മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്ന് ചട്ടമില്ലെന്ന് പ്രശാന്ത്; താന്‍ വിസില്‍ ബ്ലോവറെന്നും പ്രഖ്യാപനം; അഴക്കടല്‍ 'തിരക്കഥ' ചര്‍ച്ചയാക്കി മേഴ്‌സികുട്ടിയമ്മ; കാറിലെ ദുരൂഹത ഉയര്‍ത്തി തോമസ് ഐസക്കിന്റെ വിശ്വസ്തന്‍; ഐഎഎസ് പോരില്‍ രാഷ്ട്രീയ ഇടപെടലും; ആ 'പീഡോഫീലിയ'ക്കാരന്‍ ആര്?

Update: 2024-11-10 07:50 GMT

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മില്‍ത്തല്ല് സര്‍ക്കാരിന് തലവേദനയാകും ഡോ. എ. ജയതിലകിനെതിരായ നിലപാടുകള്‍ ആവര്‍ത്തിച്ച എന്‍. പ്രശാന്ത് പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി. ജയതിലകിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ അവര്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ പോരെ എന്ന് ചോദിക്കുന്നവരോട് ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാല്‍ സായ്കൂമാറിന്റെ കഥാപാത്രമായ വര്‍മസാറിനോട് പറയുന്ന ഡയലോഗ് ഓര്‍മപ്പെടുത്തിയാണ് പ്രശാന്തിന്റെ മറുപടി. പ്രശാന്തിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. എല്ലാ തര്‍ക്കവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷിക്കുന്നുണ്ട്. ശക്തമായ തിരുത്തല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.

താന്‍ നിര്‍ദേശിക്കുന്നത് പോലെ ഫയല്‍ നോട്ട് എഴുതാന്‍ വിസമ്മതിച്ച നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതയും ജയതിലക് നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് മുമ്പിലേക്ക് വിഷയങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ന്യായമായത് നടക്കൂ എന്നതുകൊണ്ടാണ് റിസ്‌ക് എടുത്ത് വിസില്‍ ബ്ലോവര്‍ ആവുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഐഎഎസ് സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കുന്നതിന് വിലക്കില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (മ) ഏതൊരു പൗരനെയും പോലെ തനിക്കുമുള്ളതാണെന്നും പ്രശാന്ത് പറഞ്ഞു.

അതിനിടെ പ്രശാന്തിനെതിരെയും ആരോപണം വരികയാണ്. എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുന്‍ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ എന്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്. കോഴിക്കോട് കളക്ടറായിരിക്കെ എന്‍ പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്‌നിക്കല്‍ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, ഈ 'നന്മമരം' അഡീഷണല്‍ സെക്രട്ടറിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗോപകുമാര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോഴിക്കോട് 'ബ്രോ' ആയിരിക്കെ ഫണ്ട് വകമാറ്റിയെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഗോപകുമാറിന്റെ ആരോപണം. ഇതോടെ പോരിന് പുതിയ തലം വരുന്നു. മുന്‍മന്ത്രി മേഴ്‌സികുട്ടിയമ്മയും പ്രശാന്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഇതിനൊപ്പം പശാന്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവും മുന്‍ തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. താന്‍ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ എന്‍ പ്രശാന്ത് ആണെന്നാണ് മേഴ്‌സികുട്ടിയമ്മയുടെ ആരോപണം. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് 'ആഴക്കടല്‍' വില്‍പ്പന എന്ന 'തിരക്കഥ'. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇല്‍ലന്റ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം.ഒ.യുവില്‍ ഒപ്പുവച്ചു എന്നാണ്. എന്നാല്‍ എം.ഒ.യു ഒപ്പു വച്ചിരിക്കുന്നത് ഇന്‍ലാന്റ് നാവിഗേഷന്റെ എംഡിയായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകന്‍- മേഴ്‌സികുട്ടിയമ്മ പറയുന്നു.

പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

താഴെക്കാണുന്ന വാര്‍ത്തയിലെ ഡോ. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ ഡോ.ജയതിലക് 'വട്ടം വരച്ച്' ഡോ.ജയതിലക് തന്നെ എഴുതിയ വാര്‍ത്ത ഇന്നും മാതൃഭൂമി ഒന്നാം പേജ് ലീഡാക്കിയെന്ന് അറിഞ്ഞു. വ്യാജ രേഖ ചമക്കല്‍ തൊട്ട് ഗൂഡാലോചന വരെ! തേങ്ക്‌സ് ?? പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ പോസ്റ്റ് ചെയ്താല്‍ പോരെ എന്ന്. അല്ലെങ്കില്‍ മറ്റൊരു മാധ്യമം വഴി അവര്‍ ചെയ്യുന്ന അതേ പരിപാടി ചെയ്താല്‍ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്‌നമുണ്ട് വര്‍മ്മ സാറേ... ??????

