ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് കൊല്ലപ്പെട്ട രാധയുടെ കുടുംബം; നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍; മധുരം വിളമ്പി ആഹ്ലാദപ്രകടനം

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി;

Update: 2025-01-27 04:41 GMT

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലി നിവാസികള്‍. സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

സന്തോഷം തോന്നിയ വാര്‍ത്തയാണ്. ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, രാധയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വനമന്ത്രി എകെ ശശീന്ദ്രന്‍ രാധയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വനമന്ത്രിയുടെ സന്ദര്‍ശനസമയഹത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയര്‍ന്നത് കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകര്‍ക്കും പോലീസിനും വിവരം പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും വനമന്ത്രിയടക്കമുള്ള എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ പിലാക്കാട് സ്വദേശിയായ റിജോയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കടുവ ചത്തതിന്റെ സന്തോഷത്തിലാണ് പ്രദേശത്തുള്ളവരും. വീടിനോട് ചേര്‍ന്നുളള വനമേഖലയില്‍ നിന്ന് മുന്‍പ് ആനയുടെയും കാട്ടുപോത്തിന്റെയും ശല്യം ഉണ്ടായിട്ടുണ്ട്. വനത്തില്‍ നിന്ന് ആദ്യമായാണ് കടുവ പുറത്തേയ്ക്ക് വരുന്നത്. പുലര്‍ച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീടിനടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു. കടുവയുടെ വീഡിയോ എടുക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ വനം വകുപ്പിനോട് പൂര്‍ണമായും സഹകരിച്ചു. കുറച്ച് നാളായി ഉണ്ടായിരുന്ന ഭീതി ഒഴിഞ്ഞിരിക്കുകയാണ്'- റിജോ പറഞ്ഞു.

നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തിലാണ് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍. ചിലര്‍ സന്തോഷ സുചകമായി നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മധുരം കൊടുക്കയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കടുവയെ പിന്തുടര്‍ന്ന് പോകുന്നതിനിടെയാണ് ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ ആഴമേറിയ പഴക്കമുളള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചത്തത് ഏഴ് വയസുളള പെണ്‍കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി കടുവയെ കുപ്പാടിയിലെ വൈല്‍ഡ് ലൈഫിന്റെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. ഇനി സമാധാനമായി ഉറങ്ങാമെന്നും ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് അറുതിയായെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ മറ്റ് സ്ഥലങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്ന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ദൗത്യം തുടരുമെന്ന് വനമന്ത്രി അറിയിച്ചു.

Tags:    

Similar News