പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് 'സ്വര്‍ണ്ണം' കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന്‍ 'ജോര്‍ജ് സാര്‍'! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ 'കള്ളനായി സൂപ്പര്‍താരം'; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Update: 2025-07-19 08:35 GMT

കൊച്ചി: തുടരും സിനിമ വിജയിച്ചത് തിയേറ്ററുകളിലാണ്. ഇതാ ഇപ്പോള്‍ വീണ്ടും ആ സിനിമയിലെ നായകനും വില്ലനും ആയ മോഹന്‍ലാലും പ്രകാശ് വര്‍മ്മയും വീണ്ടും ഒന്നിച്ചു. അതും പുതുമയാണ് നല്‍കുന്നത്. മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും'. ആ സിനിമയില്‍ മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നിന്ന കഥാപാത്രമാണ് വില്ലനായ 'ജോര്‍ജ് സാര്‍'. പരസ്യ ചിത്ര രംഗത്തെ അതികായനാണ് 'ജോര്‍ജ് സാറായി' മാറിയ പ്രകാശ് വര്‍മ്മ. ഇപ്പോള്‍ മോഹന്‍ലാലും പ്രകാശ് വര്‍മ്മയും വീണ്ടും ഒരുമിച്ചു. പരസ്യ ചിത്രത്തിലാണ് ഇപ്പോഴത്തെ കൂട്ടുകെട്ട്.

മോഹന്‍ലാലും പ്രകാശ് വര്‍മ്മയും അഭിനയിച്ച പരസ്യമാണ് സൈബറിടങ്ങളില്‍ വൈറലാകുന്നത്. ആഭരണങ്ങള്‍ അണിഞ്ഞ് സ്ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്ന മോഹന്‍ലാലിന്റെ രംഗങ്ങളാണ് കൈയ്യടി നേടുന്നത്. സിനിമ കഥ പോലെ പരസ്യം ഒരുക്കുകയാണ് മോഹന്‍ലാല്‍. പരസ്യ ചിത്ര സംവിധായകനേയും ഇതില്‍ കാണിക്കുന്നു. അതായത് തുടരും സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ തന്റെ രൂപവും പരസ്യത്തിലേക്ക് ആവാഹിക്കുന്ന പ്രകാശ് വര്‍മ്മ. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനെത്തുന്ന മോഹന്‍ലാല്‍. അതിന്റെ സീന്‍ വിവരിക്കുന്ന സംവിധായകന്‍ പ്രകാശ് വര്‍മ്മ. ഇതിനിടെ പരസ്യ ചിത്രത്തിലെ നായികയും വരുന്നു. കൈകൊടുത്ത് മോഹന്‍ ലാല്‍ പുറത്തേക്ക് പോകുന്നു. പെട്ടെന്ന് ആഭരണം കാണാനില്ല. പോലീസിനെ വിളിക്കാന്‍ തീരുമാനിക്കുന്ന പരസ്യ ചിത്രമൊരുക്കല്‍ ടീം. ഇതിനിടെ സ്വര്‍ണ്ണം പോയതു കൊണ്ട് ചിത്രീകരണം മുടങ്ങുമെന്ന് മോഹന്‍ലാലിനെ അറിയിക്കാന്‍ തീരുമാനിക്കുന്ന സംവിധായകന്‍.

