നടിയെ ആക്രമിച്ച കേസിലെ പലരും തടിതപ്പുമോ എന്ന് ആശങ്കയുണ്ട്; 50-50 ചാന്‍സാണ് കാണുന്നത്; ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പി ടി തോമസ് എന്നുമുണ്ടായിരുന്നത്; ആ കുട്ടിക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പി ടിയുടെ ആവശ്യമായിരുന്നു; വിധി വരും മുമ്പേ ഉമാ തോമസിന് പറയാനുള്ളത്
നടിയെ ആക്രമിച്ച കേസിലെ പലരും തടിതപ്പുമോ എന്ന് ആശങ്കയുണ്ട്
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വരുന്നതിന് മുമ്പ് പ്രതികരണം നടത്തി ഉമ തോമസ് എംഎല്‍എ. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കയുണ്ടെന്ന് ഉമാ തോമസ് പ്രതികരിച്ചത്. കേസിലെ പ്രമുഖര്‍ തടിതപ്പുമോ എന്നതില്‍ ആശങ്കയുണ്ടെന്നും 50-50 ചാന്‍സാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പി ടി തോമസ് എന്നുമുണ്ടായിരുന്നതെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. ആ കുട്ടിക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പി ടിയുടെ ആവശ്യമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി ടിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.
മൊഴി കൊടുക്കരുത് എന്ന് പറഞ്ഞവരുണ്ട്. പി ടിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു. പി ടിയെ സംസാരിപ്പിക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. പല പ്രതിസന്ധികളും പിടിയ്ക്ക് നേരിടേണ്ടി വന്നു. പി ടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പി ടി പറഞ്ഞുവെന്നും ഉമ പറഞ്ഞു.
പെണ്‍കുട്ടി വലിയ ആശങ്കയിലാണ്. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. കേസ് ഇവിടെ അവസാനിക്കും എന്ന് തോന്നുന്നില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. വലിയ ടെന്‍ഷനിലാണ് നടി. ചേച്ചീ എനിക്കറിയില്ല, ഭയങ്കര ടെന്‍ഷനാണെനിക്ക് എന്നാണ് പറഞ്ഞത്. ദൈവം എന്തായാലും കൂടെയുണ്ടാകും. കൃത്യമായ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിധിക്കായി കാത്തിരിക്കുകയാണ് രാജ്യം. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു.
