പാര്‍ട്ടി കൈവിട്ടു, തദ്ദേശത്തില്‍ അവസരമില്ല, ജനാധിപത്യ മഹിളാ അസോസിയേഷനില്‍ നിന്നും തെറിച്ചു; 'പി.പി ദിവ്യ ബിജെപിയിലേക്കോ? ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി'; കണ്ണൂരിനെ നടുക്കി 'സുപ്രഭാതം' റിപ്പോര്‍ട്ട്; വാര്‍ത്ത നല്‍കിയ ലേഖകന്റെ നമ്പറിട്ട് കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ദിവ്യ

പി.പി ദിവ്യ ബിജെപിയിലേക്കോ?

Update: 2026-01-17 12:49 GMT

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തായതിനു പിന്നാലെ സി.പി.എം കൈയൊഴിഞ്ഞ പി.പി ദിവ്യ ബി.ജെ.പിയിലേക്കോ? കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത സുപ്രഭാതം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സുപ്രഭാതത്തിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫായ സുരേഷ് മമ്പള്ളിയാണ് വാര്‍ത്ത തയ്യാറാക്കിയത്. വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന തിരിച്ചറിവിലാണ് കളം മാറാനുള്ള ദിവ്യയുടെ നീക്കമെന്നറിയുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. പിപി ദിവ്യയുടെ പ്രതികരണവും ഇതിനോടൊപ്പം നല്‍കുന്നുണ്ട്. പലരും വന്ന് കാണാറുണ്ട്; തല്‍ക്കാലം എങ്ങോട്ടുമില്ല എന്നാണ് വാര്‍ത്തക്കൊപ്പമുള്ള പ്രതികരണം.

വാര്‍ത്ത വന്നതിന് പിന്നാലെ 'നാട്ടില്‍ 10 പേര് പോലും വായിക്കാതെ ഒരു പത്രത്തിന് പ്രചാരം കിട്ടാന്‍ ചീഫ് എഡിറ്ററുടെ കിടിലന്‍ ഓപ്പറേഷന്‍... ' എന്ന് പരിഹസിച്ച് പി പി ദിവ്യ പോസ്റ്റിട്ടു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി പി ദിവ്യയെ ഒഴിവാക്കിയത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത്. പി.പി. ദിവ്യ ആവശ്യപ്പെട്ടത് പ്രകാരമാണ് ഒഴിവാക്കല്‍ നടപടിയെന്നാണ് വിശദീകരണം.

എന്നാല്‍, പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനശൈലി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി.പി. ദിവ്യയെക്കുറിച്ച് പരാതി ഉണ്ടായിരുന്നു. മാത്രമല്ല എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാണ് പി.പി. ദിവ്യ. കൂടാതെ കൊല്ലത്തെ വിഭാഗീയതയുടെ പേരില്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് സൂസന്‍ കോടി ഒഴിവാക്കപ്പെട്ടിരുന്നു. അങ്ങനെ പാര്‍ട്ടി നടപടി നേരിട്ട രണ്ടുപേരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് കൂടാതെ നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരുന്നു. അങ്ങനെ ഈ തീരുമാനത്തിലെല്ലാം പിപി ദിവ്യ ഇതില്‍ നിരാശയായിരുന്നുവെന്നാണ് സൂചന. ഇതിനിടയില്‍ പിപി ദിവ്യ ബിജെപിയിലേക്ക് പോകുന്നുവെന്നും, നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. സുപ്രഭാതം പത്രത്തില്‍, ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി; പി.പി ദിവ്യ ബി.ജെ.പിയിലേക്കോ? എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത.

