ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍; ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള്‍ എല്ലാവരും പേന പിടിക്കണം; ആഗ്രഹിച്ചത് 'അന്‍വറിസം' മോഡലില്‍ 'പിണറായിസം' ആവാഹിക്കാന്‍; കാല്‍പ്പന്തു കളിക്ക് വേണ്ട 'പന്തടക്കം' രാഷ്ട്രീയത്തില്‍ കാട്ടാതെ അഴിയെണ്ണുന്നു; പിപി ദിവ്യ മോഹിച്ചതെല്ലാം നഷ്ടമാകുമ്പോള്‍
കണ്ണൂര്‍: അഴിമതിക്കെതിരായ പോരാളി... പിവി അന്‍വറിന്റെ വാര്‍ത്ത സമ്മേളനങ്ങളില്‍ പ്രചോദിതയായിട്ടാണ് പിപി ദിവ്യ മുമ്പോട്ട് കുതിയ്ക്കാന്‍ വഴി കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സംസ്ഥാന മന്ത്രിപദത്തിലേക്കുള്ള യാത്ര. അതിന് വേണ്ടി നടന്ന കൃത്യമായ ആസൂത്രണവും എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങിലേക്കുള്ള വരവിലുണ്ടായിരുന്നു. കണ്ണൂര്‍ എഡിഎമ്മിനെ പൊതുവേദിയില്‍ അപമാനിച്ച് അഴിമതിക്കെതിരായ മുന്നണി പോരാളിയായി മാറുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം. പിവി അന്‍വറിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് സമാനമായ പലതും ദിവ്യ മനസ്സില്‍ കണ്ടു. അതിന് ശേഷം യാത്ര അയപ്പ് ചടങ്ങിലെത്തി വെടി പൊട്ടിച്ചു. അത് കൃത്യമായി ചിത്രീകരിക്കാന്‍ ചാനലുമെത്തി. ആ വിഡീയോ വൈറലായി. അഴിമതിക്കാരനായ എഡിഎമ്മിന് ഉപഹാരം പോലും കൊടുക്കാന്‍ മടിക്കുന്ന ദിവ്യ. ഈ ഷോയ്ക്ക് ശേഷം ദിവ്യയുടെ വീട്ടില്‍ അത്യാഹ്ലാദമായിരുന്നു. നാളെയെ കുറിച്ചോര്‍ത്തുള്ള ആഘോഷം. പക്ഷേ സംഭവിച്ചത് ആ പ്രസംഗത്തിലെ ഒരുവരിയായിരുന്നു. ദിവ്യ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. നവീന്‍ ബാബുവിനെ മരണത്തിലേക്ക് ദിവ്യ തളളി വിട്ടു. എന്നാല്‍ ദിവ്യയുടെ യാത്ര ജയിലിലേക്കുമായി.
''ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാന്‍'' -എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയര്‍ന്ന പി.പി. ദിവ്യയുടെ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നനിലയില്‍ ശോഭിക്കുകയും പാര്‍ട്ടി വലിയ പ്രതീക്ഷവെച്ചുപുലര്‍ത്തുകയും ചെയ്ത പി.പി. ദിവ്യ എന്ന നേതാവിന്റെ പതനവും ആ പ്രസംഗത്തില്‍ തുടങ്ങി. ആ പ്രസംഗം റിക്കോര്‍ഡ് ചെയ്തതും പത്രങ്ങളില്‍ എല്ലാം അടുത്ത ദിവസം വാര്‍ത്ത വരുത്തിയതും താരമാകാനുള്ള ദിവ്യയുടെ മോഹമായിരുന്നു. കോളേജ് പഠനകാലത്ത് സംസ്ഥാന ഫുട്ബോള്‍ ടീം അംഗമായിരുന്നു. കാല്‍പന്തുകളിക്കാരിയുടെ വശ്യതയില്‍ നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തുന്നതിനൊപ്പം രാഷ്ട്രീയ ഗോള്‍ പോസ്റ്റില്‍ ഗോളടിച്ച് മുന്നേറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അടിച്ചത് സെല്‍ഫ് ഗോളായി. അങ്ങനെ ദിവ്യ ആകെ തകരുകയാണ്. എല്ലാത്തിനും കാരണം ആ പ്രസംഗം റിക്കോര്‍ഡ് ചെയ്യിച്ച നടപടിയാണെന്ന് കാലം ദിവ്യയ്ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. താന്‍ കുഴിച്ച കുഴയിലാണ് സ്വയം വീണതെന്ന് ദിവ്യയ്ക്ക് ഇപ്പോവറിയാം. പക്ഷേ ഇനി പറഞ്ഞിട്ട് കാര്യവുമില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സി.പി.എം. പരിഗണിച്ചവരുടെ കൂട്ടത്തില്‍ പി.