മോഹന്‍ലാലിന്റെ കാരവാനില്‍ എത്തുന്ന പ്രകാശ് വര്‍മ്മ കാണുന്നത്. മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ് മോഡലിന്റെ വേഷ പകര്‍ച്ച ആസ്വദിക്കുന്ന ലാലിനെയാണ്. ആരും കൊതിച്ചു പോകും എന്ന ടാഗ് ലൈനില്‍ പരസ്യം തീരുന്നു. ഒരു മിനിറ്റും 53 സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് ഈ പരസ്യ ചിത്രം. ഇതുവരെ ആരും പരീക്ഷിക്കാത്ത രീതിയിലാണ് ഇതെടുത്തിരിക്കുന്നത്. ചെറിയ ചമ്മലോടെ സ്വര്‍ണ്ണകടയുടെ മികവ് പറഞ്ഞു വയ്ക്കുന്ന ലാലിന്റെ ഭാവം പരസ്യ ചിത്രത്തെ വൈറലാക്കുന്നുവെന്നതാണ് വസ്തുത. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകയാണ് പരസ്യത്തില്‍ മോഹന്‍ലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ് സ്‌ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയാണ് പരസ്യത്തില്‍ കാണാനാകുക. പാളിപ്പോകാവുന്ന ഐറ്റം മോഹന്‍ലാല്‍ വേറെ ലെവലില്‍ എത്തിച്ചു എന്നാണ് മിക്കവരുടെയും സോഷ്യല്‍ മീഡിയാ കമന്റുകള്‍. ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്ടിയായി മാറ്റിയിരിക്കുകയാണ് മോഹന്‍ലാല്‍. ഏത് വേഷത്തില്‍ വന്നാലും മോഹന്‍ലാല്‍ അത് മികച്ചതാക്കും എന്നുമൊക്കെ കമന്റുകളുണ്ട്. മോഹന്‍ലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷന്‍മാരിലുമുള്ള സ്‌ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹന്‍ലാല്‍. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്ബു അഭിപ്രായപ്പെടുന്നു. പ്രകാശ് വര്‍മയുടെ കണ്‍സെപ്റ്റിനെയും അഭിനന്ദിക്കുന്നു ഭൂരിഭാഗവും. ഇരുവരെയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ചു കാണാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട് മറ്റ് ചിലര്‍. പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വിന്‍സ്മേര ജുവല്‍സിന്റെ പരസ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ പരസ്യം മോഹന്‍ലാലും പങ്കുവെച്ചിട്ടുണ്ട്.

കണ്ണുകൊണ്ടും പുരികംകൊണ്ടും ഉള്ളം കാലുമൊണ്ടൊക്കെ അഭിനയിക്കാന്‍ കഴിയുന്ന നടനവിസ്മയം മോഹന്‍ലാലിലെ നടനെ തിരിച്ചുകൊണ്ടുവന്ന, തരുണ്‍ മുര്‍ത്തിയൂടെ സൂപ്പര്‍ ഹിറ്റ് സിനിമ 'തുടരും' കണ്ടിറങ്ങിയവര്‍, ആ കിടിലോല്‍ക്കിടിലം വില്ലനെ കണ്ട് ചോദിക്കുന്നത്, ഇന്ത്യന്‍ റുപ്പി സിനിമയില്‍ പൃഥിരാജ് തിലകനോട് ചോദിക്കുന്ന അതേ ഡയലോഗായിരുന്നു. സുന്ദരമായ മുഖത്തോടെയും പുഞ്ചിരിയോടെയുമെത്തി പിന്നീടങ്ങോട്ട് കൊടൂം ക്രൂരവില്ലനായി തകര്‍ത്താടുകയായിരുന്നു ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം, ലാലേട്ടന്റെ നായകന് കട്ടക്ക് കട്ടക്ക് എതിര്‍നില്‍ക്കാന്‍ കഴിയുന്ന പ്രതിനായകന്‍. മലയാള സിനിമ അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ ഡിസ്‌ക്കവറിയാണ് ഈ നടന്‍. മലയാള സിനിമയില്‍ ഒരുപാട് കാരണവര്‍ വേഷങ്ങള്‍ ചെയ്ത ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകനാണ് പ്രകാശ് വര്‍മ്മ. ജഗന്നാഥ വര്‍മ്മയുടെ മരുമകനായ വിജി തമ്പിയുടെ സംവിധാന സഹായിയായാണ് പ്രകാശിന്റെ തുടക്കം. ദിലീപ് -മോഹിനി എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ 'മാന്ത്രികക്കുതിര'യായിരുന്നു ആദ്യ ചിത്രം. അതിനിടയിലും ലോഹിതദാസ് വിളിച്ചു. ലാല്‍ നായകനായ 'ഓര്‍മ്മച്ചെപ്പ്' എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ കിട്ടുന്നതുവരെ ഏഴെട്ടുമാസത്തെ ഗ്യാപ്പാണ്. ഇത് പരിഹരിക്കാനാണ് പരസ്യമേഖലയിലേക്ക് തിരിഞ്ഞത്. പക്ഷേ അവിടം അദ്ദേഹത്തിന് രാശിയായി. ആ മേഖലയിലെ മുടിചൂടാമന്നനായി. വേള്‍ഡ്ക്ലാസുള്ള നിരവധി പരസ്യങ്ങള്‍ ചെയ്യനായി. പിന്നീട് പ്രമുഖ സംവിധായകനായി മാറിയ, വി കെ പ്രകാശിന്റെ ട്രെന്‍ഡ് അഡ്വര്‍ട്ടൈസിങ്ങിന്റെ പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചാണ് തുടക്കം. വി കെ പി സംവിധാനം ചെയ്ത 'പുനരവധിവാസം' എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടറായി.

