മുഖ്യമന്ത്രി എന്ന കുറ്റവാളിയാക്കിയത് ഡാമേജായി; പാര്‍ട്ടിയും എന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞു; സിപിഎം നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് സംഭവിച്ചത്; പിണറായിയുടെ ചിരി അനുകരിച്ച് പരിഹാസം; സിപിഎമ്മിനെ വെല്ലുവിളിച്ച് പിവി അന്‍വര്‍
മുഖ്യമന്ത്രിയുടെ കുറ്റാവളിയാക്കല്‍ എനിക്ക് വലിയ ഡാമേജുണ്ടാക്കി-നിലമ്പൂര്‍ എംഎല്‍എ
മലപ്പുറം: സിപിഎമ്മിനെ വെല്ലുവിളിച്ച് പിവി അന്‍വര്‍. താന്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടത്തുമെന്ന സിപിഎം ഉറപ്പിലാണ് പരസ്യ പ്രസ്താവന നിര്‍ത്തിയത്. എന്നാല്‍ തന്റെ പരാതിയിലെ അന്വേഷണം അട്ടിമറിക്കുകയാണ്. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ല. എസ് പി ഓഫീസിലെ മരം മുറി കേസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല. റിദാന്‍ കൊലക്കേസില്‍ അന്വേഷണം അട്ടിമറിച്ചു. റിദാന്‍ കൊലക്കേസില്‍ പുനരന്വേഷണം ഏല്‍പ്പിക്കുന്നത് എടവണ്ണ പോലീസിനെയാണ്. അന്വേഷണം ശരിയായ ദിശയില്‍ പോകുമെന്ന സിപിഎം നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്. മുഖ്യമന്ത്രി തന്നെ സ്വര്‍ണ്ണ കടത്തുകാരുടെ ആളാക്കിയ പത്ര സമ്മേളനവും വ്യക്തമാണ്. അന്‍വര്‍ സ്വര്‍ണ്ണ കടത്തു കാരുടെ ആളാണെന്ന തോന്നല്‍ പൊതു സമൂഹത്തില്‍ മുഖ്യമന്ത്രിയുണ്ടാക്കി-അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരി അടക്കം പരിഹാസമായി കാട്ടുകയും ചെയ്തു.
പാര്‍ട്ടി ലൈനില്‍ നിന്നും താന്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ല.'' അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അന്‍വറിന്റെ പരാമര്‍ശം. വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണ്ണ കടത്തില്‍ പോലീസ് നടത്തുന്ന കള്ളക്കളിക്ക് തെളിവായി ചില വീഡിയോയും പ്രദര്‍ശിപ്പിച്ചു. കേസില്‍ പിടിച്ചവരുടെ വീഡിയോയാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുകയാണ് ഇപ്പോള്‍ അന്‍വര്‍.
മുഖ്യമന്ത്രിയുടെ കുറ്റാവളിയാക്കല്‍ എനിക്ക് വലിയ ഡാമേജുണ്ടാക്കി. ഇത് പാര്‍ട്ടി തിരുത്തുമെന്ന് കരുതി. എന്നാല്‍ അതുണ്ടായില്ല. എന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. സിപിഎം സെക്രട്ടറിയുടെ പത്ര സമ്മേളനത്തിലായി പ്രതീക്ഷ. എന്റെ പരാതി പരിശോധിക്കുമെന്നു പോലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞില്ല. ഞാന്‍ കൊടുത്ത പരാതികള്‍ സിപിഎം സെക്രട്ടറി വായിച്ചിട്ടുണ്ടാകുമല്ലോ? എന്നിട്ടും പി ശശിയും ഞാനും ഒരുമിച്ചുള്ളവരാണെന്ന് സെക്രട്ടറി പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കഴമ്പില്ലെന്ന് സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിലൈനിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ആളല്ല ഞാന്‍. അതിനല്ല ഇവിടെ ഇരിക്കുന്നത്-അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിക്കാരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഉയര്‍ത്തിയത്-അന്‍വര്‍ പറഞ്ഞു.
പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി പോലീസ് സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ല. 188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
പാര്‍ട്ടി എന്നില്‍ നിന്ന് സത്യസന്ധമായി നടക്കുമെന്ന ഉറപ്പ് പാടെ ലംഘിക്കപ്പെട്ടു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എട്ടു വര്‍ഷമായല്ല താന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയതു മുതല്‍ താന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്.