രാഹുല്‍ മാങ്കൂട്ടത്തിലിനായി പരക്കം പാഞ്ഞ് പോലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയച്ചില്ല; അന്വേഷണവുമായി സഹകരിച്ചിട്ടും അന്യായ തടങ്കലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി; ഇരുവരും എവിടെയെന്ന് അറിയില്ലെന്ന് കുടുംബവും സുഹൃത്തുക്കളും

രാഹുല്‍ മാങ്കൂട്ടത്തിലിനായി പരക്കം പാഞ്ഞ് പോലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയച്ചില്ല;

Update: 2025-12-05 12:06 GMT

പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയാകുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി പരക്കംപാഞ്ഞ് പ്രത്യേക അന്വേഷണ സംഘം. എത്രയും വേഗം രാഹുലിനെ കണ്ടെത്തണം എന്ന ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുലിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും അടക്കം പരിശോധനകള്‍ ശക്തമായി നടക്കുന്നുണ്ട്. ഇടക്കിടെ രാഹുലിന്റെ ഫോണ്‍ ഓണ്‍ ആകുകയും ചെയ്യുന്നു. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനാണോ എന്ന സംശയവും ശക്തമാണ്.

ഇതിനിടെ അന്വേഷമത്തിന്റെ പേരില്‍ രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫുകളെ കസ്റ്റഡിയില്‍ എടുത്തു പോലീസ് ചോദ്യം ചെയ്തിരുന്നു. എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് ആല്‍വിന്‍, ഡ്രൈവര്‍ ഫസല്‍ എന്നിവരെയാണ് പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തു. എംഎല്‍എ ഓഫീസിലെ ജീവനക്കാരനാണ് ആല്‍വിന്‍. ഇരുവരേയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇവരാണെന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പേരില്‍ കേസ് ചുമത്തിയിരുന്നില്ല.

ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇരുവരും എവിടെയാണെന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ല. ഇതോടെ ആശങ്കയിലായ സുഹൃത്തുക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവര്‍ എവിടയാണെന്ന് അറിയില്ല. ഇതോടയാണ് ഇവരെ തടങ്കലില്‍ വെച്ചിരിക്കുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. അഡ്വ. ശേഖര്‍ ജി തമ്പി മുഖേനയാണ് പരാതി നല്‍കിയത്.


 



രാഹുലിന്റെ ഡ്രൈവറായ ഫസലിനെ ഇന്നലെ ഉച്ചകഴിഞ്ഞ് 2:30 നാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ ഫസല്‍ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. എന്നിട്ടും ഫസലിനെ എവിടെയാണെന്നോ തടങ്കലില്‍ വെച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചോ കുടുംബത്തിന് യാതൊരു വിവരവും നല്‍കാതെ 24 മണിക്കൂറിലധികം സമയം ഇപ്പോള്‍ പിന്നിട്ടിരിക്കുകയുമാണ്. രാഹുല്‍ കേസില്‍ പ്രതിയായതിന്റെ പേരില്‍ പ്രതികളുടെ ബന്ധുക്കളെയോ കൂട്ടാളികളെയോ നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്ന് പരാതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം നടപടികള്‍ ന്യായമോ നിയമപരമോ അല്ല, ഇത് ശ്രീ. ഫസലിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. കേസില്‍ ഫസല്‍ ഒരു പ്രതിയല്ല, ആരോപിക്കപ്പെടുന്ന സംഭവത്തിലോ കേസിലെ വസ്തുതകളിലോ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അദ്ദേഹത്തെ വിവരങ്ങളൊന്നും അറിയിക്കാതെ തടങ്കലില്‍ വെക്കാനുള്ള എസ്.ഐ.ടി.യുടെ നടപടി നിയമവിരുദ്ധമായ കസ്റ്റഡിക്ക് തുല്യമാണ്.

ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഡിജിപിയുടെ ഓഫീസ് ഉടന്‍ ഇടപെടുകയും ഫസല്‍ അബ്ബാസിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും എത്രയും വേഗം കുടുംബത്തെ അറിയിക്കുകയും ചെയ്യണെന്നാണ് അഭിഭാഷകന്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ചുണ്ടിക്കാട്ടുന്നത്.


 



രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സ്റ്റാഫ് അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. ബലാത്സംഗം, നിര്‍ബന്ധിതവും അശാസ്ത്രീയവുമായ ഗര്‍ഭഛിദ്രം കേസുകളില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

അതിനിടെ ഫോണ്‍ ഓണ്‍ ചെയ്തത് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള നീക്കമാണെന്ന വിലയിരുത്തലും എസ്‌ഐടിക്കുണ്ട്. രാഹുല്‍ കഴിയുന്ന ഒളിയിടത്തില്‍ ആവില്ല ഓണായ ഫോണ്‍ എന്നാണു വിലയിരുത്തല്‍. സഹായികളുടെ ആരുടെയെങ്കിലും പക്കല്‍ ഫോണ്‍ നല്‍കിയ ശേഷമാകാം ഒളിത്താവളങ്ങള്‍ മാറി രാഹുല്‍ കാണാമറയത്ത് ഇരിക്കുന്നതെന്നും പൊലീസ് കരുതുന്നു. ഹൈക്കോടതിയില്‍നിന്ന് ജാമ്യഹര്‍ജിയില്‍ തീരുമാനം ആകും വരെ ഒളിവില്‍ കഴിയാനുള്ള നീക്കത്തിലാണ് രാഹുല്‍ എന്നും സൂചനയുണ്ട്.

ഫോണ്‍ ഓണായപ്പോള്‍ കര്‍ണാടകയിലെ തെക്കന്‍ ജില്ലായായ ദക്ഷിണ കന്നഡയിലെ സുളള്യയിലാണ് അവസാന ലൊക്കേഷന്‍ കാണിച്ചത്. പൊലീസ് സംഘം അരിച്ചുപെറുക്കിയിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ മുതിര്‍ന്ന അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ ഉള്ളതെന്നു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവിടേക്കു പാഞ്ഞെങ്കിലും പൊലീസില്‍ എത്തും മുന്‍പു തന്നെ രാഹുല്‍ ഒളിത്താവളം വിട്ടിരുന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസില്‍നിന്നു മാത്രമല്ല മറ്റു ചില പാര്‍ട്ടികളില്‍ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെയും സഹായം രാഹുലിന് കിട്ടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Tags:    

Similar News