യുഎസിലുള്ള ഡോറയുടെ മുഖസാദൃശ്യമുള്ള വസന്തയെയും വളര്‍ത്തു പുത്രി മെറിനെയും 'കണ്ടെത്തി'; മുന്നാധാരം വ്യാജമായി ഉണ്ടാക്കി; ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ്; കവടിയാറിലെ കോടികളുടെ വീടും വസ്തുവും അടിച്ചുമാറ്റി വിറ്റതിന്റെ മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠന്‍; 'വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്'!

'വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്'!

Update: 2025-07-08 11:03 GMT

തിരുവനന്തപുരം: യു എസില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും 'വളര്‍ത്തുമകളുടെ' പേരില്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെന്ന് പൊലീസിന് വിവരം ലഭിച്ചു. തിരുവനന്തപുരം നഗരത്തിലെ സമ്പന്നരുടെ ഹൗസിംഗ് കോളനി എന്നറിയപ്പെടുന്ന ജവഹര്‍ നഗറിലെ വീടും വസ്തുവുമാണ് വ്യാജപ്രമാണമുണ്ടാക്കി തട്ടിയെടുത്തത്. ഈ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ആധാരമെഴുത്തുകാരനായ മണികണ്ഠന്‍ ആണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ജവഹര്‍നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്പിന് പാരമ്പര്യമായി കിട്ടിയ സ്വത്താണിത്. കേസില്‍ പിടിയിലായ പുനലൂര്‍ അലയമണ്‍ സ്വദേശി മെറിന്‍ ജേക്കബിന്റേയും വട്ടപ്പാറ സ്വദേശി വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്.

കവടിയാര്‍ ജവഹര്‍ നഗറിലുള്ള വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ ആധാരം ഉള്‍പ്പെടെ തയാറാക്കിയത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠന്‍ ആണെന്നു പൊലീസ് പറയുന്നു. ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ ഉറ്റ അനുയായിയാണ് ഈ കോണ്‍ഗ്രസ് നേതാവ്. ഈ മുന്‍മന്ത്രിക്കെതിരെ കേന്ദ്രഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഈ നേതാവിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. നിലവില്‍ മണികണ്ഠന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ ഏരിയയായ ജവഹര്‍ നഗറിലെ കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ അടക്കം വലിയ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകര്‍ ഉള്‍പ്പെടെ വമ്പന്മാര്‍ കേസില്‍ കുടുങ്ങുമെന്നാണ് സൂചന.

വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സി എന്ന സ്ത്രീയുടെ സ്ഥലവും വീടുമാണ് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു വിറ്റത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി മെറിന്‍ ജേക്കബാണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്സിന്റെ വളര്‍ത്തു പുത്രിയാണ് മെറിന്‍ എന്നു സ്ഥാപിച്ചാണ് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വര്‍ഷം മുന്‍പ് നാട്ടില്‍ വന്നുപോയ ഡോറയ്ക്ക് മെറിന്‍ ആരെന്നു പോലും അറിയില്ല. സ്ഥിരമായി വസ്തു ഇടപാടുകള്‍ക്ക് ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്ന അനന്തപുരി മണികണ്ഠന്റെ സ്വാധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നു പൊലീസ് കരുതുന്നു.

വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും മണികണ്ഠന്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണികണ്ഠന്‍ ആറ്റുകാലില്‍ മത്സരിച്ചിരുന്നു. പൊലീസ് ഇന്നലെ മെറിനെ മണികണ്ഠന്റെ ഓഫിസില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. മണികണ്ഠനും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വലിയൊരു ലോബി തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഡോറയുടെ മുഖസാദൃശ്യമുള്ള കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്തയെ ഡോറയെന്ന മട്ടില്‍ എത്തിച്ച് മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയതും ഈ പ്രമാണം എഴുതി നല്‍കിയതും മണികണ്ഠന്‍ ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ തയാറാക്കിയ അഭിഭാഷകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. വസ്തുവിന്റെ മേല്‍നോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണു തട്ടിപ്പു പുറത്തറിഞ്ഞത്. യുഎസിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും റജിസ്‌ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്. ഡോറയോടു രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്.

ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്‌ട്രേഷന്‍ നടത്തി മെറിനു വസ്തു കൈമാറിയത് വസന്തയാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ചു പരിചയപ്പെട്ട സുഹൃത്താണ് മെറിനെ തട്ടിപ്പു സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തി. റജിസ്ട്രാര്‍ ഓഫിസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചു പ്രതികളിലേക്ക് എത്തുകയായിരുന്നു.

ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് 27കാരിയായ മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേന്‍ എന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും മൊഴി. പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായി ആള്‍മാറാട്ടം നടത്തിയ മെറിന്‍ ജേക്കബ് ശാസ്തമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വസ്തു ഉടമ ഡോറ അസറിയ ക്രിസ്പിന്റെ കാര്യസ്ഥനായ അമര്‍നാഥ് പോള്‍ കരമടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു കൈമാറ്റം ചെയ്ത വിവരം അറിയുന്നത്. തട്ടിപ്പ് ഇടപാടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മണികണ്ഠന്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Tags:    

Similar News