കേരളത്തില്‍ ഇപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് സജീവമല്ല; ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്; ഇത്തരക്കാരെ നിരീക്ഷിക്കുന്നതായി പുട്ട വിമലാദിത്യ

കേരളത്തില്‍ ഇപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് സജീവമല്ല

Update: 2025-04-29 08:38 GMT

കൊച്ചി: കേരളത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) സജീവമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറും കേരള ഭീകരവിരുദ്ധ സ്‌ക്വാഡ് മുന്‍ തലവനുമായ പുട്ട വിമലാദിത്യ. ഐ.എസ് ഇപ്പോള്‍ സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ഡയലോഗ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളും സജീവമല്ല. എങ്കിലും കുറെപ്പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് കേസുകളില്‍ അറസ്റ്റിലായ ചിലര്‍ ഇപ്പോഴും എറണാകുളത്തുണ്ട്. മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ ഇല്ലായ്മ ചെയ്യാനാവില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡറുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടുകള്‍ ഇപ്പോള്‍ ഏതാണ്ട് മാവോയിസ്റ്റ് മുക്തമായിട്ടുണ്ട്. എന്നാല്‍ നഗരങ്ങളില്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരുണ്ട്. ചില സംഘടനകളുടെ മറവിലും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടുമൊക്കെയാണിത്. ഇതെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ പ്രധാനമായും പൊലീസ് നേരിടുന്ന വെല്ലുവിളി മയക്കുമരുന്നാണ്. പഴയ കേസുകള്‍ പരിശോധിക്കുമ്പോള്‍ പലരുടേയും വിലാസം തെറ്റായിരിക്കാം. പലരും താമസം മാറി പോയിട്ടുണ്ടാകും. മൂന്നു നാല് വര്‍ഷം സമയമെടുക്കും പലപ്പോഴും വിചാരണ പൂര്‍ത്തിയാകാന്‍.കൊച്ചിയിലെ ഗുണ്ടാപ്രവര്‍ത്തനം തടയുന്നതിന് 600 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലെ ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. മയക്കു മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് നല്‍കി വിട്ടയക്കുകയാണ് ചെയ്തതെന്നും പുട്ട വിമലാദിത്യ പറഞ്ഞു.

Tags:    

Similar News