പി. ദിവ്യയുമുണ്ടായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പായും സ്ഥാനാര്‍ത്ഥിയാകുമായിരുന്നു. തളിപ്പറമ്പിലോ മട്ടന്നൂരിലോ എല്ലാം മത്സരിക്കാന്‍ അവസരവും കിട്ടുമായിരുന്നു. അതെല്ലാം തകര്‍ന്ന സ്വപ്‌നമായി ദിവ്യയ്ക്ക് മാറുകയാണ്. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രി പഠനത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകയായത്. എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയിലും ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടേറിയറ്റിലും അംഗമായിരുന്ന ദിവ്യ നിലവില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ ആസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗവുമാണ്. കല്യാശ്ശേരി ഡിവിഷനില്‍നിന്നാണ് പി.പി. ദിവ്യ 2020-ല്‍ ജില്ലാപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതല്‍ 2010 വരെ ചെറുകുന്ന് ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്ത് അംഗമായി. 2010-15 കാലത്ത് കല്യാശ്ശേരിയില്‍നിന്ന് ജയിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി കണ്ണൂരിലെ പ്രധാന നേതാവാകുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം. അതിന് വേണ്ടിയുള്ള കരുതലും മുന്നൊരുക്കവുമായണ് നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ ദിവ്യ എത്തിയതും. തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ പി വി അന്‍വര്‍ നടത്തിയതിന് സമാനമായ പ്രതികരണം അഴിമതിക്കെതിരെ നടത്തുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടിയാണ് രണ്ടു ദിവസത്തിനകം കൂടുതല്‍ പറയാമെന്ന് പറഞ്ഞതും. പിണറായിയുടെ വാക്കുകളില്‍ തുടങ്ങിയ നവീന്‍ ബാബു അധിക്ഷേപം തന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തുമെന്ന് ദിവ്യ കരുതി. പക്ഷേ താങ്ങാവുന്നതിലും അധികമായപ്പോള്‍ നവീന്‍ ബാബു ജീവനൊടുക്കി. ഇതോടെ എല്ലാം മാറി മറിഞ്ഞു. താരമാകാന്‍ റിക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് കൊടുത്ത ആ വീഡിയോ തിരിച്ചടിയാവുകയും ചെയ്തു. അങ്ങനെ അഴിക്കുള്ളിലേക്ക് പോവുകയാണ് മന്ത്രിയാകാന്‍ മോഹിച്ച ദിവ്യ.
പി പി ദിവ്യയുടെ വിവാദ പ്രസംഗം
'മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പറഞ്ഞ, എന്റെയൊക്കെ ഹൃദയത്തില്‍ തറച്ച വാചകമുണ്ട്. ഒരു ഫയല്‍ എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പലപ്പോഴും ഞാന്‍ വിമര്‍ശനമായി പറയുന്നതായിട്ട് കരുതുക, അങ്ങനെ പറഞ്ഞിട്ടുപോലും എന്റെ കൈയിലുള്ള ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്ന് എത്രപ്പേര്‍ക്ക് തോന്നിയിട്ടുണ്ടാവും. പത്തുപതിനഞ്ചും പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങുന്ന മനുഷ്യന്‍, അവര്‍ അങ്ങനെ വന്നുപോകുമ്പോള്‍, ആ മനുഷ്യന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെന്ന് ഒരു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മറ്റൊരു കാര്യം. വളരെ സുതാര്യമായിട്ടുള്ള സംവിധാനങ്ങള്‍ ഉള്ള കാലമാണ്. സുതാര്യം എന്നു പറഞ്ഞാല്‍ ഒരു രഹസ്യവും നമുക്ക് ആര്‍ക്കും ഇല്ല.
