ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിഞ്ഞു; മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി; മരിച്ച നാലു പേരും മാവേലിക്കരയിലുള്ളവര്‍; ദുരന്തമുണ്ടായത് സ്ഥിരം അപകട മേഖലയില്‍; ശബരിമല തീര്‍ത്ഥാടക അപകടത്തിന് പിന്നാലെ തഞ്ചാവൂരില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസ് മറിയല്‍; പുല്ലുപാറയില്‍ സംഭവിച്ചത്
കുട്ടിക്കാനം: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി(40), സംഗീത്(45), ബിന്ദു നാരായണന്‍ (59) എന്നിവരാണ് മരിച്ചത്. മരണം ഉയരാന്‍ സാധ്യത ഏറെയാണ്. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ് മരത്തില്‍ തട്ടി നില്‍ക്കുകയാണ്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയില്‍ തിരിച്ച് എത്തേണ്ടതായിരുന്നു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ പ്രദേശത്താണ് അപകടം. ഇത് സ്ഥിരം അപകട മേഖലയാണ്. ഇവിടെ കഴിഞ്ഞദിവസം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടിരുന്നു.
വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 34 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മോട്ടോര്‍ വാഹന വകുപ്പും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കിയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലാണ് അപകടസ്ഥലം. 30 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാര്‍ അപകടസമയം ബസിലുണ്ടായിരുന്നു. അപകടം നടന്നയുടന്‍ ബസിലുള്ളവരെ പുറത്തെത്തിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്.
പീരുമേടില്‍നിന്നും മുണ്ടക്കയത്തുനിന്നുമാണ് ഫയര്‍ ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയത്. അപകടത്തെ തുടര്‍ന്ന് ഏതാനും സമയത്തേക്ക് ഗതാഗതം തടസപ്പെട്ടിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ബസിന്റെ അടിയില്‍ പെട്ടവരാണ് മരിച്ചത്. കുടുംബാംഗങ്ങളാണ് ഈ ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.