ജയില്‍ മേധാവിക്ക് കൈക്കൂലി വിഹിതം? വിനോദ് കുമാറിനെ സംരക്ഷിച്ചത് ബല്‍റാം കുമാര്‍ ഉപാധ്യായയെന്ന് വെളിപ്പെടുത്തല്‍; ടിപി കേസിലെ പ്രതികള്‍ക്കും വഴിവിട്ട സഹായം; കേരളത്തിലെ ജയിലുകള്‍ അഴിമതിയുടെ കൂടാരമോ? ഈ വെളിപ്പെടുത്തലില്‍ അന്വേഷണം വരില്ല; അജയകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന അഴിമതികള്‍ക്ക് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ നേരിട്ട് കൂട്ടുനില്‍ക്കുകയാണെന്ന് മുന്‍ ജയില്‍ ഡി.ഐ.ജി പി. അജയകുമാറിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കില്ല. വിജിലന്‍സ് അന്വേഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡി.ഐ.ജി വിനോദ് കുമാറിനെ വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ജയില്‍ മേധാവിയാണെന്ന് അജയകുമാര്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ വ്യക്തിവൈരാഗ്യമുണ്ടെന്ന നിഗമനത്തിലാണ് ഉന്നത കേന്ദ്രങ്ങള്‍.
ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ മേധാവി നേരിട്ട് ഇടപെടലുകള്‍ നടത്തിയതായും അജയകുമാര്‍ ആരോപിക്കുന്നു. കൊടി സുനിയെപ്പോലുള്ള കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കരുതെന്ന് ജയില്‍ സൂപ്രണ്ടും പോലീസും കര്‍ശനമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും അത് അവഗണിച്ചാണ് മേധാവി അനുകൂലമായ തീരുമാനമെടുത്തത്. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ തടവുകാര്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുത്തത് ഇത്തരത്തിലുള്ള ഒത്താശകള്‍ വഴിയാണ്. വിനോദ് കുമാര്‍ അനധികൃതമായി സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം ജയില്‍ മേധാവിക്ക് ലഭിക്കുന്നുണ്ടെന്നും അജയകുമാര്‍ തുറന്നടിച്ചു. ജയിലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയിലെ ഏറ്റവും വലിയ വെളിപ്പെടുത്തലാണ് ഇത്.
ജയില്‍ ജീവനക്കാരെ ഏജന്റുമാരാക്കി മാറ്റിക്കൊണ്ട് വിനോദ് കുമാര്‍ ജയിലുകളില്‍ ലഹരിക്കടത്ത് നടത്തിയിരുന്നു. വിനോദ് കുമാറിനെതിരായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി താന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാരും ജയില്‍ മേധാവിയും അയാളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അജയകുമാര്‍ പറഞ്ഞു. വിനോദ് കുമാറിനെ എല്ലാ ചുമതലകളും ഏല്പിച്ച് ജയില്‍ മേധാവി അഴിമതിയില്‍ പങ്കാളിയാവുകയായിരുന്നു. അഴിമതിക്കെതിരെ നിലപാടെടുത്തതിന്റെ പ്രതികാരമായി, സര്‍വീസില്‍ നിന്ന് വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പകയാണ് അജയകുമാറിന്റെ പ്രതികരണമെന്നാണ് സര്‍ക്കാരിന്റേയും വിലയിരുത്തല്‍.
തെളിവുകളൊന്നും അജയകുമാറിന്റെ കൈയ്യിലുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിഗമനം. എന്നാല്‍ ഡിഐജി വിനോദ് കുമാറിനെതിരായ അന്വേഷണം തുടരും. തടവുകാര്‍ക്ക് സുഖസൗകര്യങ്ങള്‍ നല്‍കുന്നതിനായി വിനോദ് കുമാര്‍ ഗൂഗിള്‍ പേ വഴി 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ട് വഴി 40 ലക്ഷം രൂപയും കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
