പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി വിപ്പ് ബാധകമല്ലേ? വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദത്തില്‍; വയനാട്ടിലെ ജനതയെ വഞ്ചിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം; ചര്‍ച്ചയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തം
പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി വിപ്പ് ബാധകമല്ലേ?
ന്യൂഡല്‍ഹി: വഖഫ് ബില്ലിന്റെ അവതരണ ദിനത്തില്‍ പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്താത്തത് വിവാദമാകുന്നു. ബില്ലിന്റെ ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല. എന്തുകൊണ്ടാണ് പ്രിയങ്ക പങ്കെടുക്കാതിരുന്നത് എന്ന ചോദ്യം ശ്ക്തമായി ഉയരുന്നുണ്ട്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാര്‍ലമെന്റിലെത്തിയിരുന്നില്ല. അതേസമയം, പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രിയങ്കയുടേതായി ഒരു അഭിപ്രായവും ഉയര്‍ന്നതുമില്ല.
വഖഫ് ബില്ലിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലെത്തിയിരുന്നില്ല. എന്നാല്‍, പിന്നീട് അദ്ദേഹം ലോക്‌സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനില്‍ക്കുകയായിരുന്നു. പ്രിയങ്കക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പ്രിയങ്കയില്‍ വിശ്വസിച്ച ജനതയെ വഞ്ചിച്ചു എന്ന വികാരമാണ് ഇതില്‍ ശക്തമായി ഉയര്‍ന്നത്. അതേസമയം സഭയില്‍ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ സംസാരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം രാഹുലും പ്രിയങ്കയും ബില്ലില്‍ പങ്കെടുക്കാത്തത് ഇടതുപക്ഷവും ആയുധമാക്കുന്നുണ്ട്. വഖഫ് ബില്‍ ലോക്‌സഭ പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കൂറേകൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പ്രതികരിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമായിരുന്നു. വഖഫ് ബില്‍ ആര്‍എസ്എസ് അജന്‍ഡയാണെന്നും മത വിഭജനമാണ് ലക്ഷ്യമെന്നും എളമരം കരീം പ്രതികരിച്ചു.
ബില്ലിനെതിരെ മന്ത്രി പി.രാജീവും രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്‌നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു. ഒരു പരിഹാര ക്ലോസും ബില്ലിലില്ലെന്നും ആളുകള്‍ യാഥാര്‍ഥ്യം അറിയാന്‍ പോകുന്നേയുള്ളൂവെന്നും മന്ത്രി. രാജ്യസഭയില്‍ കാണാമെന്ന് തോമസ് ഐസകും പ്രതികരിച്ചു. കോണ്‍ഗ്രസിന് വഖഫ് വിഷയത്തില്‍ രണ്ടു മനസാണ്. കോണ്‍ഗ്രസിന് വടക്കേന്ത്യയില്‍ മൃദുഹിന്ദുത്വവും തെക്കേന്ത്യയില്‍ മതേതരത്വവും. കോണ്‍ഗ്രസിന് വേട്ടനായയുടെ സ്വഭാവമെന്നും തോമസ് ഐസക് പറഞ്ഞു.
12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു. ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. എവിടെനിന്നാണ് ഈ ബില്‍ എത്തിയതെന്ന് ചോദിച്ചപ്പോള്‍ നാഗ്പൂരില്‍നിന്ന് എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ വിളിച്ചു പറഞ്ഞു.
ഇതിനിടെ എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചട്ടമോ കീഴ്വഴക്കമോ ചൂണ്ടിക്കാട്ടാനായില്ല. എന്നാല്‍, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാര്‍ലമെന്റില്‍ കൊണ്ടുവരാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനോട് ബില്‍ അവതരണവുമായി മുന്നോട്ടു പോകാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രന്‍ ഉന്നയിച്ച ക്രമപ്രശ്‌നം തള്ളുകയാണെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് ബില്‍ അവതരണത്തിന് കളമൊരുങ്ങിയത്.
തുടര്‍ന്ന് വഖഫ് ബില്ലിന് ന്യായമായി സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങളെല്ലാം പ്രതിപക്ഷം തരിപ്പണമാക്കുന്നതിനാണ് 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ച സാക്ഷ്യം വഹിച്ചത്. മുനമ്പം ഭൂമി പ്രശ്‌നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സര്‍ക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോര്‍ഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തില്‍ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാല്‍, അഖിലേഷ് യാദവ്, കല്യാണ്‍ ബാനര്‍ജി, എ. രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിന്‍വലിക്കുന്നതിനും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതിനും ലോക്‌സഭ സാക്ഷ്യം വഹിച്ചു.
കേരളത്തില്‍നിന്നുള്ള എം.പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. അതേസമയം, ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയിലെ ഇന്നത്തെ അജന്‍ഡയില്‍ വഖഫ് ബില്‍ അവതരണം ഇല്ല. അധിക അജന്‍ഡയായി ഉള്‍പ്പെടുത്തിയേക്കാനാണ് സാധ്യത. വഖഫ് ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദപ്രകടനവുമുണ്ടായി. പുലര്‍ച്ചെ സമരപ്പന്തലിന് സമീപം പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി രക്ഷാധികാരി ഫാ. ആന്റണി സേവിയര്‍ തറയില്‍ പ്രതികരിച്ചു.