രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്‍ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയും

രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയും

Update: 2025-08-23 11:51 GMT

തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുളള സമ്മര്‍ദ്ദം മുറുകിയിരിക്കെ, തന്റെ ഭാഗം വിശദീകരിക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിലക്കി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. രാഹുല്‍ അവസാനനിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍മൂലമാണ്. എം.എല്‍.എ സ്ഥാനം രാജി വക്കുന്നതാണ് നല്ലതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തോടൊപ്പം രമേശ് ചെന്നിത്തല കൂടി ചേര്‍ന്നതോടെ വാര്‍ത്താ സമ്മേളനം ഒഴിവാക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

ഇപ്പോള്‍ നടക്കുന്ന വിഷയങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് യഥാസമയം കൃത്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനുശേഷമാണ് ഷാഫി പറമ്പില്‍ രാഹുലിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് രംഗത്തു വന്നത്്. ഇതും വി.ഡി സതീശനെ പ്രകോപിപ്പിച്ചു. ഇതിനിടയിലാണ് താന്‍ എം.എല്‍.എ സ്ഥാനം ഒഴിയില്ലെന്ന സൂചന രാഹുല്‍ അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചത്.

എം.എല്‍.എ സ്ഥാനം രാജി വക്കില്ലെന്നും തനിക്കെതിരെ ഒരു പരാതി പോലും നിലവില്ലെന്നും പറയാനാണ് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിക്കാനൊരുങ്ങിയത്. പാര്‍ട്ടി എന്തുപറഞ്ഞാലും താന്‍ അനുസരിക്കുമെന്നു പറയാനും രാഹുല്‍ കരുതിയിരുന്നു. എന്നാല്‍, തല്‍ക്കാലം വീണ്ടുമൊരു വാര്‍ത്താസമ്മേളനം കൂടി വിളിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ രാഹുല്‍ പിന്‍മാറുകയായിരുന്നു. സ്വന്തം വീട്ടില്‍ വിവിധ മാധ്യമങ്ങളെ വിളിച്ചുവരുത്തിയ ശേഷമാണ് രാഹുല്‍ പിന്‍മാറുന്നത്.

രാഹുല്‍ എം.എല്‍.എ സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ദീപദാസ് മുന്‍ഷി പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല. പിന്നെ എന്താണ് അന്വേഷിക്കേണ്ടത്. രാഹുലിനെ പുറത്താക്കിയതല്ല. രാഹുല്‍ രാജി വച്ചതാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ രാഹുലിനെതിരെ ഹൈക്കമാന്‍ഡിനും പരാതി ലഭിച്ചു. എല്‍.എ.എയായ ശേഷമുള്ള വളര്‍ച്ചയില്‍ ദുരൂഹതയെന്ന് ആരോപണം. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ഷാഫി പറമ്പിലും രാഹുലുമായുള്ള ഇടപാടുകള്‍ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണു പരാതി നല്‍കിയത്.

അതേസമയം, നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ്. സ്ത്രീവിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്ന് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാട് തുടരുകയാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനപ്പുറമുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ വീണ്ടും രാഹുലിനെ സംരക്ഷിക്കാനിറങ്ങി.

ധാര്‍മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിനുള്ളില്‍ കയറിയ രാഹുല്‍ പിന്നീട് പൊതുമധ്യത്തിലേക്കിറിങ്ങിയിട്ടില്ല. എല്ലാം കെട്ടടങ്ങുമെന്ന് രാഹുലും കൂട്ടരും പ്രതീക്ഷിക്കുമ്പോള്‍ പരാതികള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയടക്കം പുറത്തുവരികയും ജനങ്ങള്‍ക്കിടയില്‍ സംസാരമാകുകയും ചെയ്തതോടെ രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശനിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. എന്നാല്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവെച്ചാല്‍ കടുത്ത നിലപാടെടുത്തെന്ന നേട്ടവും പാര്‍ട്ടിക്കുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ട് രാജിവയ്പ്പിക്കുമെന്ന സൂചന പ്രതിപക്ഷനേതാവ് പരസ്യമായി പ്രഖ്യാപിച്ചു.

അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് രാഹുലിന്റെ മൊഴിയുമെടുത്ത് നടപടി പൂര്‍ത്തിയാക്കി നിയമസഭ സമ്മേളനം തുടങ്ങുന്ന സെപ്തംബര്‍ 15നകം രാജിയെന്നതാണ് സതീശന്റെ ആലോചന. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചതായും സൂചനയുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ഇതേ നിലപാടാണ്. സതീശന്റെ നിലപാട് പുറത്ത് വന്ന് അരമണിക്കൂര്‍ കഴിഞ്ഞതോടെ രാജിവെക്കില്ലെന്നും അങ്ങിനെ ഒരു ആലോചന പോലുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന രാഹുലിന്റെ രാഷ്ട്രീയഗുരു ഷാഫിയും പിന്നാലെ രാഹുലിനെ പ്രതിരോധിക്കാനെത്തി.ബിഹാറിലേക്ക് മുങ്ങിയതല്ലെന്നും രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കാന്‍ പോയതാണന്നും വിശദീകരിച്ച ഷാഫി രാഹുലിനെതിരായ പ്രതിഷേധം രാഷ്ട്രീയമെന്ന് വാദിക്കാനും ശ്രമിച്ചു.

Tags:    

Similar News