പ്രകാശ് കാരാട്ടിന് പുതിയ ചുമതല; പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്റര്‍; എം എ ബേബിക്കും വിജയരാഘവനും നിരാശ; സീതാറാം യെച്ചൂരിക്ക് പകരക്കാരന്‍ വൈകും; തീരുമാനം, പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതു വരെ
പ്രകാശ് കാരാട്ട് സിപിഐഎം പിബി, സിസി കോര്‍ഡിനേറ്ററായി ചുമതല വഹിക്കും
ന്യൂഡല്‍ഹി: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം.
സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്ററായി കാരാട്ട് തുടരുമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടര്‍ന്നാണ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കുന്നത്. അടുത്ത വര്‍ഷം മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
നിലവില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, 2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 ഏപ്രില്‍ 11നാണ് ജനറല്‍ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2008 ഏപ്രില്‍ 3ന് കോയമ്പത്തൂരില്‍ വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും, 2012 ഏപ്രില്‍ 9നു കോഴിക്കോട് വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2015ല്‍ പ്രകാശ് കാരാട്ടിനു പിന്‍ഗാമിയായാണ് സീതാറാ യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. ഭാര്യ വൃന്ദാ കാരാട്ട് സിപിഎം പിബി അംഗമാണ്.
കോഡിനേറ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് കൂട്ടായ ചുമതല നല്‍കാനായിരുന്നു സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിലുണ്ടായ ധാരണ. ഏപ്രിലില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള ദൈനംദിന കാര്യങ്ങളുടെയും പാര്‍ട്ടി കോണ്‍ഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പി.ബി. അംഗങ്ങളുള്‍പ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. പി.ബി. അംഗങ്ങളുടെ മേല്‍നോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം, സംഘടനാരേഖ എന്നിവ സംബന്ധിച്ച പ്രാരംഭചര്‍ച്ചകളും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകും. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല. 2005 മുതല്‍ 2015 വരെ പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.
കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കും. ഇതിനു പുറമെ ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ആകും. അതേസമയം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.