ശബരിമല അയ്യപ്പനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: 'മെറ്റ'യെ പഴി പറഞ്ഞ് ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ കേസില്‍ നിന്ന് ഊരാനുള്ള പോലീസിന്റെ നീക്കം പാളി; പുനരന്വേഷണം പ്രഖ്യാപിച്ച് കോടതി; ആക്ടിവിസ്റ്റുകളെ സജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിച്ചെന്ന് പരാതിക്കാരന്‍ രാധാകൃഷ്ണ മേനോന്‍

ശബരിമല അയ്യപ്പനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: 'മെറ്റ'യെ പഴി പറഞ്ഞ് ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ കേസില്‍ നിന്ന് ഊരാനുള്ള പോലീസിന്റെ നീക്കം പാളി

Update: 2025-08-20 03:59 GMT

പത്തനംതിട്ട: ശബരിമല വിശ്വാസങ്ങളെ ആക്ഷേപിച്ചു കൊണ്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരേ എടുത്ത കേസ് മെറ്റയെ പഴി ചാരി നൈസായി എഴുതി തളളാനുളള പോലീസ് നീക്കത്തിന് കോടതിയില്‍ നിന്ന് തിരിച്ചടി. കേസില്‍ തുടര്‍നട പടികള്‍ നിര്‍ത്തിവച്ച പൊലീസ് നടപടിയെ രൂക്ഷമായി പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിമര്‍ശിച്ചു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച കോടതി എത്രയും വേഗം പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കി.

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയ്യപ്പനെ അധിക്ഷേപിക്കുന്ന തരത്തില്‍ രഹന ഫാത്തിമ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചെന്ന കേസിലാണു പൊലീസ് തുടര്‍ നടപടികള്‍ നിര്‍ത്തി വച്ചത്. പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി ബിജെപി നേതാവ് ബി. രാധാകൃഷ്ണമേനോന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹമാധ്യമ കമ്പനിയായ മെറ്റയില്‍ നിന്നു ലഭിച്ചില്ലെന്നു കാട്ടി പൊലീസ് അന്വേഷണം നിര്‍ത്തി വച്ചു. ഇതിനെതിരെയാണു രാധാകൃഷ്ണന്‍ കോടതിയില്‍ പോയത്. കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പൂര്‍ണരൂപം ഇന്നലെയാണു രാധാകൃഷ്ണനു ലഭിച്ചത്. ഇതിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

എത്രയും വേഗം മെറ്റയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്നു തെളിഞ്ഞിട്ടും പൊലീസ് നടപടികള്‍ സ്വീകരിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ആറര വര്‍ഷത്തോളം കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണം വലിച്ചു നീട്ടിയെന്നും കേസ് റദ്ദാക്കാന്‍ പ്രതി ഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചെന്നും പൊലീസിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു.

കോടതി വിധി ആക്ടിവിസ്റ്റുകളെ സജീവമാക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കും രഹനാ ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കാനുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കത്തിനും ഏറ്റ കനത്ത തിരിച്ചടിയാണെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

Tags:    

Similar News