'ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി; ആരോപണങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ശ്രമമെന്ന് രാഹുല്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി
'ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി
തിരുവനന്തപുരം: ലൈംഗികപീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം കഴിഞ്ഞു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേള്‍ക്കുന്നത്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസിനു പിന്നില്‍ സിപിഎംബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഹുല്‍ വാദിച്ചു. കേസില്‍ വിധി പറയാന്‍ മാറ്റി. വാദം കേട്ട ശേഷം ഒരു രേഖകൂടി ഹാജറാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
രാഹുലിന് ഏറെ നിര്‍ണായകമാണ് കേസ്. കോടതിയില്‍നിന്ന് നടപടിയുണ്ടാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും, എംഎല്‍എ സ്ഥാനം നഷ്ടമാകും. യുവതി പരാതി നല്‍കി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. രാഹുല്‍ ബെംഗളൂരുവില്‍ ഒളിവിലുണ്ടെന്നാണ് പൊലീസ് പറയുന്നു. യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറയുന്നു. സ്വമേധയാ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
ഗര്‍ഭധാരണത്തിനു നിര്‍ബന്ധിച്ചുവെന്നും പിന്നീട് അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജെഎഫ്‌സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ച് രണ്ടു തവണയും പിന്നീട് പാലക്കാടു വച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
ബലാത്സംഗദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
