ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; 'കോട്ടിട്ട ജിഹാദികള്‍' നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്
ദോഹ: ഖത്തര്‍ രാജകുടുംബം തനിക്ക് വാഗ്ദാനം ചെയ്ത 400 മില്യണ്‍ ഡോളര്‍ വില വരുന്ന ആഡംബര വിമാനം സംബന്ധിച്ച വിമര്‍ശനത്തിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഡെമോക്രാറ്റുകളുടെയും തന്റെ വിശ്വസ്തരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ട്രംപ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറായത്.
ആഢംബര ജെറ്റ് സമ്മാനമാണെന്നും ഇതിനായി പണം ചെലവാക്കിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. പ്രതിരോധ വകുപ്പിന് ഇത് സമ്മാനമായിട്ടാണ് ലഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ളതാണ്. ഇതിന് പകരമായി വളരെ സുതാര്യമായ ഇടപാടിലൂടെയാണ് ഈ ജെറ്റ് വിമാനം ലഭിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യം വിമര്‍ശന ബുദ്ധിക്കാരായ ഡെമോക്രാറ്റുകളെ ഏറെ അലോസരപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് അമേരിക്കക്ക് ലഭിക്കുന്ന ഏറ്റവും വിലകൂടിയതും ആഡംബര പൂര്‍ണവുമായി സമ്മാനമാണ് ഇതെന്നാണ് ട്രംപിന്റെ വാദം. 2018 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ തന്നെ ട്രംപ് ബോയിങ്ങ് വിമാന കമ്പനിയോട് പ്രസിഡന്റിന് വേണ്ടി പുതിയതായി രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഖത്തര്‍ തങ്ങളുടെ അത്യാഡംബര ജെറ്റ് വിമാനം ട്രംപിന് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
പുതിയ വിമാനങ്ങള്‍ എത്തുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനായിട്ടാണ് ഖത്തര്‍ രാജാവ് ഈ വാഗ്ദാനം ട്രംപിന് നല്‍കിയത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ട്രംപ് ഈ വിമാനം തന്റെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഡെമോക്രാറ്റുകളെ കൂടാതെ സ്വന്തം വിശ്വസ്തരും വിമാനം വാങ്ങുന്നതിനെതിരെ രംഗത്ത് എത്തിയത് ട്രംപിനെ വെട്ടിലാക്കിയിരിക്കുകയാണ്. കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിനാണ് ട്രംപ് സ്വീകരിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. അമേരിക്കന്‍ സൈനികരം കൊലപ്പെടുത്തിയ ഹമാസിനേയും ഹിസ്ബുള്ളയേയും പോലെയുള്ള ഇറാന്‍ പിന്തുണയുള്ള ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.
മെക്സിക്കോ വഴി നിരവധി ജിഹാദികളെ അമേരിക്കയില്‍ എത്തിക്കാന്‍ കൂട്ടു നിന്നത് ഇവര്‍ തന്നെയാണെന്നും അവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അമേരിക്കയുടെ കോളജുകളും സര്‍വ്വകലാശാലകളും പോലും വാങ്ങുന്ന ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുന്ന സഹായം നിര്‍ത്തി വെയ്ക്കണം എന്നാണ് ട്രംപിന്റെ അനുകൂലികളുടെ ആവശ്യം. എന്നാല്‍ ഖത്തര്‍ ഒരു പണവും സ്വീകരിക്കാതെയാണ് വിമാനം നല്‍കുന്നത് എന്നാണ് ട്രംപിന്റെ വിശ്വസ്തര്‍ പറയുന്നത്.
ട്രംപ് ഈ ആഴ്ച ഖത്തര്‍, സൗദി അറേബ്യ, യു. എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ട്രംപിന് വാഗ്ദാനം ചെയ്ത വിമാനത്തില്‍ അലങ്കരിച്ച സ്യൂട്ടുകള്‍, സ്റ്റേറൂമുകള്‍, ലോഞ്ചുകള്‍, ഡൈനിംഗ് റൂമുകള്‍ എന്നിവയുണ്ട്. വിമാനത്തിലെ മിക്കവാറും എല്ലാ മുറികളിലും പ്ലഷ് കാര്‍പെറ്റിംഗ്, ലെതര്‍ സോഫകള്‍, സ്വര്‍ണ്ണ ഫര്‍ണിച്ചറുകള്‍ എന്നിവയുണ്ട്.പ്രശസ്ത ഫ്രഞ്ച് ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ ആല്‍ബെര്‍ട്ടോ പിന്റോ കാബിനറ്റാണ് വിമാനത്തിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തത്. ഖത്തര്‍ രാജകുടുംബാംഗങ്ങളും തുര്‍ക്കി സര്‍ക്കാരും ഉപയോഗിച്ച ശേഷമാണ് വിമാനം യുഎസിന് നല്‍കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമേരിക്കന്‍ സര്‍ക്കാരിന് ഒരു ജെറ്റ് സമ്മാനമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. എയര്‍ഫോഴ്‌സ് വണിന് പകരം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും തമ്മില്‍ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല' എന്നായിരുന്നു അലി അല്‍ അന്‍സാരി വ്യക്തമാക്കിയത്.