിട്ട അതിക്രമത്തേക്കാള്‍ വലിയ മാനസിക വിഷമമാണ് തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് അതിജീവിത പ്രതികരിച്ചു. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പുറത്തുവിട്ട് തന്റെ സ്വഭാവഹത്യ നടത്താനാണ് ഫെന്നിയും സംഘവും ശ്രമിക്കുന്നതെന്നും, നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തലയും വാലുമില്ലാത്ത ചാറ്റുകള്‍ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരില്‍ കാണാന്‍ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞതെന്നും കഴിഞ്ഞ ആഗസ്റ്റില്‍ രാഹുലിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നിജസ്ഥിതി അറിയാനാണ് നേരില്‍ കാണമെന്ന പറഞ്ഞതെന്നും അതിജീവിത പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാന്‍ തയ്യാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസുകളില്‍ ഫെന്നിയുടെ ഇടപെടലുകള്‍ പോലീസിനെ അലോസരപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തെളിവുകള്‍ ഫെന്നി പുറത്തുവിട്ടത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് പോലീസ് ഭയക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ നിയമങ്ങള്‍ മുന്‍നിര്‍ത്തി ഫെന്നിയെ പൂട്ടാന്‍ നീക്കം നടക്കുന്നത്. അതിജീവിതയുടെ വിവരങ്ങള്‍ പുറത്തു വിടുന്ന തരത്തിലും ഒരു സൂചന ഫെനിയുടെ പോസ്റ്റിലുണ്ടായിരുന്നു. ഇതും ഫെനിയെ കുടുക്കാനുള്ള സാധ്യതയായി പോലീസ് കാണുന്നു.

അതിജീവിതയുടെ ശബ്ദസന്ദേശത്തില്‍ നിന്ന്:

2024 ജൂലൈയില്‍ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബര്‍ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തില്‍ ആണ് മിസ്‌കാരേജ് സംഭവിക്കുന്നത്. രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്‌കാരേജ്. മാനസികമായും ശാരീരികമായും ആകെ തകര്‍ച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ടിങ്ങില്‍ കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. രാഹുല്‍ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും ഫെനി പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങള്‍ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടില്‍ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.

ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങള്‍ പറഞ്ഞത് അറിഞ്ഞ രാഹുല്‍, തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും വരുന്നത്. 2025 ആഗസ്റ്റില്‍ രാഹുലിനെതിരായ വാര്‍ത്തകള്‍ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷര്‍ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാന്‍ അടൂരില്‍ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുല്‍ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കില്‍ ഫെന്നിയുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാന്‍ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു. പേഴ്‌സണല്‍ കാര്യങ്ങള്‍ സംസാരിക്കാനുള്ളതിനാല്‍ ആളുകള്‍ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.

ഒരു സുഹൃത്തിനൊപ്പം കാണാന്‍ വരുമെന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാന്‍ ആണ് വരാന്‍ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതല്‍ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂര്‍ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ല.

Tags:    

Similar News