രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് തേടി; നടിയെ ആക്ഷേപിച്ചില്ല, വസ്ത്രധാരണ രീതിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍

രാഹുല്‍ ഈശ്വറിന് തിരിച്ചടി

Update: 2025-01-13 14:39 GMT

കൊച്ചി: നടി ഹണി റോസിനെ മോശം പരാമര്‍ശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാന്‍ നേതൃത്വം നല്‍കുന്നുവെന്നുമുള്ള പരാതിക്കു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തില്‍ പൊലീസിന്റെ നിലപാട് തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. അതേ സമയം ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞ രാഹുല്‍ ഈശ്വര്‍, തനിക്കും തന്റെ കുടുംബത്തിനും കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഹണി റോസ് പ്രതികരിച്ചിരുന്നു. തന്റെ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുല്‍ ഈശ്വര്‍ സൈബര്‍ ഇടത്തില്‍ ആസൂത്രണം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, മാധ്യമ ചര്‍ച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂര്‍ സ്വദേശിയും എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബോബി ചെമ്മണൂര്‍ പ്രതിയായ കേസില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പൊലീസിന്റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. താന്‍ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് അവരുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അത് ഭരണഘടനാപരമായി തനിക്കുള്ള അവകാശമാണ്. ബോബി ചെമ്മണൂര്‍ ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ ബോബി ചെമ്മണൂര്‍ ഹണി റോസിനോട് മാപ്പു പറയണമെന്നാണ് താന്‍ പറഞ്ഞത്.

രാജ്യാന്തര തലത്തിലടക്കം ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ആളാണ് താന്‍. ഇത്തരമൊരു വിഷയമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ തന്നോട് അഭിപ്രായം തേടുന്നത് സ്വാഭാവികമാണ്. അവിടെ തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അത് ഹണി റോസിനെ ഒരു വിധത്തിലും ആക്ഷേപിച്ചു കൊണ്ടല്ല. മറിച്ച് വസ്ത്രധാരണ രീതിയെ കുറിച്ച് പറഞ്ഞ് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. ഹണി റോസിനെതിരെ സൈബര്‍ ആക്രമണത്തിന് താന്‍ ആഹ്വാനം ചെയ്തിട്ടില്ല, ആരേയും പ്രേരിപ്പിച്ചിട്ടുമില്ല. മാത്രമല്ല, അത്തരം സൈബര്‍ ആക്രമണങ്ങള്‍ ശരിയല്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി. എന്നാല്‍ രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായത് കൊണ്ട് തന്നെ രാഹുല്‍ ഈശ്വറിന്റെ ആവശ്യം തള്ളണമെന്ന നിലപാടായിരിക്കാം പൊലീസ് സ്വീകരിക്കുക. രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നതായി ശനിയാഴ്ചയാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെയാണ് രണ്ടാമത്തെ പരാതി ലഭിച്ചത്. ചാനല്‍ ചര്‍ച്ചകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഹണി റോസിനെ രാഹുല്‍ അപമാനിക്കുന്നുവെന്നാണ് സലിമിന്റെ പരാതിയിലുള്ളത്. സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തയാളെന്ന നിലയില്‍ സലിമിന്റെ പരാതി പൊലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ല.

Tags:    

Similar News