ട്രെന്‍ഡ് അഡ്വര്‍വര്‍ട്ടെസിങ്ങില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് തന്റെ ജീവിത സഖിയായ, സ്നേഹാ ഐപ്പിനെ പ്രകാശ് കണ്ടുമുട്ടുന്നത്. ജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും അവര്‍ ഒരുമിച്ചായി. 2001-ല്‍ ഇരുവരും ചേര്‍ന്ന് ബെംഗളൂരുവില്‍ 'നിര്‍വാണ' എന്ന പേരില്‍ പരസ്യചിത്രക്കമ്പനി ആരംഭിച്ചു. പിന്നീടുള്ളത് ചരിത്രം. ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യം ചെയ്യാന്‍ അവര്‍ക്കായി. വാഗണ്‍ആര്‍, ടൈറ്റന്‍, ഹ്യൂണ്ടായ് സാന്‍ട്രോ, ഷവര്‍ലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീന്‍സ്, പോണ്ട്സ്, തുടങ്ങി നിരവധി പരസ്യങ്ങള്‍. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം, നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്', ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറി എന്നിങ്ങനെ ആഡ് രംഗത്തെ അതികായനായി പ്രകാശ് മാറി. കാഡ്ബറിക്കം, ജെംസിനും ഡയറിമില്‍ക്കിനും, ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും, ഫെയ്സ്ബുക്കിനും വേണ്ടി പരസ്യചിത്രങ്ങള്‍ ഒരുക്കി. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളുമെടുത്തൂ. ഇന്ന് ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ പത്ത് ആഡ് കമ്പനികള്‍ എടുത്താല്‍ അതില്‍ ഒന്നാണ്, നിര്‍വാണ. സിനിമയിലെ ഇടവേള പരിഹരിക്കാനാണ് പ്രകാശ് വര്‍മ്മ പരസ്യരംഗത്ത് എത്തിയത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് ആഡ് മേഖലയില്‍നിന്ന് ഇടവേളയെടുത്ത് സിനിമയില്‍ എത്താന്‍ കഴിയാത്ത തിരക്കായി.

അതിനിടയിലും സിനിമാ സ്വപ്നങ്ങള്‍ വിട്ടില്ല. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ 'പെട്ടിടാം ആരും ആപത്തില്‍' എന്ന പ്രൊമോ സോങ്ങ് സംവിധാനം ചെയ്തത് പ്രകാശാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. അപ്പോഴും ആഡ് സിനിമകളോടായിരുന്നു താല്‍പ്പര്യം. അത് ഇപ്പോഴും തുടരുന്നു.

Tags:    

Similar News