പിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; 'ജയരാജന്മാരുടെ' എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?
കണ്ണൂര്‍: നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒളിവില്‍ കഴിയുന്ന പിപി ദിവ്യ പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ആത്മഹത്യാ പ്രേരണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം കിട്ടിയെന്നറിയുന്നു. സിപിഎമ്മും കീഴടങ്ങാന്‍ ദിവ്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരെ ഗൗരവത്തിലുള്ള പാര്‍ട്ടി നടപടിയും വരും. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഈ കേസില്‍ ദിവ്യയ്ക്ക് എതിരാണ്. ദിവ്യയ്‌ക്കെതിരെ നടപടിയും അറസ്റ്റും ഉണ്ടാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയത്.
പ്രത്യക അന്വേഷണ സംഘത്തില്‍ നിലവില്‍ അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത് കൊടേരിയെയും ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാറാണ് പുതിയ സംഘത്തലവന്‍. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജ രാജ്പാല്‍ മീണ മേല്‍നോട്ടം വഹിക്കും. കണ്ണൂര്‍ എ.സി.പി രത്‌നകുമാര്‍, ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍, എസ്.ഐമാരായ സവ്യസാചി, രേഷ്മ, എ.എസ്.ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. സിപിഎമ്മുമായി ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് എസിപി രത്‌നകുമാര്‍. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ സംഘത്തിന് മുന്നിലാകും ദിവ്യ കീഴടങ്ങുക എന്നാണ് സൂചന. എന്നാല്‍ സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളാനും സാധ്യതയുണ്ട്. എല്ലാ നിയമ വഴിയും നോക്കിയ ശേഷം മാത്രം അറസ്റ്റു വരിച്ചാല്‍ മിതയെന്ന ഉപദേശവും ദിവ്യയ്ക്കുണ്ട്. അതിനിടെ തലശ്ശേരി കോടതിയില്‍ നിന്നും എതിരായി ഉത്തരവുണ്ടായാല്‍ ദിവ്യയെ പോലീസ് ഉടന്‍ അറസ്റ്റു ചെയ്യുമെന്ന സന്ദേശവും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
അന്വേഷണ സംഘം പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴിയെടുത്തിരുന്നു. മുതിര്‍ന്ന സി.പി.എം നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇയാളാണ് പ്രശാന്തനെക്കൊണ്ട് പെട്രോള്‍ പമ്പിന് അപേക്ഷിച്ചതെന്ന് ആരോപണമുണ്ട്. അതേസമയം ഇതെല്ലാം ദിവ്യയുടെ ബിനാമിയല്ല പ്രശാന്തനെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയരുന്നു. പ്രശാന്തിന്റെ ഭാര്യാ സഹോദരന്‍ രജീഷും ബിനാമിയാണെന്ന വാദം ശക്തമാണ്. ഇവര്‍ക്കെല്ലാം പിന്നില്‍ പ്രശാന്തിന്റെ അടുത്ത ബന്ധുവായ സിപിഎം നേതാവാണെന്ന ആക്ഷേപം ശക്തമാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29-ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. അതിന് മുമ്പ് ദിവ്യ കീഴടങ്ങുന്നതാണ് നല്ലതെന്നാണ് സിപിഎമ്മിലെ പൊതു ചിന്ത. എന്നാല്‍ രാഷ്ട്രീയമായി ജയിലിലേക്ക് പോകുന്നത് ദിവ്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്ത് പാര്‍ട്ടി നിര്‍ദ്ദേശം ദിവ്യ തള്ളാനും ഇടയുണ്ട്.
അതേസമയം, റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീത, കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എ.ഡി.എം. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തിനു കുരുക്കായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. പ്രശാന്തിനെ ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയാക്കാന്‍ വകുപ്പില്ലെന്നും വിലയിരുത്തലുണ്ട്.
സര്‍വീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകമാണ്. മെഡിക്കല്‍ കോളജ് അധികാരികളുടെ അനുമതി വാങ്ങാതെയാണ് എന്‍.ഒ.സിക്ക് അപേക്ഷിച്ചത് എന്നാണു കണ്ടെത്തല്‍. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുകയാണ്. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരേ നടപടി വേണം എന്നാണ് സമിതിയുടെ ശിപാര്‍ശ. ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയും ജോയിന്റ് ഡി.എം.ഒയും അടങ്ങിയതാണ് വകുപ്പുതല അന്വേഷണസമിതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാനാണ് സാധ്യത.
പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരനാണെന്നുമായിരുന്നു ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. പ്രശാന്തിനെ സ്ഥിരപ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.