മാനസികമായി ആകെ തളർന്നുപോയി; ഇനി ഈ ബന്ധം തുടരാൻ കഴിയില്ല; അത് വെറും സ്കിറ്റ് മാത്രമായിരുന്നു; പക്ഷെ ഇങ്ങനെയൊക്കെ കാര്യങ്ങൾ പോകുമെന്ന് ഞാൻ വിചാരിച്ചില്ല; ക്ലാസ് മുറിയിലെ വിദ്യാർത്ഥിമായുള്ള വിവാഹ വീഡിയോയിൽ പുലിവാല് പിടിച്ച് അധ്യാപിക; 'രാജി' സന്നദ്ധത അറിയിച്ചു; കോളേജിൽ ഓവർ സ്മാർട്ടാകാൻ നോക്കിയ ടീച്ചർക്ക് സംഭവിച്ചത്!
കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ ഏറെ കത്തിയ വിഷയമായിരുന്നു ക്ലാസ് മുറിയിൽ ഒരു അധ്യാപിക വിദ്യാർത്ഥിയുമായി വിവഹം കഴിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ അത് യഥാർത്ഥ കല്യാണമായി തോന്നുമെങ്കിലും അത് വെറും സ്കിറ്റ് ആയിരുന്നു. പക്ഷെ എന്തൊക്കെ ആയാലും ഇത് വലിയ വിമർശനങ്ങൾക്ക് വരെ വഴിവെച്ചിരുന്നു.
ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിശദികരണവുമായി ആരോപണവിധേയായ അദ്ധ്യാപിക രംഗത്ത് വന്നിരിക്കുകയാണ്. ഇനി സർവകലാശാലയുമായുള്ള ബന്ധം തുടരാൻ കഴിയാത്തതിനാൽ രാജിവയ്ക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറെ വിവാദത്തെത്തുടർന്ന് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് മെയിൽ അയച്ചിരുന്നു. ഹരിംഘാട്ട കാമ്പസിലെ ഒരു ക്ലാസ് മുറിയിലാണ് അധ്യാപിക വധുവിന്റെ വേഷത്തിൽ എത്തി വിദ്യാർഥിക്ക് വരണമാല്യം അണിഞ്ഞത്. പക്ഷെ, വിദ്യാർത്ഥികളുടെയും സർവകലാശാലയുടെയും സമ്മതത്തോടെ അരങ്ങേറിയ ഒരു സൈക്കോ-ഡ്രാമ പ്രോജക്ടിന്റെ ഭാഗമായി അവതരിപ്പിച്ച നാടകമാണിതെന്ന് പ്രൊഫസർ അവകാശപ്പെട്ടിരുന്നു. നാടകത്തിലെ ഒരു ഭാഗം സഹപ്രവർത്തകൻ മനഃപൂർവ്വം ചോർത്തിയതാണെന്നും, തന്റെ കരിയർ തകർക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമിച്ചതാണെന്നും അവർ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി യിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മേധാവിയായ പ്രൊഫസറാണ് വിവാദത്തിൽപ്പെട്ടത്. ഡിപ്പാർട്ട്‌മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായി ക്ലാസ് മുറിയിൽ ഹിന്ദു ബംഗാളി വിവാഹ ചടങ്ങുകൾ നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പ് ജനുവരി 28 ന് വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാനസികമായി തകര്‍ന്നെന്നും സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയുമായുള്ള ബന്ധം തുടരാന്‍ കഴിയില്ലെന്നും കാണിച്ച് പ്രൊഫസര്‍ ഇ-മെയില്‍ അയച്ചതായി അറിയിച്ചു.
തന്റെ സാമൂഹികവും അക്കാദമികവുമായ പ്രശസ്തിക്കുണ്ടായ ദോഷത്തിന് പരിഹാരം കാണാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും അധ്യാപിക പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി വനിതാ ഫാക്കൽറ്റി അംഗങ്ങളുള്ള അഞ്ച് അംഗ പാനൽ സർവകലാശാല രൂപീകരിച്ചിരുന്നു. പ്രോജക്റ്റിന്റെ ഭാഗമാണെന്ന പ്രൊഫസറുടെ അവകാശവാദങ്ങൾ പാനൽ തള്ളിക്കളഞ്ഞുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുതിയ ബാച്ചുകാരെ വരവേൽക്കാൻ നടത്തിയ വിലകുറഞ്ഞ സ്കിറ്റ് മാത്രമായിരുന്നുവെന്നും മുതിർന്ന അധ്യാപികക്ക് യോജിച്ചതായിരുന്നില്ല അവരുടെ പെരുമാറ്റമെന്നും ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ തപഷ് ചക്രവർത്തി പറഞ്ഞു.