പിപി ദിവ്യയെ സിപിഎം കൈയ്യൊഴിഞ്ഞുവെന്നും, തുടര്‍ന്ന് ബിജെപിയിലേക്ക് പോകുന്നുവെന്നുമാണ് വാര്‍ത്ത. പി പി ദിവ്യയുടെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ തന്നെ വന്ന് കാണാറും വിളിക്കാറുമുണ്ടെന്ന് പി.പി ദിവ്യ. ബി.ജെ.പി നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായും നല്ല സൗഹൃദമുണ്ട്. കേസ് നടത്തിപ്പിനുള്ള സഹായം വരെ പല നേതാക്കളും വാഗ്ദാനം ചെയ്തു. സി.പി.എം അംഗമെന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തല്‍ക്കാലം ആഗ്രഹമില്ല. പാര്‍ട്ടി പൂര്‍ണ്ണമായും കൈയൊഴിഞ്ഞെന്നു ബോധ്യമായാല്‍ മാത്രം മറ്റു വഴികള്‍ ആലോചിക്കും. ഇപ്പോള്‍ തനിക്ക് മുന്നിലുള്ളത് ഹൈക്കോടതിയില്‍ നടക്കുന്ന കേസും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുമാണെന്നും ദിവ്യ വ്യക്തമാക്കിയെന്നുമാണ് വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ പി.പി ദിവ്യ ഇക്കാര്യം നിഷേധിച്ചു. മാത്രമല്ല വാര്‍ത്ത നല്‍കിയ ലേഖകന്റെ നമ്പറുള്‍പ്പടെ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട് കൈകാര്യം ചെയ്യാനും ആഹ്വാനം ചെയ്തു. ഇതോടെ പിപി വീണ്ടും വിവാദത്തില്‍ ചാടിയിരിക്കുകയാണ്.

പി.പി ദിവ്യയുടെ കുറിപ്പ്:

നാട്ടില്‍ 10 പേര് പോലും വായിക്കാതെ ഒരു പത്രത്തിന്

പ്രചാരം കിട്ടാന്‍ ചീഫ് എഡിറ്ററുടെ കിടിലന്‍ ഓപ്പറേഷന്‍... സുരേഷ് മാമ്പള്ളി

99478 60396..... ഫോണ്‍ നമ്പര്‍ ഇതാണ്..

സംശയങ്ങള്‍ ഈ നമ്പറില്‍ വിളിച്ചു ചോദിക്കുന്നത് ഉചിതമാവും....

ലാല്‍സലാം


Full View

പത്രത്തില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെ

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തായതിനു പിന്നാലെ സി.പി.എം കൈയൊഴിഞ്ഞ പി.പി ദിവ്യ ബി.ജെ.പിയിലേക്ക് എന്ന് സൂചന. ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായതിനു പിന്നാലെ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. വൈകാതെ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ഒഴിവാക്കി. പാപ്പിനിശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഇരിണാവ് സൗത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയുമുണ്ടായി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലും ദിവ്യയെ അവഗണിച്ചു. മഹിളാ അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിലും തഴയുകയായിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് ദിവ്യയെ നീക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയതെന്നറിയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് 2014 ഒക്ടോബര്‍ 14-നായിരുന്നു നവീന്‍ ബാബു ജീവിതമൊടുക്കിയത്.



തുടക്കത്തില്‍ ദിവ്യയെ സംരക്ഷിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യഗ്രത കാട്ടിയെങ്കിലും നവീന്‍ ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലെ സി.പി.എം നേതാക്കള്‍ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. ഗത്യന്തരമില്ലാതെയാണ് കണ്ണൂര്‍ നേതൃത്വം ദിവ്യയെ കൈയൊഴിയാന്‍ നിര്‍ബന്ധിതമായത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാന്‍ഡിലായതിന് പിന്നാലെയാണ് ദിവ്യയെ ഇനിയും സംരക്ഷിച്ചാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് സി.പി.എമ്മിന് ബോധ്യമായത്. ജയില്‍മോചിതയായ ശേഷം പാര്‍ട്ടി നേതൃത്വവുമായി അടുക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അന്നു വരെ നിഴലായിട്ടുണ്ടായിരുന്നവര്‍ പോലും മുഖം കൊടുക്കാതായി. വൈകാതെ യാത്രകളും റിസോര്‍ട്ടുമൊക്കെയായി പിടിച്ചുനില്‍ക്കാനും പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കായി ദിവ്യ നടത്തിയ അപദാനങ്ങളും പിടിവള്ളിയായില്ല. വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലേക്ക് ഇനിയൊരു തിരിച്ച പോക്കില്ലെന്ന് തിരിച്ചറിവിലാണ് കളമാറാനുള്ള ദിവ്യയുടെ നീക്കമെന്നറിയുന്നു. വരുംദിവസങ്ങളില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി തുടര്‍ച്ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കല്ല്യാശേരി മണ്ഡലത്തില്‍ നിന്ന് ദിവ്യയെപ്പോലുള്ള വനിതാ നേതാവ് കൂടുമാറിയാല്‍ അത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാകുമെന്ന് ഉറപ്പ് എന്നും വാര്‍ത്തയില്‍ പറയുന്നു.

Tags:    

Similar News