'പോറ്റിയെ കേറ്റിയേ...' ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര്‍ വി ബാബു

'പോറ്റിയെ കേറ്റിയേ...' ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി

Update: 2025-12-18 04:12 GMT

കൊച്ചി: 'പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. ഈ പാട്ട് ജനങ്ങളെ സ്വാധീനിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് 'സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സി.പി.എം തിരിയുന്നതെന്നും ആര്‍.വി. ബാബു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

'ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിര്‍ക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരന്‍ എഴുതിയ പാട്ടായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്.

ഈ ഗവണ്‍മെന്റിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ കൃത്യമായി വരച്ചുകാട്ടുന്ന ഒരു പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല.

ഡി.വൈ.എഫ്.ഐ നേതാവ് വി.കെ. സനോജ് പറയുന്നത് ആ പാട്ട് മതപരമാണെന്നാണ്. മതപരമായ എന്താണ് ആ പാട്ടിനകത്തുള്ളത് മതപരമാണെങ്കില്‍ അത് ആരെയാണ് വ്രണപ്പെടുത്തുന്നത് അങ്ങനെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യത്തില്‍ സനോജും സി.പി.എമ്മും ഇതുവരെ എടുത്ത നിലപാട് എന്തായിരുന്നു ശബരിമലയുടെ വിഷയത്തില്‍ പോലും വിശ്വാസികളുടെ വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു

വിശ്വാസികളെ വ്രണപ്പെടുത്തുന്ന പാട്ടിനെതിരെ പരാതി കൊടുക്കുമെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു അബ്രഹാമിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. അത് വായിച്ചപ്പോള്‍ ചിരിയാണ് തോന്നിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കന്മാര്‍ വിശ്വാസികളെ പറഞ്ഞ അസഭ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കയ്യും കണക്കുമുണ്ടോ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത് എസ്എഫ്‌ഐ അടങ്ങുന്ന ഇവരുടെ കാളികൂളി സംഘങ്ങളൊക്കെ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും എം സ്വരാജിനെതിരെ ഉന്നയിച്ച ആരോപണമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശ്രീമതി ടീച്ചറുടെയും പിണറായി വിജയന്റെയും പ്രസ്താവനകള്‍ ഒക്കെ വിശ്വാസികളെ ഏതൊക്കെ തരത്തില്‍ വ്രണപ്പെടുത്തിയതാ

ഹൈന്ദവ സമൂഹം ആരാധിക്കുന്ന സരസ്വതിദേവി, പാര്‍വതി ദേവി, ലക്ഷ്മീദേവി എന്നിവരുടെ നഗ്‌നചിത്രം വരച്ച് ആക്ഷേപിച്ച എം.എഫ് ഹുസൈനെ രവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്. എന്തിനു വേണ്ടിയിട്ടായിരുന്നു ക്ഷേത്രങ്ങളില്‍ അടക്കം നഗ്‌നചിത്രങ്ങള്‍ ഒരുപാടുണ്ട്. അതിനോടൊന്നും നമുക്ക് എതിര്‍പ്പില്ല. പക്ഷേ സരസ്വതിയുടെ ചിത്രം നഗ്‌നമായിട്ട് എവിടെയെങ്കിലും കാണിക്കാമോ ലക്ഷ്മിയുടെ ചിത്രം നഗ്‌നമായിട്ട് എവിടെയെങ്കിലും കാണിക്കാമോ അതിനടിയില്‍ ലക്ഷ്മി എന്ന് എഴുതി വെച്ചതായിട്ട് കാണിക്കാമോ പക്ഷേ ഇവിടെ അങ്ങനെ സരസ്വതിയുടെയും ലക്ഷ്മിയുടെയും ചിത്രം വരച്ചു വെച്ച് അതിനടിയില്‍ പാര്‍വതിദേവി, ലക്ഷ്മീദേവി, സരസ്വതിദേവി, സീതാദേവി എന്നൊക്കെ എഴുതിയ ആള്‍ക്ക് അവാര്‍ഡ് കൊടുത്ത പാര്‍ട്ടി പറയുകയാണ് 'ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്, ഞങ്ങള്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യും' എന്ന്. ഇത് ആരെ പറ്റിക്കാനാണ്' -ആര്‍.വി. ബാബു ചോദിച്ചു.

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. എഫ്ഐആര്‍ പ്രകാരം ജി.പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്ഐആറിലുണ്ട്. അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുക.

Tags:    

Similar News