ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല; സംഘടന പുറത്തുവിട്ട കണക്ക് കേരളത്തിലെ കളക്ഷന്‍ മാത്രം; മുതല്‍മുടക്കില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടത്; കുഞ്ചാക്കോ ബോബന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മറുപടി
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല
കൊച്ചി: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ പരാജയമാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. ചിത്രത്തിന് ചെലവായതായി നിര്‍മാതാക്കള്‍ അവതരിപ്പിച്ച കണക്കും, നേടിയ തുകയും പൊരുത്തപ്പെടുന്നതല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെ വരുമാനം അടക്കം 50 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.
സംഘടന പുറത്തുവിട്ട കണക്ക് സിനിമയുടെ കേരളത്തിലെ കളക്ഷന്‍ മാത്രമാണെന്നും പണം മുടക്കി പാപ്പരാവുന്ന നിര്‍മാതാക്കളെ ബോധവത്കരിക്കാനാണ് കണക്കുകള്‍ പുറത്ത് വിട്ടതെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു. മുതല്‍മുടക്ക് സംബന്ധിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്ന് സംഘടന പറഞ്ഞു.
തിയറ്ററില്‍ നിന്നും വിതരണക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഒടിടി സാറ്റലൈറ്റ് ബിസിനസ്സ് നടക്കാത്ത ചിത്രങ്ങളാണ് പുറത്ത് വിട്ട കണക്കില്‍ ഭൂരിഭാഗവുമെന്നും നിര്‍മാതാക്കളുടെ സംഘടന വിശദീകരിച്ചു.
ഫെബ്രുവരിയില്‍ ഇറങ്ങിയ 17 സിനിമകളില്‍ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷന്‍ കണക്ക് നിരത്തിയത്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാത്രം മലയാള സിനിമയ്ക്കുണ്ടായത്. 17 ചിത്രങ്ങളില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ഒരൊറ്റ ചിത്രത്തിന്റെ കളക്ഷന്‍ (ഷെയര്‍) മാത്രമേ ബജറ്റിനോട് അടുത്തുള്ളൂവെന്നും മറ്റ് സിനിമകള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റര്‍ ഷെയര്‍: 11,00,00,000. ഇങ്ങനെയാണ് നിര്‍മ്മാതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍, താന്‍ നായകനായി അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ കണക്ക് കുഞ്ചാക്കോ ബോബന്‍ തിരുത്തി.
ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 13 കോടിയല്ലെന്നും അതിനേക്കാള്‍ വളരെ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ക്കു തിരിച്ചുകിട്ടിയത് 11 കോടിയല്ലെന്നും അതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ ആയിരിക്കുമെന്നും എന്ന് അദ്ദേഹം വിശദീകരിച്ചു. 11 കോടി രൂപ എന്ന് സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞത്, കേരളത്തിലെ തിയറ്ററുകളില്‍നിന്നു മാത്രം നിര്‍മാതാവിനു ലഭിച്ച വിഹിതമായിരിക്കും. എന്നാല്‍, ഇവിടെ നിന്നു കിട്ടിയ തുക പോലും 11 കോടിയില്‍ കൂടുതലാണെന്നും നിര്‍മ്മാതാക്കളുടെ കണക്ക് കൃത്യമല്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കണക്ക് പറയുകയാണെങ്കില്‍ കൃത്യമായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 30 കോടിയോളം രൂപ നേടിയെന്നും പുറത്തെ കളക്ഷന്‍ കൂടി കണക്കിലെടുത്താല്‍ 50 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ടാകുമെന്നും കുഞ്ചാക്കോ ബോബന്‍ അവകാശപ്പെട്ടു. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്, ഡബ്ബിങ് റൈറ്റ് തുടങ്ങിയവയിലൂടെ നിര്‍മാതാവിന് ഏതൊക്കെ രീതിയിലാണ് വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനയുടെ പ്രതിനിധികള്‍ എന്നും കുഞ്ചാക്കോ ബോബന്‍ ചോദിച്ചു.