ഓട്ടം ഡോക്ടറിന് പുത്തരിയല്ല; കഴിഞ്ഞ മാസം ബെര്‍ലിനിലും 2018-ല്‍ ദുബായിലും 2019-ല്‍ സ്പൈസ് കോസ്റ്റ് മാരത്തണിലും ഓടി! കോരിച്ചൊരിയുന്ന പെരു മഴയത്ത് 40 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ ചുമതലയേല്‍ക്കാന്‍ ഓട്ടം; ഡോ ആന്റണി പോള്‍ ചേറ്റുപുഴ വ്യത്യസ്തനാകുമ്പോള്‍

Update: 2025-10-20 07:54 GMT

കൊച്ചി: കോരിച്ചൊരിയുന്ന പെരുമഴയത്ത് 40 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ ചുമതലയേല്‍ക്കാന്‍ മാരത്തണ്‍ ഓടിയെത്തി ഡോക്ടര്‍. അങ്കമാലി ആഡ്ലക്സ് ഹോസ്പിറ്റലില്‍ ചുമതലയേല്‍ക്കാനാണ് പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ആന്റണി പോള്‍ ചേറ്റുപുഴ ഓടിയെത്തിയത്. ഓടിയെത്തിയ ഡോക്ടറെ ആശുപത്രി സിഇഒ ഡോ. ഏബെല്‍ ജോര്‍ജും ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ചുമതലയേല്‍ക്കുന്നതിന്റെ പതിവ് ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിട നല്‍കിയായിരുന്നു ഡോക്ടര്‍ വേറിട്ട തുടക്കം കുറിച്ചത്.

ശനിയാഴ്ച രാത്രി 12-ന് പനമ്പിള്ളി നഗര്‍ പാര്‍ക്കില്‍ നിന്നായിരുന്നു മാരത്തണിന്റെ തുടക്കം. പനമ്പിള്ളി നഗര്‍ റണ്ണേഴ്‌സ്' എന്ന സൗഹൃദ കൂട്ടായ്മയും അദ്ദേഹത്തോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. നഗരത്തിലെ തിരക്കുകള്‍ പിന്നിട്ട് പുലര്‍ച്ചയോടെ ആരംഭിച്ച ഓട്ടം അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ വിജയകരമായി അവസാനിച്ചു. 'ആരോഗ്യം, സഹനം, കൂട്ടായ്മ എന്നീ മൂല്യങ്ങള്‍ തന്റെ പുതിയ പ്രവര്‍ത്തനമേഖലയില്‍ എത്തിക്കുക എന്ന സന്ദേശമാണ് ഈ ഓട്ടത്തിന് പിന്നിലെന്ന് ഡോ. ആന്റണി പോള്‍ വ്യക്തമാക്കി'.

ആരോഗ്യപരിപാലനത്തിന്റെ സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ നല്‍കിയ ഡോക്ടറുടെ മാതൃക സഹപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രചോദനമായി. ഡോ. ആന്റണി പോളിന്റെ സേവനം ആശുപത്രിയുടെ ചികിത്സാ മികവിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സി.ഇ.ഒ. ഡോ. ഏബെല്‍ ജോര്‍ജ്ജ് പറഞ്ഞു.

ഓട്ടം ഡോക്ടറിന് പുത്തരിയല്ല. കഴിഞ്ഞ മാസം ബെര്‍ലിന്‍ മാരത്തണിലും പങ്കെടുത്തിരുന്നു. കൂടാതെ, 2018-ല്‍ ദുബായ് മാരത്തണിലും 2019-ല്‍ സ്പൈസ് കോസ്റ്റ് മാരത്തണിലും ഓടിയിട്ടുണ്ട്. എം.ബി.ബി.എസ്, എം.ഡി (ഇന്റേണല്‍ മെഡിസിന്‍), ഡി.എം (ഗ്യാസ്ട്രോഎന്റോളജി) ബിരുദധാരിയായ ഡോ. ആന്റണി പോള്‍ 2020ല്‍ എഫ്.ആര്‍.സി.പി. ബിരുദവും നേടിയിട്ടുണ്ട്.

Similar News