രണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണം
പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് പേവിഷബാധയാല്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. അഞ്ച് മാസത്തിനിടെ 15ഓളം പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. തെരുവുനായ ശല്യം രൂക്ഷമാകുന്നതാണ് പേവിഷബാധ വര്‍ധിക്കാനും കാരണമാകുന്നത്. തെരുവുനായ നിയന്ത്രണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വലിയ പരാജയമായി മാറിയിട്ടുണ്ട്. ഇതിനിടെ വാക്‌സിനെടുത്തിട്ടും മരിച്ചവരുണ്ട്. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ് വയോധികനും മരിച്ചിരുന്നു. പനിക്ക് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതിന് പിന്നാലെ പേവിഷബാധയാണെന്ന് സ്ഥിരീകരിച്ച വയോധികനാണ് മരിച്ചത്. തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ശങ്കരമംഗലത്ത് ഗോപിനാഥന്‍ നായര്‍ (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച രണ്ടിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.
തിരുവല്ല വലിയ അമ്പലത്തിനു സമീപം കപ്പലണ്ടി കച്ചവടമായിരുന്നു തൊഴില്‍. രണ്ടാഴ്ച മുമ്പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റി പടിക്ക് സമീപത്തുവെച്ച് നായുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്താണ് നഖം കൊണ്ടത്. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആദ്യം ഇരമല്ലിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ പനിക്കുള്ള മരുന്ന് മാത്രമാണ് നല്‍കിയത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പേവിഷബാധ കണ്ടെത്തിയിരുന്നില്ല. പിന്നീട് ആരോഗ്യനില മോശമായതോടെ തിരുവല്ല മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിച്ച് നടത്തിയ ശ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ശാന്തമ്മ. മൂത്തമകള്‍ രഞ്ജിനി ഗോപി അംഗപരിമിതയാണ്. ഇളയമകള്‍ റെന്‍ജു ഗോപി ജര്‍മനിയില്‍ നഴ്‌സാണ്. സംസ്‌കാരം പിന്നീട്.
സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മരിച്ചത് 15പേരാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ മരിച്ചത് ഏഴുപേരായിരുന്നു. 2030ഓടെ രാജ്യം പേവിഷ മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് കേരളത്തിലെ സ്ഥിതി. വാക്സിനെടുത്താല്‍ പൂര്‍ണമായി പ്രതിരോധിക്കാമെങ്കിലും യഥാസമയം ചികിത്സതേടാതെ നിസാരവത്കരിക്കുന്നതാണ് മരണത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. മാസങ്ങള്‍ക്കുശേഷം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് ആശുപത്രിയിലെത്തുന്നത്.
അപ്പോഴേക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും. അതേസമയം, ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ വീഴ്ചയും കാരണമായി ചൂണ്ടിക്കാട്ടുന്നു. തെരുവുനായ്ക്കളുടെ വാക്‌സിനേഷനും വന്ധ്യംകരണവും പാളുന്നതാണ് പ്രധാന കാരണം. പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നുണ്ട്. എന്നാല്‍, ഉടന്‍ ചികിത്സതേടണമെന്ന അവബോധമില്ലാത്തവര്‍ വര്‍ദ്ധിക്കുന്നു. തെരുവുനായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കള്‍ക്കുമുള്‍പ്പെടെ ഒരു പ്രദേശത്തെ 70ശതമാനം നായ്ക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയാല്‍ പേവിഷബാധ നിര്‍മ്മാര്‍ജനം ചെയ്യാനാകുമെന്നാണ് പഠനങ്ങള്‍.
നായ്ക്കളുടെ വന്ധ്യംകരണകേന്ദ്രങ്ങള്‍ തീരെ കുറവാണ്. കോര്‍പ്പറേഷനുകളില്‍ ആറ്,152 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 76 എന്നിങ്ങനെ ആകെ 82 വന്ധ്യംകരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് വേണ്ടത്. എന്നാല്‍, നിലവിലുള്ളത് 18 എണ്ണം മാത്രം. പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഇവയില്ല. കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പേരിനെങ്കിലുമുള്ളത്.