കോപ്പിയടിച്ചത് എസ് എഫ് ഐക്കാര്‍; എക്‌സാമിനറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി നിരീക്ഷകന്‍; പരാതി എഴുതാന്‍ സഹായിച്ച സിപിഎം പാര്‍ട്ടി ഓഫീസ്; പാവം അധ്യാപകന്‍ പീഡനക്കേസില്‍ അകത്തു കിടന്നത് മൂന്ന് കൊല്ലം; പ്രഫ ആനന്ദ് വിശ്വനാഥന് വിനയായത് സത്യസന്ധത; ഇതും നമ്പി നാരായണനോട് കാട്ടിയ അതേ ക്രൂരത; സഖാക്കള്‍ ഇനിയെങ്കിലും മാപ്പു പറയുമോ?
തൊടുപുഴ: ഇതും നമ്പി നാരായണനോട് ഭരണ കൂടം ചേയ്തതിന് സമാനമായ ചതിയാണ്. പ്രഫ ആനന്ദ് വിശ്വനാഥിനോടും സമൂഹവും ഭരണകൂടവും മാപ്പു പറയേണ്ടേതുണ്ട്. നമ്പി നാരായണനെ ചേര്‍ത്തു പിടിച്ചതിന്റെ അതേ വികാരത്തില്‍ ഈ അധ്യാപകനേയും ചേര്‍ത്തു പിടിക്കണം. അത്ര വലിയ ക്രൂരതയാണ് എസ് എഫ് ഐക്കാരായ വ്യാജ പരാതിക്കാര്‍ ചെയ്തത്. ഐഎഎസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ അനുഭവിച്ച അതേ വികാരം മൂന്നാറിലെ ഈ അധ്യാപകനും അനുഭവിച്ചു തീര്‍ത്തുവെന്നതാണ് വസ്തുത.
കോപ്പിയടി പിടിച്ചതിന്റെ പകതീര്‍ക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുകയായിരുന്നു. അതിന് കൂട്ടു നിന്നത് സിപിഎമ്മും. മൂന്നാര്‍ ഗവ. കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥന്‍ ഇന്ന് ആശ്വാസത്തിലാണ്. നീതി ദേവത ഒടുവില്‍ കനിഞ്ഞിരിക്കുന്നു. പ്രഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടു. എന്നാല്‍, മറ്റ് രണ്ടു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. കോടതിവിധിക്കെതിരെ ആനന്ദ് വിശ്വനാഥന്‍ 2021-ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന്, കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ച കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആ ചതിക്കഥ പ്രൊഫസര്‍ പറയുകയാണ്.
'എനിക്ക് കുടുംബമില്ലേ എനിക്ക് മക്കളില്ലേ കുടുംബത്തോടൊപ്പം സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇങ്ങനെ ഒരു പരാതി ഉയര്‍ന്നാല്‍ ആളുകള്‍ നമ്മളെ എങ്ങനെ കാണും 11 കൊല്ലമായി ഈ കേസിന്റെ പിന്നാലെ നടക്കുന്നു' -ഇതാണ് പ്രഫ ആനന്ദ് വിശ്വനാഥിന് ചോദിക്കാനുള്ളത്. ഒരധ്യാപകനും സംഭവിക്കരുതാത്തതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് മൂന്നാര്‍ ഗവ. കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥന്‍ പറയുന്നു. 'ഒരുപാട് അധ്യാപകര്‍ എന്നെ പോലെ വ്യാജകേസുകളില്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ക്കൊക്കെ ഈ വിധി വഴിത്തിരിവാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇനിമേലാല്‍ ഇത്തരമൊന്ന് കേരളത്തില്‍ സംഭവിക്കരുത്. വിധി വന്ന ശേഷം പരാതിക്കാരോ അന്നത്തെ സഹപ്രവര്‍ത്തകരോ പ്രിന്‍സിപ്പലോ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല' -അദ്ദേഹം പറഞ്ഞു. പരീക്ഷാഹാളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസിലാണ് ഒരുപതിറ്റാണ്ടിന് ശേഷം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പോലീസിനെതിരെയും വിമര്‍ശനമുണ്ടായി.
2014-ലാണ് കേസിന് ആസ്പദമായ സംഭവം. സെപ്റ്റംബര്‍ അഞ്ചിന് കോളജില്‍ നടന്ന എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടി. പിന്നാലെ, സംഭവം സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തി. എന്നാല്‍, പരീക്ഷ നിരീക്ഷകന്‍ നിര്‍ദേശം അനുസരിച്ചില്ല. ഇതിന്റെ പകയില്‍ അധ്യാപകനെതിരെ പരാതി കൊടുത്തു. 'പിന്നീട് 16ാം തീയതിയാണ് എനിക്കെതിരെ പരാതി ഉണ്ടെന്ന് അറിയുന്നത്. പരാതി എഴുതിയത് മൂന്നാറിലെ സി.പി.എം ഓഫിസില്‍ വെച്ചാണെന്ന് കുട്ടികള്‍ തന്നെ കോടതിയില്‍ മൊഴി നല്‍കി. സര്‍വകലാശാല നിയോഗിച്ച രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങിയ അന്വേഷണ കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പലിന്റെയും പരീക്ഷാ നിരീക്ഷകന്റെയും വീഴ്ചയും ഇവരുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. പീഡനക്കേസില്‍ കുടുക്കി പകവീട്ടാനാണ് കുട്ടികള്‍ ശ്രമിച്ചതെന്നും ഇതിന് പ്രിന്‍സിപ്പല്‍ കൂട്ടുനിന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കോടതി നിരീക്ഷിച്ചു.
എസ്.എഫ്.ഐ സജീവ പ്രവര്‍ത്തകരായിരുന്നു പരാതിക്കാരായ അഞ്ച് വിദ്യാര്‍ഥിനികളും. അന്നത്തെ എം.എല്‍.എയും സി.പി.എം നേതാവുമായ എസ്. രാജേന്ദ്രന്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. എസ്.എഫ്.ഐ ഇതിന് രാഷ്ട്രീയമായി മുന്നിട്ടിറങ്ങിയതിനാല്‍ അവര്‍ മാപ്പ് പറയുമെന്ന പ്രതീക്ഷയൊന്നും ഇല്ല. ഞാനൊരധ്യാപകനാണ്. ഇനിയൊരധ്യാപകനും ഇത് സംഭവിക്കരുത്. മേലാല്‍ കേരളത്തില്‍ ഇത്തരം ഒരു സംഭവം നടക്കരുത്' -പ്രഫ. ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ പരീക്ഷ നിരീക്ഷകന്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.
2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. 3 വര്‍ഷം ജയിലിലും കിടക്കേണ്ടി വന്നു.