നൈജല്‍ ഫരാജ് രാജ്യവിരുദ്ധന്‍.... വിളിച്ചു പറയുന്നത്ത് വിവരക്കേട്..ബ്രിട്ടനെ ചിന്നഭിന്നമാക്കും.... ആഞ്ഞടിച്ച് കീര്‍ സ്റ്റര്‍മാര്‍; സ്റ്റര്‍മാര്‍ ഇടത് ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയെന്ന് തിരിച്ചടിച്ച് നൈജലും: റിഫോം യുകെയെ നേര്‍ക്കുനേര്‍ അടിച്ചൊതുക്കാന്‍ ലേബര്‍ രംഗത്ത്
ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയ പോര് രൂക്ഷം. നെയ്ജല്‍ ഫരാജിന് ബ്രിട്ടനോട് സ്നേഹമോ മമതയോ ഇല്ല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവനയോട് രൂക്ഷമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കിലും, ഫരാജില്‍ നിന്നും ഉണ്ടാകാനിടയുള്ള ഭീഷണിയെ നേരിടാനായിരുന്നു ലേബര്‍ പാര്‍ട്ടി സമ്മേളനവേദിയിലെ തന്റെ പ്രസംഗത്തിലൂടെ സ്റ്റാര്‍മര്‍ ശ്രമിച്ചത്. ബ്രിട്ടന്‍ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, രാജ്യം ഒരുമയോടെ മുന്നോട്ട് പോവുകയോ, വിഭാഗീയത കടുക്കുകയോ ചെയ്തേക്കാം എന്ന മുന്നറിയിപ്പും നല്‍കി. നാശത്തിലേക്കുള്ള പാതയ്‌ക്കെതിരെ പോരാടുവാനും അദ്ദേഹം പാര്‍ട്ടി അണികളെ ആാഹ്വാനം ചെയ്തു.
രാജ്യ പുനരുത്ഥാനത്തിന്റെ ശത്രുവാണ് നെയ്ജല്‍ എന്നായിരുന്നു സ്റ്റാര്‍മര്‍ വിശേഷിപ്പിച്ചത്. ജനപിന്തുണയ്ക്കായി എന്തും പറയുന്ന ഒരു വ്യക്തിയാണ് നെയ്ജല്‍ ഫരാജ് എന്ന് പറഞ്ഞ സ്റ്റാര്‍മര്‍, നെയ്ജലിന്റെ ബ്രിട്ടന്‍ തകരുന്നു എന്ന പ്രചാരണം തള്ളിക്കൊണ്ട്, അദ്ദേഹം എപ്പോഴാണ് രാജ്യത്തെ കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിരിക്കുന്നതെന്നും ചോദിച്ചു. രാജ്യത്തോട് സ്നേഹമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയാത്തതെന്നും സ്റ്റാര്‍മര്‍ ആരോപിച്ചു.
അധികം താമസിയാതെ ലണ്ടനില്‍ നിന്നും ഒരു ഓണ്‍ - ക്യാമറ പ്രതികരണത്തിലൂടെ നെയ്ജല്‍ ഫരാജും സ്റ്റാര്‍മര്‍ക്കെതിരെ ആഞ്ഞടിച്ചു. റിഫോം പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന മോശപ്പെട്ട ഭാഷയിലാണ് സ്റ്റാര്‍മര്‍ സംസാരിച്ചതെന്ന് ഫരാജ് ചൂണ്ടിക്കാട്ടി. ഇടത് - ഇസ്ലാമിസ്റ്റ് ആശയക്കാരുടെ തടവറയിലാണ് സ്റ്റാര്‍മര്‍ എന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്ക് പ്രതിരോധം തീര്‍ത്തെത്തിയ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി, ഹിറ്റ്‌ലറിനെ ആരാധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് ഫരാജിന്റെ സഞ്ചാരം എന്ന് ആരോപിച്ചു.
പിന്നീട് ഫരാജ് ഒരു വംശീയ വിദ്വേഷിയാണോ എന്ന ചോദ്യത്തിന്, താന്‍ കൂടുതല്‍ പറയുന്നില്ലെന്നും പൊതുജനങ്ങള്‍ വിധിയെഴുതട്ടെ എന്നുമായിരുന്നു ബി ബി സിക്ക് ലാമെ നല്‍കിയ പ്രതികരണം. ഇതിനെതിരെ പ്രതികരിക്കാനില്ലെന്നായിരുന്നു റിഫോം യു കെ പാര്‍ട്ടി പറഞ്ഞത്.റിഫോം യു കെയ്ക്ക് എതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, പാര്‍ട്ടിയിലെ ഇടതുപക്ഷത്തിനും മുന്നറിയിപ്പ് നല്‍കാന്‍ മറന്നില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കുടിയേറ്റം പോലുള്ള വിഷയങ്ങളില്‍ ഇടത് നയത്തില്‍ നിന്നും വ്യതിചലിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന് പറഞ്ഞുകൊണ്ട്, നവംബറിലെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. അതുപോലെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചനയായി അദ്ദേഹം പറഞ്ഞത്, ചെലവ് നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു ലേബര്‍ പാര്‍ട്ടി, വര്‍ത്തമാനകാലത്ത് ഭരിക്കാന്‍ അര്‍ഹതയുള്ള ലേബര്‍ പാര്‍ട്ടിയല്ല എന്നായിരുന്നു. അതേസമയം, ഫരാജിന്റെ കുടിയേറ്റ നയങ്ങളെ വംശീയ വിദ്വേഷത്തോടെയുള്ള നയങ്ങളായി ചിത്രീകരിച്ച സ്റ്റാര്‍മറുടെ പ്രസ്താവന തിരിച്ചടിച്ചേക്കുമെന്ന ഭയവും പാര്‍ട്ടിയിലെ ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.
നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം, വാറ്റ് എന്നിവയില്‍ വര്‍ദ്ധന ഉണ്ടാകില്ലെന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ മന്ത്രിമാര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. എന്നാല്‍, ഹെല്‍ത്ത് സെക്രട്ടറി, സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ ബില്ലിന്മേല്‍ വാറ്റ് ഈടാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.