ഹാരിയോടും അന്തരിച്ച 'അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് തലയൂരി റൂപര്‍ട്ട് മര്‍ഡോക്; ബ്രിട്ടനിലെ പ്രശസ്ത ടാബ്ലോയിഡ് ദി സണ്‍ കേസ് പിന്‍വലിപ്പിച്ചത് മാപ്പിനൊപ്പം രാജകുമാരന് ലക്ഷങ്ങള്‍ നഷ്ടപരിഹാരവും നല്‍കി
ഹാരിയോടും അന്തരിച്ച 'അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് തലയൂരി റൂപര്‍ട്ട് മര്‍ഡോക്
ലണ്ടന്‍: മാധ്യമരംഗത്തെ കുലപതി എന്ന് വിശേഷിപ്പിക്കുന്ന റൂപര്‍ട്ട് മുഡ്രോക്കിന്റെ മാധ്യമ സാമ്രാജ്യവുമായുള്ള നിയമ യുദ്ധത്തി ഹാരി രാജകുമാരന് വിജയം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തന്റെ സ്വാകാര്യ ജീവിതത്തില്‍ കടന്നു കയറുന്ന ദി സണ്‍ ദിനപ്പത്രത്തിന്റെ നടപടികള്‍ക്ക് എതിരെ നല്‍കിയ കേസിലാണ് മാപ്പ് പറഞ്ഞ് മാധ്യമ സാമ്രാജ്യം തലയൂരിയത്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളെ അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുക എന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹാരി നിയമനടപടികള്‍ കൈക്കൊണ്ടത്.
എന്നാല്‍, തികച്ചും നാടകീയമായി ഇന്നലെ, ബുധനാഴ്ച കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കപ്പെടുകയായിരുന്നു. ദി സണ്‍ ദിനപ്പത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഇതാദ്യമായി സമ്മതിച്ചുകൊണ്ട് മാധ്യമ ഗ്രൂപ്പ് മാപ്പ് പറഞ്ഞതോടെയായിരുന്നു കേസ് അവസാനിച്ചത്. പത്രമാധ്യമങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ ഉത്തരവാദിത്തം ഉണ്ടാക്കുമെന്ന് പറഞ്ഞ് കേസിന് പോയ ഹാരിയോട്, അദ്ദേഹത്തിന്റെ സ്വകാര്യതയില്‍ കൈകടത്തിയതിനും, ഹാരിയുടെ മരിച്ചുപോയ അമ്മയോടുണ്ടായ സമീപനത്തിനും മാധ്യമം മാപ്പ് ചോദിക്കുകയായിരുന്നു.
അതിനു പുറമെ ഇരു കേസുകളിലുമായി മാനനഷ്ട തുകയായി ഹാരിക്ക് യതാക്രമം 10 മില്യന്‍ പൗണ്ടും, 20 മില്യന്‍ പൗണ്ടും ലഭിച്ചുവെന്നും ഐ ടി വിയുടെ റോയല്‍ എഡിറ്റര്‍ ക്രിസ് ഷിപ്പ് പറഞതായി ദി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഡ്രോക്കിന്റെ മാധ്യമ സാമ്രാജ്യത്തിലെ ഉയര്‍ന്ന ശ്രേണികളില്‍ ഇരിക്കുന്നവര്‍ക്ക് മേല്‍ സമ്മര്‍ദ്ധം വര്‍ദ്ധിപ്പിച്ചുകൊണ്ട്, ന്യൂസ് ഓഫ് ദി വേള്‍ഡ് ഫോണ്‍ ഹാക്കിംഗ് വാര്‍ത്തയുടെ മറ്റൊരു ഇരയായ ലോര്‍ഡ് ടോം വാട്ട്‌സണെ 2009 നും 2011 നും ഇടയില്‍ സ്ഥിരമായി നിരീക്ഷണവിധേയനാക്കിയിരുന്നെന്നും പത്രം സമ്മതിച്ചിട്ടുണ്ട്.
ഹാരിയെ നിരീക്ഷണ വിധേയനാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരും ദി സണ്‍ നിയോഗിച്ച സ്വകാര്യ അന്വേഷകരും നടത്തിയ, ഫോണ്‍ ഹാക്കിംഗ് ഉള്‍പ്പടെ എല്ലാ നടപടികള്‍ക്കും മാപ്പ് ചോദിച്ച ദി സണ്‍ സമാനമായ രീതിയില്‍ ഡയാന രാജകുമാരിക്ക് നേരെ സ്വീകരിച്ച നടപടികള്‍ക്കും മാപ്പ് പറഞ്ഞു. ലോര്‍ഡ് വാട്ട്‌സണോടും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയതിന് മാപ്പ് പറഞ്ഞ പത്രം, അതുകൂലം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ ക്ലേശങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ 2006 ലെ അറസ്റ്റുകള്‍ക്ക് നേരെയുണ്ടായ പ്രതികരണം തെറ്റായിപ്പോയി എന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്.
ഇരുനൂറിലധികം ലേഖനങ്ങളായിരുന്നു നിയമ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളിലേക്ക് പത്രം കടന്നു കയറിയതിന് തെളിവായി ഹാരി കോടതിയില്‍ ഹാജരാക്കിയത്. അതില്‍ ഏകദേശം 30 ഓളം ലേഖനങ്ങള്‍ കോടതി വിശദമായി പരിശോധിച്ചിരുന്നു. കേസില്‍ ഹാരി ഒരു ഒത്തുതീര്‍പ്പിനും സമ്മതിക്കുകയില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം നല്‍കിയതും അറ്റ്‌ലാന്റിക്കിന് കുറുകെ നടത്തിയ ചര്‍ച്ചകളുമാണ് ഹാരിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസ് വിചാരണയ്ക്കെടുത്തിരുന്നെങ്കില്‍ പത്രത്തിലെ പല മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളുടെ പ്രവൃത്തികളും പുറംലോകത്ത് ചര്‍ച്ചക്ക് എത്തുമെന്ന ഭയമാണ് ഒരു ഒത്തു തീര്‍പ്പിന് പത്രത്തെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. മാത്രമല്ല, വിചാരണ തുടങ്ങിയാല്‍ ഒരുപക്ഷെ ഒത്തുതീര്‍പ്പിനായി ഇതിലും വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നേനെ. നേരത്തേ, കൊല ചെയ്യപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥി മില്ലി ഡോളറുടെ ഫോണ്‍ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഏകദേശം 1300 പേര്‍ തങ്ങളും മാധ്യമത്തിന്റെ നിയമവിരുദ്ധ പത്രപ്രവര്‍ത്തനത്തിന്റെ ഇരകളായി എന്ന് ആരോപിച്ച സിവില്‍ കേസുകള്‍ എന്‍ ജി എന്‍ ഒത്തു തീര്‍പ്പാക്കിയിരുന്നു.