സര്‍ക്കാര്‍ ഫയലില്‍ കാര്യങ്ങള്‍ എഴുതിത്തീര്‍ത്താല്‍ പോരെ എന്ന് മറ്റ് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളില്‍ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താല്‍ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളില്‍ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്‌കളങ്കതയാണ്. താഴെക്കാണുന്ന CBI അന്വേഷണത്തെക്കുറിച്ച് മാതൃഭൂമിയിലെ നട്ടെല്ലുള്ള ഒരു ലേഖകന്‍ ആദ്യം ചെയ്ത വാര്‍ത്ത യൂട്യൂബില്‍ കിടപ്പുണ്ട്. മാതൃഭൂമി ആ വിഷയം പിന്നീട് മുക്കാന്‍ കാരണമെന്തായിരിക്കും? മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാര്‍ത്ത ചെയ്യാന്‍ വിലക്കുണ്ട്. എന്ത് കൊണ്ടായിരിക്കും?

18 വര്‍ഷം സര്‍വ്വീസായ IAS ഉദ്യോഗ്സ്ഥനോട് മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് ബാലിശമായ വ്യാജ നരേറ്റീവ് സൃഷ്ടിക്കാന്‍ ധൈര്യപ്പെടുന്ന വ്യക്തി മറ്റ് കീഴുദ്യോഗ്സ്ഥരോട് എന്തൊക്കെ ചെയ്ത് കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കല്‍പ്പിക്കുന്ന രീതിയില്‍ ഫയല്‍/റിപ്പോര്‍ട്ട്/നോട്ടെഴുതാന്‍ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ കേള്‍ക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ. Public scrutiny ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ഒരാള്‍ 'വിസില്‍ ബ്ലോവര്‍' ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂര്‍വ്വം ഒരു 'വിസില്‍ ബ്ലോവര്‍' ആയേ പറ്റൂ. തല്‍ക്കാലം ഞാനല്ലാതെ ആര്? IAS കാരുടെ സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സര്‍വ്വീസ് ചട്ടങ്ങളെക്കുറിച്ച് മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയല്‍ ഉപദേശം വേണ്ട. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്.

ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his. ??

പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ 'വില' കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വ്വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്!

വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസില്‍ ബ്ലോവര്‍ക്ക് Indian Whistle Blowers' Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാന്‍ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാല്‍ ഇവിടെ പറയാനല്ലേ പറ്റൂ!

മേഴ്‌സികുട്ടിയമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സര്‍വീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വാര്‍ത്തകള്‍ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന്. വാര്‍ത്ത വിവാദമായി. പത്രപ്രതിനിധികള്‍ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാന്‍ മറുപടി നല്‍കി.

അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട്. രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം.ഒ.യുവില്‍ ഒപ്പുവച്ചു എന്നാണ്. എന്നാല്‍ എം.ഒ.യു ഒപ്പു വച്ചിരിക്കുന്നത് ഇന്‍ലാന്റ് നാവിഗേഷന്റെ എംഡിയായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകന്‍. ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് 'ആഴക്കടല്‍' വില്‍പ്പന എന്ന 'തിരക്കഥ'. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.

ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്. വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇല്‍ലന്റ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. അതും ആ ഗവണ്‍മെന്റിന്റെ അവസാന ദിവസങ്ങളില്‍. ഇതേ ഇ എം സി സിക്കാരനാണ് കുണ്ടറയില്‍ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറും. എന്നിട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാന്‍ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്തും.

ഗോപകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആഴക്കടല്‍ യാനങ്ങളുടെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്റെ തലേന്നോ മറ്റോ സര്‍ക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തന്റെ ബോസായ ചെന്നിത്തലയ്ക്ക് ചോര്‍ത്തി കൊടുത്തു. ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ബോള്‍ഡ് ആയ മന്ത്രിമാരില്‍ മുമ്പിലാണ് ശ്രീമതി മേഴ്‌സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്റെ കാര്‍മ്മികത്വത്തില്‍ കോണ്‍ഗ്രസ് - ബി ജെ പി സംയുക്ത സ്ഥാനാര്‍ത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളില്‍ പൊതുവില്‍ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.

ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോണ്‍ ടെക്‌നിക്കല്‍ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതി. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണല്‍ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.

ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തില്‍ ചെയ്ത ജോലിയുടെ പേരില്‍ ഞങ്ങളുള്ളപ്പോള്‍ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയര്‍ ഐഎഎസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റില്‍ ഇടണം എന്നു തന്നെ പറഞ്ഞതോര്‍മ്മയുണ്ട്. ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവില്‍ സര്‍വീസുകാരന്‍.

Tags:    

Similar News