ഞാന്‍ ഇന്ന്് ഫോണില്‍ സംസാരിക്കുന്നതു പോലും പലര്‍ക്കും കേള്‍ക്കാം. ഞാന്‍ വിചാരിക്കുന്നത്. കലക്ടര്‍ വിളിക്കുമ്പോള്‍ ഞാനും കലക്ടറും മാത്രമേ അറിയൂ എന്നാണ്. ഇതിനപ്പുറം ഒരുപാട് ആളുകള്‍ കേള്‍ക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ വിശ്വസിക്കണം. യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുകയാണ്. അദ്ദേഹം മറ്റൊരു ജില്ലയിലേക്ക് പോകുകയാണ്. മുന്‍ എഡിഎമ്മുകളില്‍ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തെ അധികം വിളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കല്‍ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങള്‍ സൈറ്റ് ഒന്നുപോയി നോക്കണം. ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോള്‍ ഒരു ദിവസം പറഞ്ഞ് സൈറ്റ് പോയി നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ആ സംരംഭകന്‍ എന്റെ മുറിയില്‍ പലതവണ വന്നു. തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു തീരുമാനമാകും. വീണ്ടും വീണ്ടും അദ്ദേഹം എന്റെ അടുത്ത് വന്നു.
എഡിഎമ്മിനോട് പറഞ്ഞു. ഇത് എന്തെങ്കിലും നടക്കോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഒരു വളവും തിരിവും ഉള്ളതുകൊണ്ട് ഒരു എന്‍ഒസി കൊടുക്കാന്‍ പ്രയാസമാണ് എന്ന് അദ്ദേഹം പറഞ്ഞു. സംരംഭകന്‍ എന്റെ അടുത്ത് വന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ ഇടയ്ക്കിടെ വന്നു കാണേണ്ട ആവശ്യമില്ല. ഞാന്‍ ഒന്നോ രണ്ടോ തവണ അദ്ദേഹത്തോട് പറഞ്ഞുകഴിഞ്ഞു.നിങ്ങളെ സഹായിക്കണം. ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഒരു സെക്കന്‍ഡ് വച്ച് സഹായിക്കേണ്ടവരാണ് നമ്മളെല്ലാം എന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. എന്‍ഒസി എങ്ങനെ കിട്ടി എന്നത് എനിക്ക് അറിയാം. ആ എന്‍ഒസി കൊടുത്തതില്‍ നന്ദി പറയാനാണ് കഷ്ടപ്പെട്ട് ഞാന്‍ ഈ സമയത്ത് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത്.
ഒന്ന് ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. നിങ്ങള്‍ ഒരു വ്യക്തിയെയും ചിരിച്ച് കൊണ്ടും പാല്‍ പുഞ്ചിരി കൊണ്ടും ലാളിത്യം കൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യര്‍ എന്ന് നിങ്ങള്‍ ആരും ധരിക്കേണ്ട. അങ്ങനെ ആരും ധരിക്കേണ്ട. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ഒരു നന്ദി പറയുകയാണ്. കാരണം ഞാന്‍ ഒരു ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചപ്പോള്‍ അദ്ദേഹം നടത്തി കൊടുത്തു കുറച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെടണം.മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെ ചുറ്റും ആളുകള്‍ ഉണ്ട്. വളരെ കെയര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സര്‍വീസാണ്.
ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള്‍ എല്ലാവരും പേന പിടിക്കണം. ഇത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്. ഒരു രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങള്‍ കൂടി ഉണ്ട്. അത് രണ്ടുദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.'