'ധൈര്യമുണ്ടെങ്കില്‍ വാ! ബിജെപിക്ക് 10 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം നിര്‍ത്താം': മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് കെജ്രിവാളിന്റെ വെല്ലുവിളി; അധികാരമോഹം മൂത്തവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമെന്നും മുന്‍ മുഖ്യമന്ത്രി; ഡല്‍ഹി മദ്യനയക്കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതോടെ ഡല്‍ഹിയില്‍ പുതുതന്ത്രങ്ങളുമായി ആം ആദ്മി പാര്‍ട്ടി
മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് കെജ്രിവാളിന്റെ വെല്ലുവിളി
ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിദ് കെജ്രിവാള്‍. ''ധൈര്യമുണ്ടെങ്കില്‍ ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ. ബിജെപിക്ക് 10 സീറ്റിലധികം ലഭിച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാം,'' കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മദ്യനയക്കേസില്‍ കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 23 പേരെയും റൗസ് അവന്യൂ കോടതി വെറുതെ വിട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെജ്രിവാള്‍ വെല്ലുവിളി ഉയര്‍ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ അരവിന്ദ് കെജ്രിവാള്‍ ആഞ്ഞടിച്ചു. മോദിയുടെയും അമിത് ഷായുടെയും അധികാര മോഹത്തിന്റെ ഫലം അനുഭവിക്കുന്നത് ഡല്‍ഹിയിലെ മൂന്ന് കോടി ജനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഎപിക്ക് കനത്ത തിരിച്ചടിയേറ്റ കഴിഞ്ഞ തിരഞ്ഞെടുപ്പ്
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയേറ്റിരുന്നു. 70 സീറ്റുകളില്‍ 48 എണ്ണം നേടി ബിജെപി അധികാരം പിടിച്ചപ്പോള്‍, മുന്‍പ് അത്യുജ്ജല വിജയം നേടിയ എഎപിക്ക് കേവലം 22 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മദ്യനയക്കേസിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയത് എഎപിയുടെ പ്രതിച്ഛായയെ അന്ന് ബാധിച്ചിരുന്നു.
മദ്യനയക്കേസില്‍ കുരുങ്ങി
2021-22 മദ്യനയം സ്വകാര്യ മദ്യവ്യാപാരികള്‍ക്ക് വഴിവിട്ട ലാഭമുണ്ടാക്കാന്‍ സഹായിച്ചു എന്നായിരുന്നു ആരോപണം. 'സൗത്ത് ഗ്രൂപ്പില്‍' നിന്ന് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇഡി ആരോപിച്ചു. മനീഷ് സിസോദിയ 2023 ഫെബ്രുവരിയിലും, അരവിന്ദ് കെജ്രിവാള്‍ 2024 മാര്‍ച്ചിലും അറസ്റ്റിലായി. ഒരു വിചാരണയ്ക്ക് പോലും ആവശ്യമുള്ള തെളിവുകള്‍ ഏജന്‍സികളുടെ പക്കലില്ലെന്ന് കോടതി ഇപ്പോള്‍ വിധിച്ചു. സിബിഐയുടെയും ഇഡിയുടെയും വാദങ്ങളില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച റൗസ് അവന്യൂ കോടതി, മതിയായ തെളിവുകളില്ലാതെയാണ് പ്രോസിക്യൂഷന്‍ നീങ്ങിയതെന്ന് രൂക്ഷമായി വിമര്‍ശിച്ചു.
ഏകദേശം 600 പേജുകള്‍ വരുന്ന വിധിന്യായത്തില്‍ അന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ കോടതി അക്കമിട്ടു നിരത്തി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ പോലും തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. സൗത്ത് ഗ്രൂപ്പും എഎപി നേതാക്കളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിആര്‍എസ് നേതാവ് കെ. കവിതയെയും കോടതി വെറുതെ വിട്ടു.
