'വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു; മാനനഷ്ടം ഉണ്ടാക്കിയതിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; 'എണ്ണിക്കൊണ്ട് ഇരിക്കുന്നു, കോടികള്‍ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍' എന്നു പരിഹസിച്ചു പോസ്റ്റിട്ടു ഷഹനാസിന്റെ മറുപടി

'വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു; മാനനഷ്ടം ഉണ്ടാക്കിയതിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം'

Update: 2026-02-08 10:44 GMT

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് രാഹുല്‍ നോട്ടീസ് അയച്ചത്. ഷഹനാസിന്റെ പരാമര്‍ശങ്ങള്‍ തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും രാഹുല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഫെബ്രുവരി മൂന്നിനാണ് ഷഹനാസ് വാര്‍ത്താ സമ്മേളനം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഷഹനാസ് ഉന്നയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം പണം നല്‍കിയാണ് നടത്തിയതെന്നും ഷഹനാസ് ആരോപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിമുഖം വന്നതിനു പിന്നാലെയായിരുന്നു ഷഹനാസിന്റെ വാര്‍ത്താ സമ്മേളനം.

രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്നും കോഴിയാണെന്ന് പണ്ടേ അറിയാമെന്നുമായിരുന്നു ഷഹനാസ് പറഞ്ഞത്. രാഹുലിനെ പരസ്യ സംവാദത്തിനും ഷഹനാസ് വെല്ലുവിളിച്ചിരുന്നു. 'ചാനലിന് പണം നല്‍കിയാണ് ഇന്റര്‍വ്യൂ നല്‍കിയത്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറേ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്,' എം.എ. ഷഹനാസ് പറഞ്ഞു.

ഷഹനാസിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഷഹനാസിനെതിരെ കേസെടുക്കണമെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്.

രാഹുല്‍ വക്കീല്‍ നോട്ടീസ് അയച്ചതിനെ പരിഹസിച്ചു കൊണ്ടാണ് ഷഹനാസ് രംഗത്തുവന്നത്. കോഴിക്കോട് ബീച്ചില്‍ നിന്നുള്ള വിഡിയോയുമായി എംഎ ഷഹനാസ് രംഗത്ത് എത്തി. 'എണ്ണിക്കൊണ്ട് ഇരിക്കുന്നു കോടികള്‍ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍' എന്ന് പറഞ്ഞ് കുമിള പറത്തുന്ന വിഡിയോ ആണ് ഷഹനാസ് പങ്കുവച്ചിരിക്കുന്നത്. വ്യാജകാര്‍ഡ് ആയിട്ട് വന്നപ്പോള്‍ തുടങ്ങിയ പെര്‍ഫോമന്‍സ് ആയിരുന്നു, എന്നിട്ട് ഇപ്പോഴെന്തായി ശവനായി പവനായി എന്നും ഷഹനാസ് പറയുന്നു.


Full View

ഷഹനാസിന്റെ കുറിപ്പ്:

എണ്ണിക്കൊണ്ട് ഇരിക്കുന്നു കോടികള്‍ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍. ഇന്നലെ നീ ആരായിരുന്നു...? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാള്‍ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാര്‍ഡ് ആയിട്ട് വന്നപ്പോള്‍ തുടങ്ങിയ പെര്‍ഫോമന്‍സ് ആയിരുന്നു... എന്നിട്ട് ഇപ്പോഴെന്തായി ശവനായി പവനായി കോഴിക്കോട് ബീച്ചില്‍ തന്നെ ഉണ്ട്.

Tags:    

Similar News