108.5 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും പിന്നെ 6-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമുള്ള പോളോ ജിടി; മാങ്കൂട്ടത്തില്‍ മുങ്ങിയത് സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന കാറില്‍; വെള്ളിത്തിരയിലെ 'വെള്ളിനക്ഷത്രത്തെ' പോലീസ് ചോദ്യം ചെയ്തു; കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായത് തന്ത്രപരമായി; അന്ന് ഫ്‌ളാറ്റിലെ സിസിടിവിയിലും ഒന്നുമില്ല; മാങ്കൂട്ടത്തിലിനെ കടത്തിയത് സിനിമാ ബുദ്ധി!
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ വെട്ടിച്ച് പറന്നത് ഫോക്‌സ്‌വാഗന്റെ പോളോ ജിടി കാറില്‍! 108.5 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും 6-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമുണ്ട് കാറിന്. സിനിമാ താരത്തിന്റെ കാര്‍ എന്നും പോലീസ് സൂചന നല്‍കുന്നു. കണ്ണാടിയില്‍ നിന്നാണ് മാങ്കൂട്ടത്തില്‍ മുങ്ങിയത്. ചുവന്ന പോളോ കാറിലാണ് മാങ്കൂട്ടം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അത് രാഹുലിന്റെ സുഹൃത്തായ സിനിമാ താരത്തിന്റെ കാറാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണാടിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ചുവന്ന പോളോ കാര്‍ എന്ന സൂചന പോലീസിനും ലഭിച്ചത്. രാഹുലുമായി അടുപ്പമുള്ള ഒരു സിനിമാ താരത്തിന് ചുവന്ന പോളോ കാര്‍ ഉണ്ടെന്നതാണ് വസ്തുത. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു സിനിമാ താരത്തെ പോലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യലില്‍ താരം ആരോപണം നിഷേധിച്ചുവെന്നാണ് സൂചന. എങ്കിലും അവര്‍ നിരീക്ഷണത്തിലാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുല്‍ മുങ്ങിയ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തത്. അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തതാണെന്നാണ് സംശയം. ഡിവിആര്‍ എസ്‌ഐടികസ്റ്റഡിയിലെടുത്തു. കെയര്‍ ടേക്കറെ എസ്‌ഐടി ചോദ്യം ചെയ്യും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം പൊലീസ് തള്ളി. രാഹുല്‍ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാന്‍ നടത്തിയ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി നീക്കങ്ങള്‍ നടന്നതായും കണ്ടെത്തല്‍. തൃശൂര്‍,പാലക്കാട്, കോയമ്പത്തൂര്‍ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രധാനമായും പാലക്കാട് തന്നെയാണ് പരിശോധിക്കുക. രാഹുലിനെ തിരയാനും കൂടുതല്‍ പൊലീസ് സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യാനും സംശയമുള്ളിടങ്ങളില്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിനന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. കണ്ണാടിയിലായിരുന്നു അപ്പോള്‍ രാഹുല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയുമായി പലതവണ ലൈംഗിക ബന്ധമുണ്ടായെന്നും തന്റെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ എന്നിവ യുവതി റെക്കോഡ് ചെയ്ത് സൂക്ഷിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിനെന്നാണ് ജാമ്യാപേക്ഷയിലെ വാദം. വിവാഹബന്ധം വേര്‍പെടുത്തി അഞ്ച് മാസത്തിനുശേഷമാണ് രാഹുലുമായുള്ള സൗഹൃദമെന്നും വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്ന് രാഹുല്‍ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്ന് വാദിച്ചാല്‍ അതും നിലനില്‍ക്കില്ല. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായുണ്ട്. മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്‌സ് ആപ്പ് ചാറ്റില്‍ 'എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കൈവശപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്.
മരുന്ന് നല്‍കിയ കടയുടമയും നിര്‍ദേശിച്ച ഡോക്ടറും (അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ ) ഉള്‍പ്പെടെ പ്രതിയാകും. അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 89 പ്രകാരം ജീവപര്യന്തം തടവോ പത്ത് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ജീവന് ഭീഷണിയുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ബിഎന്‍എസ് 123 പ്രകാരം 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയുടെ സുഹൃത്ത് ജോബി ജോസഫിനും ഈ കുറ്റം ബാധകമാണെന്ന് പോലീസ് പറയുന്നു. പീഡനക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മാങ്കൂട്ടത്തിലിന്റെ സുഹൃത്തിന്റെ കൂട്ടുകാരന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം എത്തിയിരുന്നു. പത്തനംതിട്ട മൈലപ്ര സ്വദേശി അജീഷിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ടോടെ പോലീസ് എത്തിയത്.
രാഹുലിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുഹൃത്ത് ജോബി ജോസഫിന്റെ കൂട്ടുകാരനാണ് അജീഷ്. കേസില്‍ അന്വേഷണം തുടങ്ങിയതുമുതല്‍ ചെങ്ങന്നൂര്‍ സ്വദേശിയായ ജോബി മാറി നില്‍ക്കുകയാണ്. ഇയാളുടെ ഫോണ്‍ രേഖകകള്‍ പരിശോധിച്ചതില്‍നിന്ന് അവസാനം ബന്ധപ്പെട്ടിട്ടുള്ളത് അജീഷിനെയാണെന്ന് മനസ്സിലായി. ഇതോടെയാണ് ഇയാളെ തേടി പോലീസ് വന്നതെന്ന് അറിയുന്നു. തിരുവനന്തപുരത്തെത്തി മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്‌തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്‌ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും.
