ജിറാഫിന് വേണ്ടി ചാര്‍ട്ടേര്‍ഡ് വിമാനം അനിവാര്യത; വിദേശത്തുനിന്ന് പക്ഷി മൃഗാദികളെ പരമാവധി വേഗത്തില്‍ എത്തിക്കാന്‍ താല്‍പ്പര്യം അറിയിച്ച് മൂന്ന് ഏജന്‍സികള്‍; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 'ഹോളോഗ്രാം സാങ്കേതിക വിദ്യയും'; ഗ്രീന്‍ അനാക്കോണ്ടയും മക്കാവോയും കൊക്കാട്ടുവും കേരളത്തിലേക്ക്

Update: 2025-10-01 02:08 GMT

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വിദേശത്തുനിന്ന് മൃഗങ്ങളെ എത്തും. മൃഗങ്ങളെ കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള സാങ്കേതിക ബിഡ് പൂര്‍ത്തിയായി. ആദ്യഘട്ടമായി നാല് വീതം ജിറാഫ്, സീബ്ര, ആഫ്രിക്കന്‍ മാന്‍ വര്‍ഗത്തില്‍പ്പെട്ട ഇലാന്റ, ഗ്രീന്‍ അനാകോണ്ട എന്നിവയെകൊണ്ടു വരും. നാല് തരത്തിലുള്ള 16 മക്കാവോയും കൊക്കാട്ടുവും ആദ്യഘട്ടത്തില്‍ പുത്തൂരിലെത്തും.

തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 28 ന് നടക്കും. ആദ്യത്തെ രണ്ടു മാസം പ്രവേശനം മുന്‍കൂട്ടി ബുക് ചെയ്യുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തും. 363 ഏക്കറിലാണ് പാര്‍ക്ക്. 24 ആവാസ ഇടങ്ങള്‍ ഉണ്ടാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂരില്‍ തുറക്കുന്നത്. ഒരു ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകള്‍ ഉണ്ടാകും. ജനുവരി മാസത്തോടെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഫലത്തില്‍ ഒക്ടോബര്‍ 28 നു ശേഷം രണ്ടു മാസം ട്രയല്‍ റണ്ണിന്റേതു കൂടിയാണ്. ജനുവരിയില്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ 'വിദേശ അതിഥി'കളെയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് പാര്‍ക്കില്‍ ഒരുക്കുന്നത്. ഇവയ്ക്കായുള്ള ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണിന്റെ നിര്‍മാണം പൂര്‍ത്തിയായി.

വിദേശത്തുനിന്ന് പക്ഷി മൃഗാദികളെ പരമാവധി വേഗത്തില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മൂന്ന് ഏജന്‍സികള്‍ ഇതിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ഏജന്‍സി മൃഗങ്ങളെ കണ്ടെത്തിയശേഷം അധികൃതര്‍ ഇവയെ പരിശോധിക്കും. ഇതിനുശേഷമാണ് ഇവിടേക്ക് എത്തിക്കുക. പുത്തൂരിലെത്തിക്കാനുള്ള മൃഗങ്ങളെ തെരഞ്ഞെടുത്താല്‍ അവയെ രണ്ട് മാസം ക്വാറന്റൈന്‍ ചെയ്യും. അവയ്ക്ക് അസുഖമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൊണ്ടുവരിക. കേന്ദ്ര സര്‍ക്കാര്‍ അനുമതിയും ആവശ്യമാണ്. വിമാനത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് കൊണ്ടുവരിക.

അനാകോണ്ട, കൊക്കാട്ടു, തുടങ്ങിയവയെ എളുപ്പത്തില്‍ കൊണ്ടുവരാനാകും. വലുപ്പം കുറവായതിനാല്‍ സാധാരണ വിമാനങ്ങളില്‍ ഇവയെ മാറ്റാം. എന്നാല്‍, ജിറാഫിനെ കൊണ്ടുവരുന്നത് പ്രയാസകരമാണ്. ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രത്യേക ബോക്സ് സജ്ജീകരിച്ചാണ് ഇവയെ കൊണ്ടുവരിക. ഇന്ത്യയില്‍ എത്തിച്ചശേഷം വീണ്ടും ഇവയെ ഒരു മാസം ക്വാറന്റൈന്‍ ചെയ്യും. അതിനു ശേഷമാണ് പുത്തൂരിലെത്തിക്കുക. പക്ഷി മൃഗാദികള്‍ക്ക് അസുഖമുണ്ടെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ അറിയാനാകും. അതിനാലാണ് രണ്ടിടത്തായി ക്വാറന്റൈന്‍.

എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ജീവികളെ വെര്‍ച്വല്‍ സാങ്കേതികവിദ്യവഴി അടുത്തു കാണാനുള്ള 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക ദൃശ്യാനുഭവമായ ഹോളോഗ്രാം സാങ്കേതിക വിദ്യയും ഉണ്ടാകും. തൃശ്ശൂരില്‍ നിന്ന് പുലി, കടുവ, ഒട്ടകപ്പക്ഷി, എമു, 60 മാനുകള്‍, മയിലുകള്‍, വര്‍ണപ്പക്ഷികള്‍, കാട്ടുപോത്ത് എന്നിവയെ പുത്തൂരിലേക്ക് മാറ്റി. വളരെ അവശതയുള്ള സിംഹത്തെ ഏറ്റവുമൊടുവിലാണ് മാറ്റുക. ഒരു ഹിപ്പോയെ അടുത്തയാഴ്ച മാറ്റും. തൃശ്ശൂരിലെ 439 ജീവികളില്‍ 191 എണ്ണം മാനുകളാണ്. ശേഷിക്കുന്ന 131 മാനുകളെ പുത്തൂരിലെ സഫാരി പാര്‍ക്കിലേക്ക് മാറ്റും. പുത്തൂരില്‍ ഇപ്പോള്‍ ഒന്‍പത് കടുവകള്‍, നാല് പുലികള്‍ എന്നിവയടക്കം ഇരുന്നൂറില്‍പ്പരം ജീവികളെ പാര്‍പ്പിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ജനവാസകേന്ദ്രങ്ങളില്‍നിന്നെത്തിച്ച കടുവകളും കൂട്ടത്തിലുണ്ട്.

ഇവയെ പാര്‍ക്കിലെ ആവാസകേന്ദ്രങ്ങളിലേക്ക് തുറന്നുവിടേണ്ട സമയം കഴിഞ്ഞ ഘട്ടത്തിലാണ് പാര്‍ക്ക് വേഗത്തില്‍ തുറക്കാനുള്ള നീക്കം തുടങ്ങിയത്. പുത്തൂര്‍ കുരിശു മൂലയില്‍ വനംവകുപ്പിന്റെ 336 ഏക്കറിലാണ് പാര്‍ക്ക് തുറക്കുന്നത്. കിഫ്ബി വഴി ലഭിച്ച 331 കോടി രൂപയില്‍ ഇതുവരെ 285 കോടിയാണ് പാര്‍ക്കിനുവേണ്ടി ചെലവഴിച്ചത്.

Tags:    

Similar News