വെഞ്ഞാറമൂട്ടില്‍ ക്വാറിയുള്ള ബ്ലൂ കാസിലില്‍ ക്രൈബ്രാഞ്ചിലെ സിഐയെ തല്ലിയത് വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടി കിട്ടിയ സിഐ! ഡിസംബര്‍ നാലിനുള്ള തല്ല് കൈവിട്ട് പോകാതിരുന്നത് ഓംപ്രകാശിന്റെ കരുതലില്‍; ഗുണ്ടാ നേതാവ് പിടിച്ചു മാറ്റിയില്ലെങ്കില്‍ വഴയിലയിലെ ഹോട്ടലില്‍ പോലീസിലൈ ഒരാള്‍ വീണേനേ; ആ സിഐമാര്‍ക്ക് മാപ്പ് നല്‍കിയേക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ട നേതാവിനൊപ്പം ബാറില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത കുറവ്. ഓംപ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും രണ്ട് സിഐമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ശാസനയില്‍ കാര്യങ്ങളൊതുക്കാനാകും ശ്രമം.
തിരുവനന്തപുരം വഴയിലയില്‍ ഒരു ബാറിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ മദ്യ സത്കാരത്തില്‍ ഓംപ്രകാശ് അടക്കമുള്ള ഗുണ്ടാ നേതാക്കള്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗുരുതര അച്ചടക്ക ലംഘനവും വീഴ്ചയുമാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. തമ്മിലടിച്ച ഒരു സിഐ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാള്‍ ക്രൈംബ്രാഞ്ചിലും. രണ്ടു പേര്‍ക്കും വലിയ സ്വാധീനമുണ്ട്. ഡിസംബര്‍ നാലിനാണ് ഈ സംഭവം നടന്നത്. ഇതുവരെ ആര്‍ക്കെതിരേയും നടപടിയെടുത്തില്ലെന്നത് തന്നെ ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ പോകുന്നതിന്റെ സൂചനയാണ്.
ഇതില്‍ ഒരു സിഐയ്‌ക്കെതിരെ മുമ്പും ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിന് കാരണം. ഇദ്ദേഹത്തിന്റെ വീട്ടിന് അടുത്ത് വ്യോമസേന ജീവനക്കാരന്റെ വിവാഹവാര്‍ഷികാഘോഷം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനം സിഐയുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാക്കുതര്‍ക്കത്തിന് പിന്നാലെ സംഘം ചേര്‍ന്ന് സിഐയെ വീടിന് മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു സിഐയ്ക്ക് തല്ലു കൊടുത്തത്. ഈ ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ചിലെ സിഐയെ പഞ്ഞിക്കിട്ടത്.
തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം പുതുതായി ആരംഭിച്ച ഹോട്ടലിലായിരുന്നു പോലീസുകാരുടെ തമ്മിലടി. ബ്ലൂ കാസില്‍ എന്ന ഹോട്ടല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹോട്ടലുടമ നടത്തിയ സല്‍കാരത്തിലാണ് പോലീസുകാരുടെ കൈയാങ്കളി. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസുകാരുടെ മദ്യലഹരിയിലെ ആക്ഷനുകള്‍ എന്നത് പോലീസിനെ ഞെട്ടിച്ചു. പോലീസുകാരെ പിടിച്ചു മാറ്റിയത് ഗുണ്ടകളാണെന്നും സൂചനകളുണ്ട്. ഗുണ്ടകള്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ അടി പുതിയ തലത്തിലെത്തുമായിരുന്നത്രേ. ഓംപ്രകാശാണ് ഇടപെട്ടതെന്നും സൂചനകളുണ്ട്.
സ്ഥലത്ത് ഒരു എസ്.പിയും കുടുംബസമേതം ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അടിപിടിയുണ്ടായാല്‍ പോലീസ് എഫ് ഐ ആര്‍ ഇടണം. ഇവിടെ അതും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഔദ്യോഗികമായി അടിയുണ്ടായി എന്ന് പറയാനുമാകില്ല. കടുത്ത അച്ചടക്ക നടപടികളിലേക്ക് പോയാല്‍ നിയമ കുരുക്കിലേക്ക് സര്‍ക്കാര്‍ എത്തും. വെഞ്ഞാറമൂട് ക്വാറിയുള്ള നെടുമങ്ങാട് സുരേഷിന്റേതാണ് ബ്ലൂ കാസില്‍ ഹോട്ടല്‍. ഇവിടെയാണ് അടിപിടിയുണ്ടായത്. സൗഹൃദത്തിന്റെ പേരില്‍ ക്ഷണം കിട്ടിയതു കൊണ്ടാണ് കുടുംബ സമേതം എത്തിയതെന്നാണ് എസ് പിയുടെ വിശദീകരണം.