ദുബായില്‍ കേക്ക് മുറിച്ച് ആഘോഷം; ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും സംസ്ഥാന സമിതി അംഗം; ഫോട്ടോയും കത്തും നിര്‍ണ്ണായകം; പി വി അന്‍വറിന് പിന്നില്‍ സിപിഎം ഉന്നതനോ? പാര്‍ട്ടിയില്‍ 'രഹസ്യാന്വേഷണം'!

ഒരു സംസ്ഥാന കമ്മിറ്റിയംഗം വിദേശത്ത് പോയതിന്റെയും ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോകളും വിവരങ്ങളുമാണ് ലഭിച്ചിട്ടുള്ളത്.

By :  Remesh
Update: 2024-09-25 02:43 GMT

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ. ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നിലും ഗൂഡാലോചന തിയറി സജീവമാക്കി റിപ്പോര്‍ട്ട്. അന്‍വറിന്റെ പിന്നില്‍ ആരാണെന്ന 'രഹസ്യാന്വേഷണം' സിപിഎമ്മില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ചില നേതാക്കള്‍ക്ക് ലഭിച്ച കത്തുകളും ഫോട്ടോകളും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. അതീവ ഗൗരവ സ്വഭാവത്തിലുള്ള ആക്ഷേപമാണ് സിപിഎമ്മിനുള്ളിലുളളതെന്നാണ് പുറത്തു വരുന്ന വിവരം.

ഒരു സംസ്ഥാന കമ്മിറ്റിയംഗം വിദേശത്ത് പോയതിന്റെയും ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോകളും വിവരങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പി.വി. അന്‍വര്‍ ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതാവിന്റെ വിദേശയാത്രയും അന്‍വര്‍ ആരോപണം ഉന്നയിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പാര്‍ട്ടിക്കുള്ളിലെ രഹസ്യ പരിശോധനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചുള്ള കത്തിനെ കുറിച്ചും വാര്‍ത്തയില്‍ പറയുന്നുണ്ട്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി അനുകൂലികളും വിമര്‍ശകരുമെന്ന രീതിയിലേക്ക് ചേരിതിരിവിന് വഴിവെച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെയാണ് പുതിയ വിവാദവുമെത്തുന്നത്.

ദുബായില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങള്‍ കത്തില്‍ വിവരിക്കുന്നുണ്ട്. ദുബായിലെ സ്വകാര്യ കമ്പനി പ്രതിനിധികളുമൊന്നിച്ച് സംസ്ഥാന കമ്മിറ്റി അംഗം കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേരുന്നതിന്റെയും കമ്പനിപ്രതിനിധികളുമായി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെയും ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്. ഇതേ കമ്പനി ഇടുക്കിയില്‍ ഒരു റിസോര്‍ട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തില്‍ പാര്‍ട്ടിപോലും അറിയാതെ സംസ്ഥാന നേതാവ് പങ്കെടുത്തിരുന്നു. അതിനെതിരെയുള്ള പരാതി ആ ജില്ലയില്‍നിന്നുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. ഇതൊന്നും ഇതുവരെ പാര്‍ട്ടി ഔദ്യോഗിക പരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്പോലും വെച്ചിട്ടില്ലെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

റിസോര്‍ട്ട് ഉദ്ഘാടനത്തിന് ടൂറിസം മന്ത്രിയെ പങ്കെടുപ്പിക്കാന്‍ ദുബായിലെ കമ്പനി പ്രതിനിധികള്‍ ശ്രമിച്ചിരുന്നു. ഈ കമ്പനിയെ സംബന്ധിച്ച് സി.പി.എം. ഇടുക്കി ജില്ലാനേതാക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പരിപാടി ഒഴിവാക്കിയതെന്നാണ് വിവരം. അതേ കമ്പനിക്കായി സംസ്ഥാനകമ്മിറ്റി അംഗം സജീവമായി ഇടപെട്ടതാണ് പരാതി ഉയരാന്‍ കാരണമായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ അടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നേതാവിന്റെ വിദേശസന്ദര്‍ശനവും കൂടിക്കാഴ്ചയും ചര്‍ച്ചയാക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ദുബായിലെ വ്യവസായി ആരെന്ന ചര്‍ച്ച സജീവമാകുകയാണ്.

തന്റെ വിശ്വസ്തരെയും ഓഫിസിനെയും നിരന്തരം ആക്രമിക്കുന്ന പി.വി.അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അടിച്ചുവീഴ്ത്തിയിരുന്നു. തുടക്കത്തില്‍ അന്‍വറിന്റെ വാക്കുകള്‍ ഗൗരവമുള്ളതാണെന്നു പറഞ്ഞ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് പിണറായി വിജയന്റെ നിലപാട് വിശദീകരണത്തോടെ മയപ്പെട്ടു. സിപിഎം പോലെ കരുത്തുറ്റ പാര്‍ട്ടിയുടെ അഭ്യര്‍ഥന മുഖവിലയ്ക്കെടുത്ത അന്‍വര്‍ തല്‍ക്കാലത്തേക്ക് എങ്കിലും അടങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് വലിയ ആശ്വാസമാണ്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

അന്‍വര്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോഴും മിണ്ടാതിരുന്ന സിപിഎം നേതൃത്വത്തിന് പക്ഷേ മുഖ്യമന്ത്രി പരസ്യമായി വാളെടുത്തതോടെ അടങ്ങിയിരിക്കാന്‍ കഴിയാത്ത അവസ്ഥയാകുകയായിരുന്നു.

Tags:    

Similar News