ഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തം
കട്ടപ്പന: കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് മരണം. നവീകരണപ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് ദുരന്തത്തില്‍ പെട്ടത്. തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്.
കട്ടപ്പന പാറക്കടവിനുസമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണതോടെ മറ്റുരണ്ടുപേര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഓടയ്ക്കുള്ളില്‍ കുടുങ്ങി. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം. ഓടയോട് ചേര്‍ന്ന മാലിന്യ കുഴിയിലെ മാന്‍ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാള്‍ കുടുങ്ങി. ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കില്‍ അകപ്പെടുകയായിരുന്നു. ടാങ്കില്‍ ഓക്‌സിജന്റെ അഭാവമാണ് അപകടത്തിനിടയാക്കിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ഒന്നര മണിക്കൂര്‍ സമയത്തെ രക്ഷ പ്രവര്‍ത്തനത്തിനോടുവില്‍ മൂന്നു പേരെയും പുറത്തെടുത്തു കട്ടപ്പന താലൂക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു.
അപകടത്തിനിടയാക്കിയതിന്റെ കാരണം വിശദമായ അന്വേഷണത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ. മൂന്നു പേരുടെയും ജഡം കട്ടപ്പന താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.