മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം; കാറ്റ് ഉത്തരവോടെ എന്‍ഫോഴ്‌സ്‌മെന്റ് തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത കൂടി; അപ്പീല്‍ നല്‍കിയ ക്ലിയറന്‍സ് കൊടുക്കാതിരിക്കാന്‍ ആലോചന; കാറ്റ് നല്‍കിയ നീതിയും വൈകും

Update: 2025-10-01 01:53 GMT

തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് തലങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകുമ്പോഴും തെറ്റു തിരുത്തല്‍ സര്‍ക്കാര്‍ അജണ്ടയില്‍ ഇല്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാനുള്ള വിജിലന്‍സ് ക്ലിയറന്‍സ് ഡിജിപി കൂടിയായ യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം നല്‍കാനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. തല്‍കാലം ഇത് പാലിക്കില്ല. സര്‍ക്കാര്‍ അപ്പീല്‍ പോകും. അഞ്ചു പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ നല്‍കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച കാറ്റ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തുടര്‍ച്ചയായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്നു തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നുവെന്നത് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം. വിജിലന്‍സ് മേധാവിയായിരിക്കേ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിരവധി തട്ടിപ്പുകളുമായി ബന്ധപ്പെട്ട രേഖകള്‍ യോഗേഷ് ഗുപ്തയുടെ കൈയിലെത്തിയിരുന്നു. ഇതിനൊപ്പം കെ എം എബ്രഹാമിനെതിരായ ആരോപണത്തിലെ ഫയലുകള്‍ സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. ഇതോടെ സര്‍ക്കാരുമായി ഉടക്കിലായി. ഇതോടെ യോഗേഷ് ഗുപ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തലവനാകുന്നതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമത്തിനാണ് സിഎടിയില്‍നിന്ന് ഇന്നലെ തിരിച്ചടി നേരിട്ടത്. സിബിഐയുടെ തലപ്പത്തും യോഗേഷ് എത്താന്‍ സാധ്യത കൂടുതലായിരുന്നു. ആദ്യഘട്ടത്തില്‍ യോഗേഷ് ഗുപ്തയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാന്‍ അവസരം നല്‍കിയില്ല. ഇതിനു മുന്‍പു നല്‍കിയ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷയും നിരാകരിച്ചു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് യോഗേഷിന് നീതി ലഭിച്ചത്. ഇതോടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സാഹചര്യവും വന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കുന്നത്.

ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബി. അശോകിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മൂന്ന് ഉത്തരവുകള്‍ തുടര്‍ച്ചയായി റദ്ദാക്കേണ്ട സാഹചര്യത്തിനു പിന്നാലെ ഇപ്പോള്‍ ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റായ യോഗേഷ് ഗുപ്തയുടെ കാര്യത്തില്‍ സംഭവിച്ചതു സര്‍ക്കാരിനു കനത്ത പ്രഹരമായി. അശോകിന്റെ വിഷയത്തിലും കാറ്റാണ് ഇടപെട്ടത്.വിധി അനുകൂലമായതോടെ ഇഡിയുടെയോ കേന്ദ്ര ഏജന്‍സികളുടെയോ തലപ്പത്ത് യോഗേഷ് ഗുപ്തയ്ക്ക് ഇനി എത്താനാകും. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരനാകുന്നതും ആദ്യമായിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നല്‍കിയ അപേക്ഷയും യോഗേഷിനെ തുണച്ചില്ല. വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് നിയമപോരാട്ടത്തിലേക്കു തിരിഞ്ഞത്.

യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരുന്നു കാറ്റ് ഉത്തരവ്. അഞ്ചു പ്രവര്‍ത്തി ദിവസത്തിനകം യോഗേഷ് ഗുപ്തയ്ക്ക് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. കേരളം വിട്ട് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുള്‍പ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ ഏഴ് സ്ഥലംമാറ്റമാണ് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കിയുള്ള ഉത്തരവ്.

2022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്റിജസ് കോര്‍പറേഷന്‍ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി, ബവ്റിജസ് കോര്‍പറേഷന്‍ എംഡി, വിജിലന്‍സ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.

Tags:    

Similar News